ദേശീയ തൊഴിലുറപ്പ്‌ പദ്ധതി വിപുലീകരിക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിപുലീകരിക്കുന്നു. തൊഴിലുറപ്പ്‌ പദ്ധതിയുടെ വ്യാപ്‌തി കൂട്ടാനും അതിനെ കൂടുതല്‍ ജനപ്രിയമാക്കാനും കോണ്‍ഗ്രസ്‌ നേതൃത്വം സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പദ്ധതി വിപുലീകരിക്കുമെന്ന്‌ കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ജനപിന്തുണ നേടിത്തന്ന പദ്ധതിയായാണ്‌ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ കോണ്‍ഗ്രസ്‌ നേതൃത്വം കാണുന്നത്‌.

ഈ പദ്ധതി വിപുലീകരിക്കുന്നത്‌ സംബന്ധിച്ച്‌ ഗ്രാമവികസന മന്ത്രി സി.പി. ജോഷിയും കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വവും തമ്മില്‍ ചര്‍ച്ച നടന്നുകഴിഞ്ഞു.

രാജീവ്‌ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനമായ ആഗസ്‌ത്‌ 20ന്‌ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുക്കും.

വരള്‍ച്ചയും വിലക്കയറ്റവുംമൂലം രാജ്യത്തുണ്ടായ പ്രതിസന്ധിക്ക്‌ പരിഹാരമെന്ന നിലയില്‍ക്കൂടിയാണ്‌ പദ്ധതി വിപുലപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ ആലോചിക്കുന്നത്‌. ഗ്രാമീണമേഖലയില്‍ സാമ്പത്തികമാന്ദ്യം അതിജീവിക്കുന്നതിനും ഇതുപകരിക്കുമെന്നാണ്‌ നേതാക്കള്‍ അവകാശപ്പെടുന്നത്‌.

വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ നൂറു തൊഴില്‍ദിനങ്ങള്‍ എന്നത്‌ വര്‍ധിപ്പിക്കുക, പണത്തോടൊപ്പം ഭക്ഷ്യധാന്യം നല്‍കുക, മിനിമംകൂലി വര്‍ധിപ്പിക്കുക തുടങ്ങിയവയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം സര്‍ക്കാറിനു മുന്നില്‍ വെച്ച പ്രധാന നിര്‍ദേശങ്ങള്‍.

വിദഗ്‌ധ പരിശീലനം വേണ്ട തൊഴിലുകള്‍ ഈ പദ്ധതിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നില്ല. ഇത്‌ വിപുലീകരിക്കുമ്പോള്‍ വിദഗ്‌ധ തൊഴിലാളികള്‍ക്കുകൂടി അവസരം നല്‍കാനും ആലോചനയുണ്ട്‌.

കടപ്പാട് – മാതൃഭൂമി

ഒരഭ്യര്‍ത്ഥന

കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന സബ്സിഡികള്‍ക്ക് പകരം ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴില്‍ ലഭ്യമാക്കിയാല്‍ കാര്‍ഷിക മേഖലയിലക്കൊരാശ്വാസമാകും. വര്‍ദ്ധിച്ചുവരുന്ന തൊഴിലാളിവേതനം കാര്‍ഷിക നഷ്ടത്തിനും തരിശ് ഭൂമിയുടെ വിസ്തൃതി വ്യാപിക്കുന്നതിനും കാരണമാകുന്നു. നിത്യോപയോഗ സാധന വില വര്‍ദ്ധനയുടെ പേരില്‍ ഡി.എയും മറ്റ് അലവന്‍സുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷണേഴ്സിനും വര്‍ദ്ധിക്കുമ്പോള്‍ അതിനാനുപാതികമായി തൊഴിലാളി വേതനവും വര്‍ദ്ധിക്കുന്നു (സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തൊഴിലാളികളായി കണക്കാക്കുന്നതു തന്നെ തെറ്റാണ്). അതിനനുപാതികമായി കാര്‍ഷികോത്പന്നങ്ങളുടെ വില വര്‍ദ്ധിക്കാതാകുമ്പോഴാണ് കര്‍ഷക ആത്മഹത്യകളുടെ എണ്ണം കൂടുന്നത്. തൊഴില്‍ ചെയ്യുവാന്‍ സന്മനസ്സുള്ള തൊഴില്‍ രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നത് പ്രശംസനീയം തന്നെയാണ്.

3 പ്രതികരണങ്ങള്‍

  1. നാട്ടില്‍ ഉള്ള അഭ്യസ്ഥ വിദ്യര്‍ക്ക് ഏറെ പ്രയോജനപ്പെടും

    • അഭ്യസ്ഥവിദ്യര്‍ കൃഷിപ്പണി പഠിക്കാന്‍ പടില്ല എന്നില്ല. കാര്‍ഷിക സര്‍വ്വകലാശാലകളില്‍ പോസ്റ്റ് ഗ്രാഡ്വേഷന്‍ എടുക്കുന്നവര്‍ക്കാകും നല്ല മാതൃകകള്‍ കാട്ടുവാന്‍ കഴിയുക. പക്ഷെ മണ്‍വെട്ടി എടുത്ത് വെട്ടുമ്പോള്‍ ശരീരം വേദനിക്കുകയും കൈ പൊള്ളുകയും ചെയ്യും. അതൊക്കെ ആദ്യം മാത്രം.

  2. തൊഴിലുറപ്പ് പദ്ധതി ഇടത്തരം കൃഷിഭൂമിയിലേക്കും
    തിരുവനന്തപുരം: ചെറുകിട ഇടത്തരം കര്‍ഷകരുടെ ഭൂമിയിലേക്കും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന്റെ അംഗീകാരമായി. രാജ്യമൊട്ടാകെ ഇത് നടപ്പിലാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം സദ്ഭാവനാദിനമായ ആഗസ്ത് 20ന് ന്യൂഡല്‍ഹിയില്‍ നടക്കും.

    പൊതുഭൂമി കുറവായ കേരളത്തില്‍ ചെറുകിട-ഇടത്തരം കര്‍ഷകരുടെ ഭൂമിയിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കുന്നതോടെ, കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് വന്‍ നേട്ടമുണ്ടാവും. ചെറുകിട ഇടത്തരം കര്‍ഷകരുടെ കൃഷിഭൂമിയിലെ ഭൂവികസനം, ജലസേചനം, തൈ നടീല്‍ എന്നിവയൊക്കെ പദ്ധതിയുടെ ചെലവില്‍ നടത്താനാവും. ഈ പ്രവൃത്തികളുടെ കൂലി പദ്ധതിയില്‍നിന്ന് ലഭിക്കും. ദരിദ്രര്‍ക്കുവേണ്ടിയുള്ള ഭവനനിര്‍മ്മാണപ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണ്.

    തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ കൃഷിയിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതി രൂപം കൊടുക്കുന്നതില്‍ സജീവ പങ്കു വഹിച്ച അരുണാറോയ്, നിഖില്‍ദേ, ജാന്‍ദ്രീസ് തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും ഇതില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ടവരുടെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെയും ഭൂവികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ത്തന്നെ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. സ്വകാര്യ കൃഷിയിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതോടെ പട്ടികജാതി-വര്‍ഗക്കാരും ദരിദ്രരും അവഗണിക്കപ്പെടുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

    ചെറുകിട, ഇടത്തരം കര്‍ഷകര്‍ കൂടുതലുള്ള വടക്കേഇന്ത്യന്‍ സാഹചര്യത്തില്‍ കര്‍ഷകലോബി പദ്ധതിയുടെ പ്രയോജനം തട്ടിയെടുക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. എന്നാല്‍, കേരളത്തില്‍ തകര്‍ന്നുകിടക്കുന്ന കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ഇതോടെ വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ കാര്‍ഷിക ജില്ലകളില്‍ കൂടുതല്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാനാവും. വയനാട് ജില്ലയില്‍ സ്വകാര്യ കൃഷിയിടങ്ങളില്‍ ഇപ്പോള്‍ത്തന്നെ പദ്ധതിക്ക് കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നീര്‍ത്തടാധിഷുിത പ്രവൃത്തികള്‍ നടപ്പാക്കുന്നുണ്ട്. ഇതേ രീതിയില്‍ മുന്നോട്ടുപോകാനാണ് കേരളത്തിന്റെ ആലോചന.

    വൃദ്ധജന പരിപാലനം, ദീര്‍ഘകാലമായി രോഗക്കിടക്കയില്‍ കഴിയുന്നവരുടെ സാന്ത്വനപരിചരണം എന്നിവയും പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും കേരളം മുന്നോട്ടുവെച്ചിരുന്നു. എന്നാലിവ കേന്ദ്രം അംഗീകരിച്ചില്ല.

    ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ മറ്റ് മേഖലകളുമായി ബന്ധിപ്പിക്കുന്ന സംയോജിത പരിപാടി നടപ്പാക്കാന്‍ കേരളത്തിലെ നാല് ജില്ലകളെയും കേന്ദ്രം തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്ത് 140 ജില്ലകളിലാണ് ഇത് നടപ്പാക്കുന്നത്. ഇതനുസരിച്ച് വയനാട് വനവത്കരണ പ്രവര്‍ത്തനങ്ങളുമായി പദ്ധതിയെ ബന്ധിപ്പിക്കും. പാലക്കാട്, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ജലവിഭവ വികസനവുമായും മലപ്പുറത്തും പാലക്കാട്ടും കാര്‍ഷികവികസന പ്രവര്‍ത്തനങ്ങളുമായും പദ്ധതിയെ ബന്ധിപ്പിക്കും. ഇതിന്റെ ഏകോപനത്തിന് ചീഫ്‌സെക്രട്ടറി അധ്യക്ഷയായി ഉന്നതതലസമിതിയെയും നിയോഗിച്ചിട്ടുണ്ട്.
    Courtesy – Mathrubhumi 19-08-09

ഒരു അഭിപ്രായം ഇടൂ