അങ്ങാടിയില്‍ പിഴച്ചതിന് അമ്മയെ തല്ലുന്നു

പിണറായി സുപ്രീംകോടതിയില്‍; എതിര്‍കക്ഷി സര്‍ക്കാര്‍

ലാവലിന്‍ കേസ്‌ : ഗവര്‍ണറും സി.ബി.ഐ.യും കക്ഷിയല്ല

ന്യൂഡല്‍ഹി: ലാവലിന്‍ അഴിമതിക്കേസില്‍ തന്നെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്‌കിയ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായിയുടെ ഉത്തരവും അതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ.
പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും ദുര്‍ബലപ്പെടുത്തണം എന്നാവശ്യപ്പെട്ട്‌ സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ റിട്ട്‌ ഹര്‍ജി നല്‌കി. സംസ്ഥാന സര്‍ക്കാരാണ്‌ കേസിലെ എതിര്‍കക്ഷി. ഗവര്‍ണറെയും സി.ബി.ഐ.യെയും കക്ഷികളാക്കിയിട്ടില്ല.

രാമേശ്വര്‍ പ്രസാദും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ്‌ ഗവര്‍ണറെ കക്ഷിചേര്‍ക്കാത്തതെന്ന്‌ ഹര്‍ജിയുടെ ആമുഖത്തില്‍തന്നെ വിശദീകരിച്ചിട്ടുണ്ട്‌. പ്രമുഖ അഭിഭാഷക ഗ്രൂപ്പായ പരേഖ്‌ ആന്‍ഡ്‌ കമ്പനിയാണ്‌ പിണറായിയുടെ കേസ്‌ നടത്തുന്നത്‌. സീനിയര്‍ അഭിഭാഷകനായ പി.എച്ച്‌. പരേഖിന്റെ മകന്‍ സമീര്‍ പരേഖാണ്‌ തിങ്കളാഴ്‌ച ഹര്‍ജി ഫയല്‍ ചെയ്‌തത്‌.

ഗവര്‍ണര്‍ക്ക്‌ മന്ത്രിസഭയുടെ ഉപദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നിരിക്കെ തന്നെ വിചാരണചെയ്യാന്‍, കഴിഞ്ഞ ജൂണ്‍ ഏഴിന്‌ ഗവര്‍ണര്‍ അനുമതി നല്‌കിയത്‌ നിയമവിരുദ്ധവും അധികാരപരിധിക്കപ്പുറവുമുള്ള നടപടിയാണെന്ന്‌ പിണറായി വിജയന്‍ റിട്ട്‌ ഹര്‍ജിയില്‍ പറഞ്ഞു.

ഗവര്‍ണറുടെ നടപടി നിയമത്തിന്റെ ദൃഷ്‌ടിയില്‍ തെറ്റും തലതിരിഞ്ഞതും വിവേചനപരവുമാണ്‌. രണ്ടു ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മന്ത്രിസഭ നല്‍കിയ ഉപദേശം ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്‌. അതേസമയം, മന്ത്രിസഭയുടെ ഒറ്റക്കെട്ടായ തീരുമാനം തന്റെ കാര്യത്തില്‍ തള്ളി. അത്‌ അന്യായവും ഭരണഘടനാവിരുദ്ധവുമാണ്‌- ഹര്‍ജിയില്‍ പറയുന്നു.

ലാവലിന്‍ വിഷയത്തിന്‌ പ്രതിപക്ഷം വന്‍ മാധ്യമ പ്രചാരണം നല്‌കിയെന്നും വിഷയം വെറും രാഷ്ട്രീയമാണെന്നുള്ള സംഗതി ഗവര്‍ണര്‍ അവഗണിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ യഥാര്‍ഥത്തില്‍ കുറ്റമൊന്നുമില്ല. താന്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി നടത്തുകയോ വ്യക്തിപരമായ നേട്ടമുണ്ടാക്കുകയോ ചെയ്‌തതായി സി.ബി.ഐ. പറഞ്ഞിട്ടില്ല.

1995-ല്‍ ധാരണാപത്രം ഒപ്പുവെക്കുമ്പോഴും 1996-ല്‍ കരാറില്‍ ഒപ്പിടുമ്പോഴും താന്‍ മന്ത്രിയായിരുന്നില്ല. മൂന്ന്‌ വൈദ്യുതി പദ്ധതികളുടെ കരാറില്‍ തനിക്കു പങ്കില്ല. അതിനാല്‍ തന്നെ ഉത്തരവാദിയാക്കിക്കൊണ്ടുള്ള കുറ്റപത്രം ദുര്‍ബലപ്പെടുത്തണം- പിണറായി അഭ്യര്‍ഥിച്ചു.

മുന്‍മന്ത്രി കാര്‍ത്തികേയനെ കേസില്‍നിന്ന്‌ ഒഴിവാക്കിയതിനു കാരണംപറഞ്ഞത്‌ അദ്ദേഹം വ്യക്തിപരമായി നേട്ടമുണ്ടാക്കിയതിനു തെളിവില്ല എന്നാണ്‌. അതേ മാനദണ്ഡമനുസരിച്ചാണെങ്കില്‍ തന്നെ കേസില്‍ പ്രതിയാക്കേണ്ട കാര്യമില്ലായിരുന്നു. അതിനാല്‍ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ അനുമതിയും കുറ്റപത്രവും ദുര്‍ബലപ്പെടുത്തണം- ഹര്‍ജിയില്‍ പിണറായി ആവശ്യപ്പെട്ടു.

ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിനാണ്‌ താന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന്‌ ഹര്‍ജിയുടെ തുടക്കത്തില്‍ പിണറായി വിശദീകരിച്ചിട്ടുണ്ട്‌.

മന്ത്രിസഭയുടെ ഉപദേശത്തിന്‌ വിരുദ്ധമായി ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 420 (ചതി) എന്നീ വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ 13 (2), 13 (1) ഡി വകുപ്പുകള്‍ പ്രകാരവും തന്നെ കുറ്റവിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവ്‌ മൗലികാവകാശത്തിന്റെ ലംഘനമാണ്‌- പിണറായി ചൂണ്ടിക്കാട്ടി.

കടപ്പാട് – മാതൃഭൂമി

  • കേരള മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോയില്‍ നിന്ന് തരം താഴ്സപ്പെട്ടതാണ്.
  • പിണറായിയും കൂട്ടരും പോളിറ്റ് ബ്യൂറോ മെംബര്‍മാര്‍.
  • ഗവര്‍ണറെയും സിബിഐയെയും കക്ഷിചേര്‍ത്തില്ല.
  • കാര്‍ത്തികേയന്‍ വഴിവിട്ടു നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതി നടപാക്കിയതാണു പ്രഥമ ഉത്തരവാദിത്തം .
  • കെ എസ് ഇ ബി, കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന പരാമര്‍ശം കരാറില്‍ കടന്നു വന്നത് പിണറായി അറിഞ്ഞു തന്നെയാണ്.
  • 100 കോടിയില്‍ അധികം വിദേശ സഹായം കിട്ടുന്ന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന വ്യവസ്ഥ മറികടക്കാന്‍ പദ്ധതി മൂന്നായി തിരിച്ചത് പിണറായിയുടെ അറിവോടെയാണ്.
  • വൈദ്യുതി കരാറിന്റെ ഭാഗമായി മറ്റു പണമിടപാടുകള്‍ നടത്തരുതെന്ന കേന്ദ്ര വൈദ്യുതി നിയമത്തിന്റെ ലംഘനം പിണറായിയുടെ അറിവോടെയാണു നടന്നത്.
  • കേരള താല്‍പ്പര്യത്തിനെതിരായി ക്യാനഡയില്‍ ആര്‍ബിട്രേഷന്‍ നടത്തണമെന്ന വ്യവസ്ഥ കരാറില്‍ എഴുതി ചേര്‍ത്തത്, പിണറായി വിജയന്റെ അറിവോടെയാണ്.
  • ടെണ്ടര്‍ വിളിച്ച് പണിയേല്‍പ്പിക്കണമെന്ന എം ഒ യു വിലെ വ്യവസ്ഥ ലംഘിച്ച്, ലാവലിനു നേരിട്ട് പണികള്‍ ഏല്‍പ്പിച്ചു കൊടുത്തത് പിണറായിയുടെ താല്പര്യപ്രകരമാണ്.
  • അതു വഴി നിലവാരം ​കുറഞ്ഞ സാധന സാമഗ്രികള്‍ നല്‍കി, ലാവലിന്‍ ലഭമുണ്ടാക്കിയത് പിണറായി യുടെ കുറ്റമാണ്.
  • ലാവലിന്‍ കമ്പനി തന്നെ നടത്തിയ പണികള്‍ക്ക്, മേല്‍നോട്ടം വഹിക്കാന്‍ അവര്‍ക്ക് 17 കോടി രൂപ അനാവശ്യമായി കൊടുത്തത് പിണറായിയുടെ പാളിച്ച കൊണ്ടാണ്.
  • ടെക്നിക്കാലിയയും മലബാര്‍ക്യാന്‍സര്‍ സെന്ററും പ്രശ്നങ്ങളിലേക്ക് വരുന്നതേയില്ല.

2 പ്രതികരണങ്ങള്‍

  1. ലാവലിന്‍ ഹര്‍ജി: പിണറായിയുടേത്‌ വളഞ്ഞ വഴിയെന്ന്‌ നിയമവിദഗ്‌ദ്ധ ര്‍
    കൊച്ചി: ലാവലിന്‍ കേസില്‍ പ്രതിയായ പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്‌തപ്പോള്‍ വളഞ്ഞ വഴിയാണ്‌ സ്വീകരിച്ചതെന്ന്‌ നിയമവിദഗ്‌ദ്ധ ര്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി കോടതി തത്‌കാലം മടക്കിക്കൊടുത്തു. ന്യൂനതകള്‍ പരിഹരിച്ച്‌ വീണ്ടും ഫയല്‍ ചെയ്യണം.

    പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ ഉത്തരവും അഴിമതിക്കേസില്‍ അന്വേഷണം നടത്തി സിബിഐ നല്‍കിയ കുറ്റപത്രവും റദ്ദാക്കാനാണ്‌ ഹര്‍ജി നല്‍കിയത്‌. എന്നാല്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറെയും അന്വേഷണം നടത്തിയ സിബിഐയെയും എതിര്‍കക്ഷിയാക്കിയേ പറ്റൂ എന്നുള്ളതാണ്‌ വ്യവസ്ഥയെന്ന്‌ സാമാന്യവിവരമുള്ള ഏത്‌ അഭിഭാഷകനുമറിയാം.

    സര്‍ക്കാര്‍ തീരുമാനങ്ങള്‍ എല്ലാം ഗവര്‍ണര്‍ അറിയില്ലെങ്കിലും എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും ഗവര്‍ണറുടെ പേരിലാണ്‌ പുറപ്പെടുവിക്കുന്നത്‌. സാധാരണയായി ഗവര്‍ണറെ ഹര്‍ജികളില്‍ കക്ഷിയാക്കാറില്ല. എന്നാല്‍ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള തീരുമാനം ഭരണഘടന നല്‍കിയിട്ടുള്ള വിവേചനാധികാരം പ്രയോഗിച്ചാണ്‌ ഗവര്‍ണര്‍ എടുത്തിട്ടുള്ളത്‌. അതിന്‌ പൂര്‍ണ സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ട്‌. ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനവുമായി വിയോജിക്കാം. അതിനാല്‍ ഗവര്‍ണറെ എതിര്‍കക്ഷിയാക്കിയേ പറ്റൂ എന്ന്‌ നിയമവിദ്ധര്‍ പറയുന്നു. 2005ലെ സുപ്രീംകോടതിയുടെ സുപ്രധാനമായ മറ്റൊരു വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ തീരുമാനങ്ങള്‍ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരിശോധിക്കാം. അങ്ങനെ പരിശോധിക്കണമെങ്കില്‍ ഗവര്‍ണറുടെ വാദം കേള്‍ക്കണം. ഗവര്‍ണര്‍ക്കായി അഭിഭാഷകനെ നിയോഗിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്‌. കാരണം ഭരണഘടന അനുസരിച്ച്‌ സംസ്ഥാന ഭരണത്തിന്റെ ചുമതല ഗവര്‍ണറില്‍ നിക്ഷിപ്‌തമാണ്‌. പ്രോസിക്യൂഷന്‍ കാര്യത്തില്‍ എന്തുകൊണ്ട്‌ മന്ത്രിസഭാ തീരുമാനങ്ങളുമായി വിയോജിച്ചു എന്നത്‌ സുപ്രീംകോടതിയില്‍ ഗവര്‍ണറുടെ അഭിഭാഷകന്‍ വിശദീകരിക്കണം. അതുപോലെ എന്തുകൊണ്ട്‌ പിണറായിയെ പ്രതിയാക്കി കുറ്റപത്രം നല്‍കിയെന്നും അതിനു ലഭിച്ചിട്ടുള്ള തെളിവുകള്‍ എന്തെല്ലാമാണെന്നും സിബിഐക്കും സുപ്രീം കോടതിയില്‍ വിശദീകരിക്കണം. പിണറായിയുടെ അഭിഭാഷകന്റെ വാദം കേള്‍ക്കുമ്പോള്‍ എതിര്‍കക്ഷികളെയും സുപ്രീംകോടതിക്ക്‌ കേള്‍ക്കണം. അതാണ്‌ സ്വാഭാവികനീതി. ഗവര്‍ണറെയും സിബിഐയെയും പിണറായി എതിര്‍കക്ഷിയാക്കിയില്ലെങ്കിലും ഇരുവരെയും സുപ്രീംകോടതിക്ക്‌ സ്വമേധയാ എതിര്‍കക്ഷിയാക്കാം. അല്ലെങ്കില്‍ എതിര്‍കക്ഷിയാക്കാന്‍ ഇന്ത്യയിലെ ഏത്‌ പൗരനും സുപ്രീംകോടതിയില്‍ ആവശ്യപ്പെടാം. കാരണം പൊതുതാല്‌പര്യം സംരക്ഷിക്കാന്‍ പൊതുതാല്‌പര്യ വ്യവഹാരികള്‍ മുന്നോട്ടുവന്നതുകൊണ്ടാണ്‌ ലാവലിന്‍ അഴിമതി വെളിച്ചത്തുവന്നതെന്ന്‌ ഹൈക്കോടതി വിധിയില്‍ ശക്തിയായി ഓര്‍മിപ്പിച്ചിട്ടുണ്ട്‌.

    ഗവര്‍ണറെയും സിബിഐയെയും എതിര്‍ കക്ഷികളാക്കാതിരുന്ന ഗൗരവപ്പെട്ട ന്യൂനത സുപ്രീംകോടതി രജിസ്‌ട്രിയിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനാലാണ്‌ ഹര്‍ജി മടക്കിക്കൊടുത്തത്‌. മൗലികാവകാശ ലംഘനത്തിന്റെ പേരില്‍ ഏതു പൗരനും സുപ്രീംകോടതിയെ സമീപിക്കാമെങ്കിലും തന്റെ ഹര്‍ജി സിവിലോ ക്രിമനലോ എന്നു പോലും വ്യക്തമാക്കാതെയാണ്‌ പിണറായി ഹര്‍ജി ഫയല്‍ ചെയ്‌തത്‌. അതും ഗുരുതരമായ ന്യൂനതയായി.

    ഗവര്‍ണറെയും സിബിഐയെയും എതിര്‍കക്ഷിയാക്കിയാല്‍ പിണറായിയുടെ ഹര്‍ജി പരിഗണിക്കുന്ന അവസരത്തില്‍ തന്നെ ഗവര്‍ണറുടെയും സിബിഐയുടെയും അഭിഭാഷകര്‍ക്ക്‌ പിണറായിയുടെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനുള്ള അവസരവും കിട്ടും. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടാണ്‌ എതിര്‍കക്ഷികളാക്കാതിരുന്നത്‌. സിബിഐയും മറ്റ്‌ അന്വേഷണ ഏജന്‍സിയും നല്‍കുന്ന കുറ്റപത്രങ്ങളുമായി വളരെ അപൂര്‍വമായിട്ടേ കോടതികള്‍ ഇടപെടാവൂ എന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്‌. എന്നിട്ടും വലിയൊരു അമഴിമതിയെന്ന്‌ ഹൈക്കോടതി വിശേഷിപ്പിച്ച ലാവലിന്‍ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാണ്‌ പിണറായിയുടെ ആവശ്യം. കാരണം താന്‍ നിരപരാധിയാണ്‌. എന്നാല്‍ പൊതുതാല്‌പര്യവും കേരളത്തിന്റെ താത്‌പര്യവും സംരക്ഷിക്കാന്‍ പിണറായിയെ വിചാരണ ചെയ്യണമെന്ന ഉറച്ച നിലപാടാണ്‌ ഗവര്‍ണര്‍ എടുത്തത്‌. ഈ നിഗമനത്തില്‍ എത്താന്‍ സിബിഐ നല്‍കിയ തെളിവുകളാണ്‌ ഗവര്‍ണര്‍ പരിശോധിച്ച്‌ വിലയിരുത്തിയിട്ടുള്ളത്‌.

    ഹര്‍ജിയിലെ ഏക എതിര്‍കക്ഷി ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിയാണ്‌. ഗവര്‍ണറുടെ തീരുമാനം തെറ്റാണെന്ന്‌ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ പറയും. എന്നാല്‍ മന്ത്രിസഭാ യോഗത്തിന്റെ മിനിറ്റ്‌സ്‌ കോടതി വിളിച്ചുവരുത്തിയാല്‍ ചിത്രം മാറും. പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ മന്ത്രിസഭയിലെ വേറിട്ടൊരു ശബ്ദമായി നില്‍ക്കും. സ്വതന്ത്രമായ തീരുമാനം മന്ത്രിസഭ എടുത്തിരിക്കണമെന്ന അഡ്വക്കെറ്റ്‌ ജനറലിന്റെ നിയമോപദേശവും മന്ത്രിസഭ തള്ളിയിരുന്നു. തീരുമാനം സ്വതന്ത്രമായിരുന്നുവെന്ന്‌ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തെളിവുകള്‍ നിരത്തേണ്ടിവരും. കാരണം സിബിഐ നല്‍കിയ തെളിവുകളും രേഖയും ഒരു മന്ത്രിയും സ്വതന്ത്രമായി വിലയിരുത്തിയിട്ടുമില്ല.
    കടപ്പാട് – മാതൃഭൂമി

  2. ലാവ്‌ലിന്‍: പിണറായി ക്രിമിനല്‍ ഹര്‍ജി നല്‍കി
    ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ക്രിമിനല്‍ ഹര്‍ജി ഫയല്‍ ചെയ്‌തു. തന്നെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്‌താണ്‌ പിണറായി ഹര്‍ജി നല്‍കിയിരിക്കുന്നത്‌. നേരത്തേ ഹര്‍ജി സിവില്‍ ആണോ ക്രിമിനല്‍ ആണോ എന്നു വ്യക്‌തമാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച്‌ സുപ്രീം കോടതി ഹര്‍ജി മടക്കിയിരുന്നു. കേസില്‍ സിബിഐയെ രണ്ടാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നേരത്തേ സംസ്‌ഥാന സര്‍ക്കാരിന്റെ പ്രതിനിധി ആയിരുന്ന ആഭ്യന്തര സെക്രട്ടറി മാത്രമായിരുന്നു എതിര്‍കക്ഷി. ഭരണഘടനാ പരിരക്ഷ ലഭിക്കുന്നതിനാലാണ്‌ ഗവര്‍ണറെ എതിര്‍ കക്ഷി ആയി ഉള്‍പ്പെടുത്താതിരുന്നത്‌.
    കടപ്പാട് – മംഗളം

ഒരു അഭിപ്രായം ഇടൂ