ശശി തരൂര്‍ നാളെയെത്തും; വിമാനത്താവളത്തില്‍ സ്വീകരണം

തിരുവനന്തപുരം: ഐ.പി.എല്‍. വിവാദത്തെത്തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെച്ച ഡോ.ശശി തരൂര്‍ ശനിയാഴ്ച തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് 12.40ന്റെ ഡെല്‍ഹി വിമാനത്തിലാണ് അദ്ദേഹം എത്തുക.

തരൂരിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വിമാനത്താവളത്തില്‍ അദ്ദേഹത്തിന് സ്വീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റിസണ്‍സ് ഫോറം, റസിഡന്റ്‌സ് അസോസിയേഷന്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സംഘടനകള്‍, ക്രിക്കറ്റ് ക്ലബ്ബുകള്‍ എന്നിവയുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. ഡി.സി.സിയുടെ ആഭിമുഖ്യത്തിലും തരൂരിന് സ്വീകരണമൊരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരും ഇതില്‍ പങ്കുചേരും. വിമാനത്താവള പരിസരത്ത് സ്വീകരണം നല്‍കാനെത്തുന്നവരോട് തരൂര്‍ സംസാരിക്കും.

പിന്നീട് റാലിയായി ഡി.സി.സി. ഓഫീസിലെത്തുന്ന അദ്ദേഹം അവിടെ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംബന്ധിക്കും. കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക. കെ.കരുണാകരനെയും തരൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലും അദ്ദേഹം സംബന്ധിക്കും.

കടപ്പാട് – മാതൃഭൂമി

Advertisements
%d bloggers like this: