തരൂരിനല്ലാതെ മറ്റൊരു മന്ത്രിക്കും ഇത്തരമൊരു സ്വീകരണം ലഭിക്കില്ല

തരൂരിന്‌ ന്യൂയോര്‍ക്കില്‍ കുടുംബസംഗമം


ന്യൂയോര്‍ക്ക്‌: വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി അമേരിക്കയിലെത്തിയ ശശി തരൂരിന്‌ ന്യൂയോര്‍ക്കില്‍ ഉജ്ജ്വല സ്വീകരണം. രണ്ടു ദശാബ്ദത്തിലേറെക്കാലം ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത്‌ പ്രവര്‍ത്തിച്ച തരൂരിന്‌ ഈ യാത്ര കുടുംബവുമായും സുഹൃത്തുക്കളുമായുള്ള പുനഃസമാഗമത്തിനുള്ള അവസരം കൂടിയായി.

ഐക്യരാഷ്ട്രസഭയുടെ, ജനസംഖ്യയും വികസനവും സംബന്ധിച്ച സമ്മേളനത്തില്‍ സംബന്ധിക്കാനാണ്‌ തരൂര്‍ എത്തിയത്‌. ഇതുവരെ ഉദ്യോഗസ്ഥനായിരുന്ന യു.എന്നില്‍ ഇത്തവണ അദ്ദേഹം ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. യു.എന്‍. ഉദ്യോഗസ്ഥയും ഭാര്യയുമായ ക്രിസ്‌റ്റ ജൈല്‍സിനെ അഞ്ചുമാസത്തിനുശേഷമാണ്‌ തരൂര്‍ കാണുന്നത്‌. മകന്‍ കനിഷ്‌കിനെ കണ്ടിട്ട്‌ മാസം ഒന്‍പത്‌ കഴിഞ്ഞു. പക്ഷേ, സന്ദര്‍ശനത്തിന്റെ ഏറിയ പങ്കും തിരക്കിട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നിരവധി പ്രവാസിസംഘടനകള്‍ നല്‌കിവരുന്ന സ്വീകരണങ്ങള്‍ക്കുമാണ്‌ നീക്കിവെച്ചിട്ടുള്ളത്‌. ഐക്യരാഷ്ട്രസഭയിലെ സുഹൃത്തുക്കളും തരൂരിനെ താരപരിവേഷത്തോടെയാണ്‌ സ്വീകരിച്ചത്‌.

തരൂര്‍ പങ്കെടുക്കുന്ന പ്രവാസി യോഗങ്ങളിലെല്ലാം നൂറുകണക്കിന്‌ പേരാണ്‌ സംബന്ധിക്കുന്നത്‌. ഒരു രാഷ്ട്രീയ സൂപ്പര്‍താരത്തിന്റെ പരിവേഷത്തോടെയെത്തിയ തരൂരിന്റെ സ്വീകരണച്ചടങ്ങില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണഗാനങ്ങള്‍ അകമ്പടിയേകി.

തിരഞ്ഞെടുപ്പുവിജയത്തിന്‌ പ്രവാസികള്‍ നല്‌കിയ സഹായത്തിനു നന്ദി പറഞ്ഞ തരൂര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ എല്ലാ വിവരങ്ങളും പുറത്തുവിടുന്നത്‌ ഇന്റര്‍നെറ്റില്‍ ട്വിറ്ററിലൂടെത്തന്നെയാണ്‌. അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ഇതിനകം നിരവധി ‘ട്വീറ്റു’കള്‍ തരൂര്‍ പുറത്തുവിട്ടുകഴിഞ്ഞു.

ന്യൂയോര്‍ക്കില്‍ 25 ഓളം മലയാളി സംഘടനകള്‍ സംയുക്തമായി നല്‌കിയ സ്വീകരണത്തില്‍ തരൂര്‍ തന്റെ ട്വിറ്റര്‍ സംവാദങ്ങളെക്കുറിച്ച്‌ വാചാലനായി. അനാവശ്യമായ വിവാദങ്ങള്‍ക്കു കാരണമായെങ്കിലും തന്റെ മൂന്നു ലക്ഷത്തിലധികം വരുന്ന ട്വിറ്റര്‍ ആരാധകര്‍ ഇന്ത്യയുടെ വികസനത്തിന്റെയും സ്വപ്‌നങ്ങളുടെയും തുടിപ്പുകള്‍ അറിയാനാണ്‌ തന്റെ ട്വിറ്റുകള്‍ വായിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

വിവാദങ്ങളില്‍പ്പെട്ട തരൂര്‍ കരുതലോടെയാണ്‌ ചടങ്ങുകളില്‍ സംബന്ധിക്കുന്നത്‌. ദേശീയഗാനം പാടുമ്പോള്‍ അമേരിക്കന്‍ ശൈലിയില്‍ നെഞ്ചത്ത്‌ കൈവെക്കണം എന്ന്‌ നിര്‍ദേശിച്ച്‌ കേസില്‍ കുടുങ്ങിയ തരൂര്‍ ഇവിടത്തെ യോഗങ്ങളില്‍ അങ്ങനെ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്റെ ഇതുവരെയുള്ള രാഷ്ട്രീയജീവിതത്തില്‍ സംതൃപ്‌തനാണെന്നു പറഞ്ഞ ശശിതരൂര്‍, ന്യൂയോര്‍ക്കില്‍നിന്ന്‌ 10 ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി അടുത്തയാഴ്‌ച തിരിക്കും.

കടപ്പാട് – മാതൃഭൂമി

Advertisements
%d bloggers like this: