റബ്ബര്‍ തടിയിലെ പ്രവര്‍ത്തനം

Stem of a Rubber Tree

അക്കാഡമിക്‌ അറിവുകളില്ലാത്ത ഒരു കര്‍ഷകന്‍ അവതരിപ്പിക്കുന്നതിലെ തെറ്റും ശരിയും പറഞ്ഞു തരേണ്ടവര്‍ നിശബ്ദരാകുന്നത്‌ വേദനാജനകം തന്നെയാണ്. എന്നിരുന്നാലും എനിക്ക്‌ കണ്ടെത്തുവാന്‍ കഴിയുന്നവ മറ്റുള്ളവര്‍ക്ക്‌ പ്രയോജനപ്രദമാകുമെങ്കില്‍ ഞാന്‍ ധന്യനായി. മറ്റ്‌ പോസ്റ്റുകളില്‍ പറയുന്ന കാര്യങ്ങള്‍ ഇവിടെ ചിത്രരൂപത്തില്‍‌ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ അറിയാമെന്നുള്ളത്‌ ചുവടെ ചേര്‍ക്കുന്നു.

മണ്ണിലെ ജലവും മൂലകങ്ങളും വേരുകള്‍ വലിച്ചെടുത്ത്‌ തായ്‌ത്തടിയിലെ സൈലം എന്ന ഭാഗത്തുകൂടി തടിയെ വളരുവാന്‍ സഹായിച്ചുകൊണ്ട്‌ ഇലയില്‍ എത്തുന്നു. സൈലത്തില്‍ നിന്ന്‌ നിര്‍ജീവകോശങ്ങള്‍ ഉണ്ടായി ബലമുള്ള കാതല്‍ എന്നഭാഗം തടിയുടെ മധ്യഭാഗത്തായി വളരുകയും ചെയ്യും. ഇലകളെ വളരുവാന്‍ സഹായിക്കുന്നത്‌ നൈട്രജന്‍ ആണ്. ഇലയിലെത്തുന്ന ജലത്തിലെ ഓക്സിജനും ഹൈഡ്രജനും അന്തരീക്ഷത്തില്‍ നിന്ന്‌ വലിച്ചെടുക്കുന്ന കര്‍ബണ്‍ ഡൈ ഓക്സൈഡിലെ കാര്‍ബണും കലര്‍ന്ന്‌ സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ഇലയിലെ പച്ച നിറമുള്ള ഭാഗത്തു വെച്ച്‌ ആഹാരം പാകം ചെയ്യുകയും അന്നജം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.  ഇലയ്ക്ക്‌ പച്ച നിറം കൊടുക്കുന്ന ഹരിതകത്തിലെ ലോഹ മൂലകം മഗ്നീഷ്യം ആണ്.  മഗ്നീഷ്യം എന്നത്‌ ഫോസ്‌ഫറസിന്റെ വാഹകനാണ്. ഈ മഗ്നീഷ്യം മറത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. പൂക്കുവാനും വേരുകളുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ ഫോസ്‌ഫറസ്‌ വിനിയോഗിക്കപ്പെടുന്നു.

തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്നത് വളരെ ലോലമായ ഭവകല അല്ലെങ്കില്‍ തണ്ണിപ്പട്ടയാണ്. ഇലയില്‍ ഉത്പാദിപ്പിക്കുന്ന അന്നജം ഭവകലയ്ക്ക്‌ മുകളിലുള്ള പ്ലോയം എന്ന ഭാഗത്തുകൂടി പട്ടയെ വളരുവാന്‍ സഹായിച്ചുകൊണ്ട്‌ വേരിലെത്തുകയും വേരുകളെ വളര്‍ത്തുകയും ചെയ്യുന്നു. ശേഷിക്കുന്ന ഘടകങ്ങല്‍ പ്ലോയത്തിന് പുറമേകൂടി ഇലയിലേയ്ക്ക്‌ സഞ്ചരിക്കുന്നു. ഈ ഭാഗത്താണ്  ഏറ്റവും കൂടുതല്‍ പാല്‍ക്കുഴലുകള്‍ കാണപ്പെടുന്നത്‌.  ദൃഢപ്പട്ട ഇതില്‍ നിന്ന്‌ വിഭജിച്ച്‌ പുറമെ രൂപപ്പെടുകയും മരത്തിന് ചുറ്റിലും നിര്‍ജീവ കോശനിര്‍മിതമായ മൊരി ഉണ്ടാകുകയും ചെയ്യുന്നു. മൊരിയിലെ അതി സൂഷ്മങ്ങളായ സുഷിരങ്ങളിലൂടെ പ്രകാശ സംശ്ലേഷണം നടക്കുകയും കറയ്ക്ക്‌ കട്ടികൂടുകയും തായ്‌ തടിയില്‍ സംഭരിക്കുകയും ചെയ്യുന്നു. അതിനാല്‍ മൊരി ചുരണ്ടിനോക്കിയാല്‍ പച്ച നിറം കാണുവാന്‍ കഴിയും.   അതോടൊപ്പം ദൃഢപ്പട്ടയില്‍ നിന്ന്‌ ജീവനുള്ള കോശങ്ങള്‍ ഉള്ളിലേയ്ക്ക്‌ ഒട്ടിച്ചേരുകയും ചെയ്യുന്നു.

ഇലയിലേയ്ക്ക്‌ എത്തിചേരുന്ന ഘടകങ്ങളില്‍ മഗ്നീഷ്യം കുറയുമ്പോഴാണ് മരത്തിന്റെ താഴെത്തട്ടിലുള്ള ശിഖരങ്ങളിലെ ഇലകള്‍ മഞ്ഞ നിറമാകുകയും ചിലപ്പോള്‍ ശിഖരങ്ങള്‍ ഉണങ്ങാന്‍ കാരണമാകുകയും ചെയ്യുന്നത്‌.  മണ്ണില്‍ മഗ്നീഷ്യം കുറയുന്നത്‌ മണ്ണിന്റെ അമ്ലസ്വഭാവം കൂടുമ്പോഴോ വരള്‍ച്ച ബാധിക്കുമ്പോഴോ മണ്ണില്‍ ജൈവാംശക്കൂടുതല്‍ ഉള്ളപ്പോഴോ ആണ്.

മേല്പറഞ്ഞ കാര്യങ്ങളില്‍ നിന്നും ലാറ്റക്‌സ്‌  ഇലയില്‍ നിന്ന്‌ താഴേയ്ക്കല്ല മറിച്ച്‌  വേരില്‍ നിന്ന്‌ ഇലയിലേയ്ക്കാണ് സഞ്ചരിക്കുന്നത്‌ എന്ന്‌ മനസിലാക്കാം. ടാപിംഗ്‌ ആരംഭിച്ച്‌ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ടാപ്പിംഗ്‌ ആരംഭിച്ചതിന് മുകളിലുള്ള പാല്‍പ്പട്ടയില്‍ കറയുടെ കട്ടി കൂടുതലായിരിക്കും. അതിനാല്‍ റബ്ബര്‍ ടാപ്പിംഗ്‌ മുകളില്‍ നിന്ന്‌ താഴേയ്ക്ക്‌ മാത്രമേ ചെയ്യുവാന്‍ പാടുള്ളു. ഐ.യു.റ്റി (Inclined Upward Tapping), സി.യു.റ്റി (Controlled Upward Tapping) എന്നീ ടാപ്പിംഗ്‌ രീതികളിലൂടെ തല്‍ക്കാലത്തേയ്ക്ക്‌ പാല്‍ക്കുഴലുകളിലൂടെയുള്ള “റിവേഴ്‌സ്‌ ഫ്ലോ” യിലൂടെ  ഉത്‌പാദനം ലഭിക്കുമെങ്കിലും ദീര്‍ഘനാള്‍ ലഭിക്കുകയില്ല.

“മേല്‍ വിവരിച്ചതില്‍ തെറ്റുകള്‍ ഉണ്ട്‌ എങ്കില്‍ അവ തിരുത്തുന്നതാണ്“.

 

16 പ്രതികരണങ്ങള്‍

  1. ചന്ദ്രേട്ടാ, ഇവിടെ ബ്ലോഗില്‍ കര്‍ഷകര്‍ ഇല്ലാത്തതുകൊണ്ടു മാത്രം താങ്കളുടെ പോസ്റ്റൂകള്‍ അതികം ശ്രദ്ധിക്കപെടാതെ പോകുന്നു. അല്ലായിരുന്നെങ്കില്‍, സ്വന്തമായി താങ്കള്‍ക്ക് സെര്‍വര്‍ വാങ്ങേണ്ടി വന്നേനെ!

    ഇന്നല്ലെങ്കില്‍ നാളെ, താങ്കളുടെ ലേഖനങ്ങളും, കുറിപ്പുകളും, വായി|ക്കപെടും.

  2. കുറുമാന്‍ പറഞ്ഞത് ശരിയാണ്.

    ആരും കമന്റിടുന്നില്ലെങ്കിലും ധാരാളം പേര്‍ വായിക്കുന്നുണ്ട് ഇതൊക്കെ. ഒന്നുമറിയില്ലെങ്കിലും ഞാന്‍ ഈ ബ്ലോഗിനെകുറിച്ചും പോസ്റ്റുകളേകുറിച്ചും വീട്ടില്‍ ചര്‍ച്ചചെയ്യാറുണ്ട്.

  3. കുറുമാനും, ശാലിനിയ്ക്കും നന്ദി. ചിത്രം പുതുക്കി അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്‌.

  4. ബഹുമാന്യനായ കര്‍ഷകന്‍ ചേട്ട, ചെറിയ അടുക്കളത്തൊട്ടം നിലവാരത്തിലുള്ള അറിവുകള്‍ കിട്ടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു. വനിതാലോകം മുഴുവന്‍ പച്ചമുളകും, ചീരയും, വെണ്ടയും അന്വേഷിച്ച്‌ ചേട്ടന്റെ ബ്ലൊഗുപടിക്കല്‍ കാതുനില്‍ക്കും… ചിത്രകാരനും. തങ്കളുടെ നല്ല മനസ്സിനോട്‌ ആദരവോടെ….

  5. കര്‍ഷകന്‍ ചേട്ട, തോട്ടവു കൃഷിയുമൊക്കെയുള്ളവര്‍ക്ക്‌ ചേട്ടന്‍ പറയുന്ന പല കാര്യങ്ങളും അറിവുള്ളതാകും. ഓരോ പച്ചക്കറിയും എപ്പോള്‍ തുടങ്ങണമെന്നു തുടങ്ങി.. ചേട്ടന്റെ അനുഭവസംബത്തിനെക്കുറിച്ച്‌ ചിത്രകാരന്‍ നല്ല പ്രതീക്ഷയാണുള്ളത്‌.. പ്രതികരിക്കുമല്ലോ!

  6. തീര്‍‍ച്ചയായും വായിക്കുന്നുണ്ടു്. പല നല്ല അറിവുകളും വാര്‍ത്തകളും ബ്ലോഗു സംബന്ധമായ പുതിയ അറിവുകളും ആലോചനകളും ഈ ബ്ലോഗില്‍ കൂടി ഞാനറിയുന്നു.
    ആശംസകളോടെ,
    വേണു.

  7. എല്ലാവര്‍ക്കും ഉപകരിക്കാവുന്ന ചെറിയ കാര്‍ഷിക വിജ്ഞാനങ്ങള്‍ നല്‍കുമോ

  8. chithrkaean, venu, ഷാജുദീന്‍ : നന്ദി.

  9. […] അറിവുള്ളവര്‍ പ്രതികരിക്കുക എന്ന ചന്ദ്രശേഖരന്‍ നായരുടെ പോസ്റ്റ്‌  റബ്ബര്‍ തടിയുടെ പ്രവര്‍ത്തനം ഒരു കര്‍ഷകന്റെ കാഴ്‌ചപ്പാടില്‍ അവതരിപ്പിച്ചിരിക്കുന്നു.‌ […]

  10. വളരെ നന്നായിരിക്കുന്നു. ബ്ലോഗില്‍ എഴുതിയതെല്ലം ഒരു പുസ്തകമാക്കൂ….

  11. അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും എന്റെ ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും നന്ദി. എന്റെ അറിവുകള്‍ തുറന്നെഴുതിക്കൊണ്ട്‌ 29-12-06 ല്‍ ഈ പോസ്റ്റ്‌ പുതുക്കിയ വിവരം സസന്തോഷം അറിയിക്കട്ടെ.

  12. ചന്ദ്രേട്ടാ, വളരെ ഉപകാരപ്രദമായ ലേഖനം തന്നെ. ഇത് വായിച്ചപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. താങ്കള്‍ മൊരി, ദൃഡപ്പട്ട, പാല്‍പ്പട്ട എന്നിവയേക്കുറിച്ച് വിവരിച്ചിട്ടുണ്ടല്ലോ. ഈ മൂന്നു ഭാഗങ്ങളുമല്ലേ റബ്ബര്‍ വെട്ടുമ്പോള്‍ മുറിയുന്നതും കൂടുതല്‍ പാല്‍ ഒഴുകാന്‍ സഹായിക്കുന്നതും? ഒരാള്‍ ടാപ്പു ചെയ്യുമ്പോള്‍‍ ഷീറ്റുകള്‍ കുറവും മറ്റൊരാള്‍ ടാപ്പ് ചെയ്യാന്‍‍ തുടങ്ങിയപ്പോള്‍ 30-40% വര്‍ദ്ധനയും കണ്ടിട്ടുണ്ട്. ഇതൊന്നു വിശദീകരിക്കുമോ?

  13. ശരിയാണ് മൊരിയും ദൃഢപ്പട്ടയും പാല്‍പ്പട്ടയും ആണ് മുറിയേണ്ടത്‌. ഇവ മൂന്നും മുറിഞ്ഞാല്‍ മിതമായ ഉത്‌പാദനം ആകും ലഭിക്കുക. പ്ലോയം മുറിയുമ്പോഴാണ് കൂടുതല്‍ കറ ലഭിക്കുന്നത്‌. എന്നാല്‍ അമിതമായ ഉത്‌പാദനം മറത്തിന്റെ ആയുസ്‌ കുറയുവാന്‍ കാരണമാകും. മരത്തിന് ഉത്‌പാദന ക്ഷമത വര്‍ദ്ധിക്കുവാന്‍ വേണ്ട മൂലകങ്ങള്‍ അവസരോചിതമായി നല്‍കുകയാണ് വേണ്ടത്‌. N എന്ന രാസ നൈട്രജന്‍ വളങ്ങള്‍ മണ്ണിനും ജലത്തിനും ചെടിയ്ക്കും കൂടുതല്‍ ദോഷം ചെയ്യും. വേനലില്‍ തളിരിലകള്‍ മൂപ്പെത്തിയ ശേഷമാണ് കൂടുതല്‍ മഗ്നീഷ്യം ആവശ്യമായി വരുന്നത്‌. മഴയത്തും മഞ്ഞു സമയത്തും പ്രകാശ സംശ്ലേഷണം കുറവായതിനാല്‍ ആ അവസരത്തില്‍ ഉത്‌പാദനം നിയന്ത്രിക്കുകയാണ് വേണ്ടത്‌. റബ്ബര്‍ ഒരു ദീര്‍ഘകാല വിളയായതിനാല്‍ മിതമായ ഉത്‌പാദനവും മുഴകളില്ലാത്ത പുതുപ്പട്ടയും അനേകം വര്‍ഷങ്ങള്‍ ടാപ്പ്‌ ചെയ്യുവാന്‍ സഹായകമാകും. സൈസുള്ള മരങ്ങള്‍ക്ക്‌ മുറിച്ചു മാറ്റുന്ന സമയത്ത്‌ കൂടിയ വിലയും ലഭിക്കും. അന്നജം ആണ് മരങ്ങളില്‍ നിലനിറുത്തേണ്ടത്‌. അത്‌ കുറയുമ്പോഴാണ് പട്ടമരപ്പുണ്ടാകുന്നത്‌. നല്ല മരങ്ങള്‍ക്ക്‌ ഇലപ്പടര്‍പ്പ്‌ കൂടുതലായിരിക്കും അവയ്ക്ക്‌ കൂടുതല്‍ മഗ്നീഷ്യം നല്‍കേണ്ടിവരും. അമിതമായി കട്ടി കുറഞ്ഞ കറ ലഭ്യമാക്കിയാല്‍ പട്ടയെ സംരക്ഷിക്കുവാന്‍ കഴിവുള്ള വാക്സ്‌ (ഒരുതരം പശപോലുള്ളത്‌) ഇല്ലാതാകുകയും മഴവെള്ളം പട്ടയ്ക്കുള്ളിലേയ്ക്ക്‌ കടന്ന്‌ പട്ട ചീയുവാന്‍ കാരണമാകുകയും ചെയ്യും.

  14. ചന്ദ്രേട്ടാ, താങ്കളുടെ റബ്ബറിനേക്കുറിച്ചുള്ള അറിവ് അപാരം തന്നെ. വളരെ നന്ദി. ഇനി ഞാന്‍ നാട്ടില്‍ വരുമ്പോള്‍ സംശയം തീര്‍ക്കാന്‍ തീര്‍ച്ചയായും വിളിക്കും. 😉

  15. ഒരു ചെയ്തറിവ്‌ :
    നന്ദകുമാറെന്ന (എന്റെ ഒരയല്‍‌വാസിയും ബന്ധുവും) ഒരേക്കര്‍ റബ്ബറിന് ഉടമ. തന്റെ തോട്ടം ടാപ്പിംഗ്‌ തൊഴിലാളിയെക്കൊണ്ടാണ് ടാപ്പിംഗ്‌ നടത്തിയിരുന്നത്‌. രണ്ടാം വര്‍ഷം തന്നെ വീടിന് പിന്‍ഭാഗത്തുള്ള ഏറ്റവും പുഷ്ടികൂടിയ ഒരു മരത്തിന്റെ വെട്ടു പട്ടയില്‍ പൂര്‍ണമായും കറയില്ലാതായി. കറ ലഭിക്കുന്നതിനായി ബി പാനല്‍ ടാപ്പ്‌ ചെയ്തെങ്കിലും വളരെ കുറച്ച്‌ കറ മാത്രം ലഭിക്കുകയും അവിടെയും പൂര്‍‍ണമായും കറ ഇല്ലാതാകുകയും ചെയ്തു. അതിന് ശേഷം ഞാന്‍ സ്വയം റബ്ബര്‍ ടാപ്പു ചെയ്യുന്നത്‌ കണ്ടുതന്നെ റബ്ബര്‍ ബോര്‍ഡ്‌ മുഖാന്തിരം ലഭ്യമാക്കിയ ഹ്രസ്വകാല ടാപ്പേഴ്‌സ്‌ ട്രയിനിങ്ങിലൂടെ നന്ദകുമാര്‍ ടാപ്പിംഗ്‌ പഠിച്ചു. ടാപ്പിംഗ്‌ ആരംഭിച്ച ശേഷം ഇത്രയും വലിയ മരം കറയില്ലാതായെങ്കിലും ഏതെങ്കിലും രീതിയില്‍ കറയെടുക്കുവാന്‍ കഴിയുമ്മോ എന്ന്‌ എന്നോട്‌ ആരാഞ്ഞു. എന്റെ നിര്‍ദ്ദേശപ്രകാരം പട്ട മരപ്പു വന്ന എ യും ബി യും പാനലുകള്‍ക്ക്‌ പൂര്‍ണ വിശ്രമം കൊടുത്തിട്ട്‌ ഒരു ചെറിയ കോണി ചാരി ശിഖരക്കെട്ടിന് താഴെ നിന്ന്‌ അല്പം ചെരിവ്‌ കൂട്ടി 45 ഡിഗ്രി ചെരിവില്‍ താഴേയ്ക്ക്‌ ടാപ്പിംഗ്‌ ആരംഭിച്ചു. പട്ടമരപ്പ്‌ വന്ന ഭാഗത്തെ ഉണങ്ങിയ പട്ട ചുരണ്ടികളയുകയും ചെയ്തു. ഇക്കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട്‌ പട്ടമരപ്പ്‌ വന്നഭാഗത്ത്‌ പുതുപട്ട കറയോടുകൂടി രൂപപ്പെടുകയും ഏറ്റവും കൂടിയ ഉത്‌പാദനം ലഭിക്കുകയും ചെയ്യുന്നു. മറ്റ്‌ മരങ്ങളേക്കാള്‍ ടാപ്പിംഗ്‌ ഇന്റെര്‍വല്‍ ഈ മരത്തിന് കൂടുതല്‍ നല്‍കുന്നു എന്നു മാത്രം. ടാപ്പിംഗ്‌ നടക്കുന്ന‌ അതേവശത്തുതന്നെ താഴെ അറ്റം വരെ 10 വര്‍ഷം ടാപ്പു ചെയ്യുവാന്‍ കഴിയുകയും ചെയ്യും. പട്ടമരപ്പിന് ഇതല്ലെ പരിഹാരം?

Leave a reply to ബിജോയ് മോഹന്‍ മറുപടി റദ്ദാക്കുക