പട്ടമരപ്പിന്റെ കാര്യത്തില്‍ തങ്കമ്മ മാഡത്തോട്‌ വിയോജിപ്പ്‌

റബ്ബര്‍ത്തോട്ടത്തിലേക്ക്‌ ‘അന്തക’ ക്ലോണുകള്‍

എല്‍. തങ്കമ്മ

പരമ്പരാഗത റബ്ബര്‍ മേഖലയിലെ തോട്ടങ്ങള്‍ ഇളം പച്ച അല്ലെങ്കില്‍ മഞ്ഞകലര്‍ന്ന പച്ചനിറം പൂണ്ടാണ്‌ നിന്നിരുന്നത്‌. ഏതാണ്ട്‌ രണ്ടു പതിറ്റാണ്ടു കാലമായി റബ്ബര്‍ തോട്ടങ്ങള്‍ ഇരുണ്ട പച്ചമേലാപ്പണിഞ്ഞാണ്‌ കാണപ്പെടുന്നത്‌. എന്താണിതിന്റെ രഹസ്യം? നിലവിലുള്ള തോട്ടങ്ങളില്‍ പ്രത്യേകിച്ച്‌ ചെറുകിട തോട്ടങ്ങളില്‍ മുഴുവനായെന്നപോലെ കൃഷി ചെയ്യപ്പെട്ടിരിക്കുന്നത്‌ ആര്‍.ആര്‍.ഐ.ഐ-105 എന്നയിനം ആയതാണ്‌ ഇതിനു കാരണം. ഗവേഷണ കേന്ദ്രത്തിന്റെ തിളക്കമാര്‍ന്ന നേട്ടം എന്ന്‌ ലോകമാകെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ അത്ഭുതക്ലോണാണിത്‌. ഇതിന്റെ തിളക്കമാര്‍ന്ന ഇരുണ്ട പച്ച ഇലകള്‍. അവ ഉയര്‍ന്ന ഉത്‌പാദനക്ഷമതയ്ക്കും ഒപ്പംതന്നെ ഇലപൊഴിച്ചില്‍ രോഗത്തിനെതിരെയുള്ള ഉയര്‍ന്ന പ്രതിരോധ ശേഷിക്കും കാരണമായി ഭവിക്കുന്നു.റബ്ബര്‍ത്തോട്ട വ്യവസായത്തിന്റെ തുടക്കത്തില്‍ നടീല്‍ വസ്തുവായി ഉപയോഗിക്കപ്പെട്ടുപോന്ന കുരുമുളപ്പിച്ച തൈകള്‍ക്കു പകരം ബഡ്ഡുതൈകള്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതോടെ ജനിതക വൈവിദ്ധ്യത്തിന്റെ അഭാവത്തില്‍ കുമിള്‍ രോഗങ്ങള്‍ വര്‍ധിച്ച തോതില്‍ ആക്രമിക്കുകയുണ്ടായി. ഫൈറ്റോഫ്‌തോറ കുമിള്‍ രോഗബാധമൂലം വമ്പിച്ച തോതില്‍ ഇലപൊഴിച്ചില്‍ ഉണ്ടായതോടെ റബ്ബര്‍ തോട്ടങ്ങളില്‍ മഴക്കാലത്തിനു തൊട്ടു മുമ്പായി ചെമ്പ്‌ കുമിള്‍ നാശിനികള്‍ തളിക്കല്‍ അനിവാര്യമായ സസ്യസംരക്ഷണ നടപടിയായി മാറി. വമ്പിച്ച ചെലവുവരുത്തുന്നതു കൂടാതെ ആവര്‍ത്തിച്ച്‌ ഇരുപതിലേറെ കൊല്ലങ്ങള്‍ നടത്തേണ്ടിവരുന്ന ഈ മരുന്നു തളി അനാവശ്യമായ പരിസരമലിനീകരണ പ്രശ്നവും സൃഷ്ടിക്കുകയുണ്ടായി.ഏതാണ്ട്‌ എണ്‍പതുകളുടെ മദ്ധ്യത്തോടെ ഇതിനൊരവസാനമായിത്തുടങ്ങി. 1954 ല്‍ ജന്മമെടുത്ത്‌ 1980 ല്‍ വിതരണം ചെയ്യപ്പെട്ടു തുടങ്ങിയ ആര്‍.ആര്‍.ഐ.ഐ-105 എന്ന ക്ലോണാണ്‌ ഇതിനു കാരണമായത്‌. ഹെക്ടര്‍ പ്രതി 2210 കിലോഗ്രാം റബ്ബര്‍ ഉത്‌പാദിപ്പിക്കുന്ന ഈയിനം ഏതാണ്ട്‌ രണ്ടു പതിറ്റാണ്ടുകൊണ്ട്‌ ഉത്‌പാദനവിഷയത്തില്‍ മറ്റൊരു ധവളവിപ്ലവത്തിനു വഴിവെച്ചതിനൊപ്പം അതിശയകരമായ രോഗപ്രതിരോധ ശക്തിയുടെ ഉടമയാകുക വഴി ആണ്ടോടാണ്ട്‌ ആവര്‍ത്തിച്ച്‌ വേണ്ടിവന്നിരുന്ന കുമിള്‍ നാശിനി പ്രയോഗം തീര്‍ത്തും അവസാനിപ്പിക്കാനും കാരണമായി മാറി. 105-ന്റെ അതിശയകരമായ ഈ സിദ്ധിവിശേഷം നേടാനായത്‌ മാതൃവൃക്ഷമായ Tjir1 ല്‍ നിന്നും പിതൃവൃക്ഷമായ GL1 ല്‍ നിന്നുമാണെന്നത്‌ ശ്രദ്ധേയമാണ്‌. ഉത്‌പാദനക്ഷമത മാതാവില്‍ നിന്നും രോഗപ്രതിരോധശേഷി പിതാവില്‍ നിന്നും. 105 ന്റെ രൂപത്തിനു തന്നെ പ്രത്യേകത കാണാം. തായ്ത്തടിയില്‍ നിന്ന്‌ പുറപ്പെടുന്ന ശാഖകള്‍ ഏതാണ്ട്‌ തായ്ത്തടിയോളം തന്നെ വണ്ണമുള്ളവയായിരിക്കും. അവ എണ്ണത്തില്‍ കുറവും സാധാരണ രണ്ടും ആയിരിക്കും. തായ്ത്തടിയും ശാഖകളും ചേര്‍ന്ന്‌ മരത്തിന്‌ ഏതാണ്ട്‌ ഫ്രത ‘ ആകൃതിയാകും ഉണ്ടാവുക. ഉപശാഖകളായി പിരിഞ്ഞ്‌ മൊത്തത്തില്‍ ഉയര്‍ന്ന അളവില്‍ ഉത്‌പാദിപ്പിക്കുന്ന ഇലകള്‍ തിളക്കമാര്‍ന്ന ഇരുണ്ട പച്ചനിറവുമായി സൂര്യപ്രകാശത്തിനായി മത്സരിച്ച്‌ ഇടതിങ്ങി വളരുന്നു. മരത്തിന്റെ മൊത്തം പട്ടയുടെ അളവു കൂടുതല്‍ ആയതുകൊണ്ട്‌ ഹമവസഫശ കലയുടെയും അതിനുള്ളില്‍ കാണപ്പെടുന്ന പാല്‍ക്കുഴലുകളുടെയും അളവും കൂടുതലായിരിക്കും. അധിക അളവില്‍ കൂടുതല്‍ വിസ്തൃതമായിക്കാണുന്ന ഇലച്ചില്‍ കൂടുതല്‍ സൂര്യപ്രകാശം ആഗിരണം ചെയ്ത്‌ പ്രകാശ സംശ്ലേഷണം വഴി അധിക തോതില്‍ ഉത്‌പാദിപ്പിക്കുന്ന അന്നജം ഉപയോഗിച്ച്‌ പാല്‍ക്കുഴലുകളില്‍ ഉയര്‍ന്ന അളവില്‍ പാല്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഈ ഉയര്‍ന്ന ഉത്‌പാദനക്ഷമതയോടൊപ്പം ഉയര്‍ന്ന രോഗപ്രതിരോധശേഷി കൂടി കൈകോര്‍ത്തപ്പോള്‍ 105 ലോകമെമ്പാടുമുള്ളവയില്‍ വെച്ച്‌ ഏറ്റവും മെച്ചപ്പെട്ട ക്ലോണായി മാറിയതില്‍ എന്താണതിശയം?

വളര്‍ച്ച നിരക്ക്‌ അധികമായതുമൂലം 105 ന്‌ ഒരു കെടുതി വന്നുഭവിച്ചു; രണ്ടാം വയസ്സുമുതല്‍ ബാധിച്‌??ടി മുഴുവനായോ തലപ്പുമാത്രമോ ശിഖരങ്ങള്‍ മാത്രമോ നശിച്ച്‌ ഏതാണ്ട്‌ 10 – 15 വര്‍ഷം വരെ തോട്ടത്തില്‍ നിലനിന്ന്‌ വന്‍നാശം വിതയ്ക്കുന്ന പിങ്കുരോഗം എന്ന കുമിള്‍രോഗം ഉയര്‍ന്നതോതില്‍ ഈയിനത്തെ ബാധിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ തോട്ടത്തോടെ മരങ്ങള്‍ വെട്ടിമാറ്റി റീപ്ലാന്റു ചെയ്ത ഉദാഹരണങ്ങളുണ്ട്‌. വന്‍നാശം വിതച്ച്‌ ഉത്‌പാദനക്ഷമത കുത്തനെ ഇടിച്ചുകളയാന്‍ പര്യാപ്തമായ ഈ രോഗത്തിന്‌ വാക്സിനേഷന്‍പോലെ ഫലപ്രദമായ ഒരു പ്രതിരോധ നടപടി കണ്ടെത്താനായി. അതോടെ പ്രശ്നത്തിനു പരിഹാരമായി.

അങ്ങനെ റബ്ബറുത്‌പാദനമേഖലയില്‍ ഒരു വന്‍കുതിച്ചു ചാട്ടമെന്നോ വിപ്ലവകരമായ നേട്ടമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്നതായി മാറി, ഗവേഷണകേന്ദ്രത്തിന്റെ വന്‍നേട്ടമായ അഭിമാനമായ 105 എന്ന ഈ ക്ലോണ്‍. ഹെക്ടര്‍ പ്രതിയുള്ള ശരാശരി ഉത്‌പാദനം 2210 കിലോഗ്രാമിലെത്തി നില്‍ക്കുന്നു. പട്ടമരപ്പ്‌ (Tapping Panel Dryness)എന്ന ഗൗരവപ്രശ്നം ഈയിനത്തിനു കൂടുതലായി കണ്ടുവന്നു. എന്നാല്‍ ഉത്‌പാദനക്ഷമതയേറിയ ഈ ക്ലോണില്‍, നിലവിലുള്ള, തെറ്റായ ദിശയിലേക്ക്‌ വെട്ടിയിറങ്ങുന്ന Downward Vertical Tapping എന്ന രീതിയാണ്‌ ഈ പ്രശ്നത്തിനു കാരണമെന്നും, തികച്ചും ശാസ്ത്രീയമായ പുതുപുത്തന്‍ ടാപ്പിങ്‌ സാങ്കേതിക വിദ്യയായ Inclined Upward Tapping വഴി ഇതിനു ശാശ്വത പരിഹാരം കണ്ടെത്താമെന്നും തെളിഞ്ഞതോടെ 105 ന്റെ ഈ കുറവും പരിഹരിക്കപ്പെട്ടു. ഒപ്പം 45 ശതമാനം വര്‍ദ്ധന ഉത്‌പാദനത്തിലുണ്ടായി.

അങ്ങനെ പിങ്കുരോഗവിധേയത്വ പ്രശ്നം പരിഹരിക്കപ്പെട്ടു. ചട്ടമരപ്പു പ്രശ്നവും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുവഴി ശരാശരി ഉത്‌പാദനം നിലവിലുള്ള 2210 കിലോഗ്രാമില്‍ നിന്ന്‌ 3205 കിലോഗ്രാം-45 ശതമാനം കൂടുതല്‍-ആയി വര്‍ദ്ധിപ്പിക്കാനാകുമെന്നുകണ്ടെത്തി. പരീക്ഷണം നടത്തിയ തോട്ടത്തില്‍ 3500 കിലോഗ്രാമായിരുന്നു വാര്‍ഷിക ഉത്‌പാദനം. മൊത്തം 7000 ലേറെ മരങ്ങളില്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളാണ്‌ ഇത്‌ കണ്ടെത്തലുകള്‍ക്കു വഴിവച്ചത്‌. അങ്ങനെ 105 അപാരസാദ്ധ്യതകളുള്ള പരിസര മലിനീകരണം ഒഴിവാക്കുന്ന ജൈവകൃഷിക്കു വഴിവെയ്ക്കുന്ന അത്ഭുത ക്ലോണാണെന്നു തെളിയിക്കാനായി.

പക്ഷേ ഇനങ്ങളുടെ കാര്യത്തില്‍ 105 ഉം അവസാനവാക്കല്ലെന്നത്‌ തിര്‍ച്ചയാണ്‌. 105 നെക്കാള്‍ ഉത്‌പാദനക്ഷമതയിലും രോഗപ്രതിരോധ ശേഷിയിലും മുന്നിട്ടുനില്‍ക്കുന്ന ക്ലോണുകള്‍ ഭാവിയില്‍ ഉരുത്തിരിഞ്ഞു വന്നെന്നിരിക്കും. അതുസ്വാഭാവികം മാത്രം. പക്ഷേ അതെപ്പേഴോ സംഭവിക്കുന്നു. അതുവരെ 105 നമ്മുടെ റബ്ബര്‍ മേഖലയില്‍ ഇരുണ്ട പച്ച മേലാപ്പണിയിച്ചു നിലകൊള്ളണം.

ദൗര്‍ഭാഗ്യവശാല്‍ 2006 നടീല്‍ സീസണ്‍ മുതല്‍ ഗവേഷണകേന്ദ്രം തന്നെ വികസിപ്പിച്ചെടുത്ത രണ്ടു പുതിയ ക്ലോണ്‍ കര്‍ഷകര്‍ക്ക്‌ വന്‍തോതില്‍ കൃഷി ചെയ്യുന്നതിനായി ശുപാര്‍ശ ചെയ്തു തുടങ്ങിയിരിക്കുന്നു. RRII-414, 430.വിതരണണോദ്ഘാടനം നിര്‍വ്വഹിച്ചത്‌ 2005 ജൂലായില്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം ആയിരുന്നു, ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക്‌ ഉപഹാരമായി.

എന്നാല്‍ ഈ ക്ലോണുകള്‍ രണ്ടിനും ഹെക്ടര്‍ പ്രതിയുള്ള ഉത്‌പാദനക്ഷമതയുടെ കണക്ക്‌ ലഭ്യമല്ല. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍ ഇവയ്ക്ക്‌ 105 നെക്കാള്‍ ഉല്‍പാദനക്ഷമത കുറവാണെന്നത്ഥം.അകാലിക ഇലപൊഴിച്ചിലെന്ന കുമിള്‍രോഗത്തിനെതിരെ ഇവയ്ക്കു പ്രതിരോധ ശേഷി അല്‍പം പോലുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു.

2006 ലെ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരണത്തില്‍ RRII-414ന്‌ 38 ശതമാനവും 430 ന്‌ 20 ശതമാനവും ഉത്‌പാദനം 105 നെക്കാള്‍ കൂടുതലായി ഉണ്ട്‌ എന്ന്‌ രേഖപ്പെടുത്തിയിരുന്നത്‌ 2007ലെ പ്രസിദ്ധീകരണത്തില്‍ പിന്‍വലിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്‌. അതായത്‌ ഉത്‌പാദന ക്ഷമതാവര്‍ദ്ധനവെന്ന അവകാശവാദം ബോര്‍ഡ്‌ പിന്‍വലിച്ചിരിക്കുന്നു. കൂടാതെ മരം പ്രതിയുള്ള ഉത്‌പാദനത്തിന്റെ കണക്കുപരിശോധിച്ചാല്‍ ഉത്‌പാദനത്തോത്‌ 105 നെക്കാള്‍ ഗണ്യമായി കുറവാണെന്നും കാണാം.

അതായത്‌ 105 ന്‌ ബദലായി പ്രചരിപ്പിച്ചുതുടങ്ങിയിരിക്കുന്ന രണ്ടുക്ലോണുകളും ഉത്‌പാദന ക്ഷമതാ വിഷയത്തിലും രോഗപ്രതിരോധശേഷിയുടെ കാര്യത്തിലും, നിലവിലുള്ള 105 നെ അപേക്ഷിച്ച്‌ തീര്‍ത്തും തരംതാണതാണെന്ന്‌ ബോര്‍ഡ്‌തന്നെ പരോക്ഷമായി സമ്മതിക്കുന്നു എന്നര്‍ഥം.

ഇതിനു വ്യക്തമായ തെളിവാണ്‌ 2007 ഏപ്രില്‍ ലക്കം റബ്ബര്‍ മാസികയിലെ ‘മഴക്കാലത്ത്‌ ഇലകള്‍കൊഴിയാതിരിക്കാന്‍’ എന്നപേരിലെ ലേഖനം. പുതുകൃഷിയും ആവര്‍ത്തന കൃഷിയുംവഴിക്രമേണ 105 നെ പുറംതള്ളി നാടാകെ 414 ഉം, 430 ഉം കൃഷിചെയ്യപ്പെട്ടുകഴിയുമ്പോള്‍ ഇലപൊഴിച്ചിലിനെതിരെ മരുന്നുതളി പണ്ടേപ്പോലെ വീണ്ടും ഒരു അനിവാര്യതയായി മാറുമെന്നു തീര്‍ച്ചയുള്ളതുകൊണ്ടല്ലേ ഓടുന്ന പട്ടിക്ക്‌ ഒരുമുഴം മുമ്പേയുള്ള ഈ കല്ലെറിയല്‍?

2007 മെയ്‌ മാസത്തെ റബ്ബര്‍ മാസികയില്‍ പുതുകൃഷിയും ആവര്‍ത്തന കൃഷിയും ചെയ്യാന്‍ കര്‍ഷകരെ ആഹ്വാനം ചെയ്യുകയും 4000 ജനസമ്പര്‍ക്ക പരിപാടികള്‍വഴി ഒരു ലക്ഷത്തോളം കര്‍ഷകരെ നേരില്‍ കണ്ട്‌ വിശദവിവരങ്ങള്‍ നല്‍കാനുദ്ദേശിക്കുന്നതായും വായിക്കുകയുണ്ടായി. അവിടെ വിതരണം ചെയ്യുന്നത്‌ പുതിയ ക്ലോണുകളുടെ വിവരങ്ങളാണ്‌. വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട്‌, ക്ലോണുകളെ തിരിച്ചറിയാനുള്ള അടയാളങ്ങളെപ്പറ്റിയുള്ള ഒരു പുസ്തകവും വിതരണം ചെയ്യുന്നു.

ഈയവസരത്തില്‍ റബ്ബര്‍ കര്‍ഷകരോടൊരുവാക്ക്‌. ദീര്‍ഘകാലാടിസ്ഥാനത്തില്‍ റബ്ബര്‍ത്തോട്ട വ്യവസായത്തെയും നാടിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെയും പ്രതികൂലമായി ബാധിച്ച്‌ പ്രകൃതിക്കും ഗരുതരമായ പ്രത്യാഘാതങ്ങളുളവാക്കുവാന്‍ കഴിവുള്ളവയാണ്‌ തീര്‍ത്തും തരംതാണവയായ പുതിയ 414, 430 എന്നീയിനം ക്ലോണുകള്‍. ഇവയുടെ പ്രചാരം കുമിള്‍നാശിനി സ്പ്രേയിങ്ങുമായ ബന്ധപ്പെട്ട വ്യവസായികള്‍ക്കു മാത്രമേ ഗുണം ചെയ്യൂ എന്നുതീര്‍ച്ച.

ഉത്‌പാദനക്ഷമതാ വിഷയത്തിലും രോഗപ്രതിരോധശേഷിയിലും 105 നെക്കാള്‍ മെച്ചപ്പെട്ട ക്ലോണുകള്‍ എപ്പോള്‍ വികസിപ്പിച്ചെടുക്കുന്നുവോ അതേവരെ 105 നെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുക. 2006 സീസണില്‍ പുതിയ ഇനങ്ങള്‍ കൃഷിചെയ്തവര്‍ 2007 സീസണില്‍ പിഴുതുമാറ്റി 105 ഇനം നടുക. 414, 430 ഇനം റബ്ബര്‍ത്തൈകള്‍ ഒരുകാരണവശാലും കൃഷിചെയ്യാതിരിക്കുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിച്ച്‌ റബ്ബര്‍ത്തോട്ട വ്യവസായത്തിന്റെയും നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെയും നന്മയ്ക്കായി ഈ നടപടി അത്യാവശ്യമായും സ്വീകരിക്കുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടിവരില്ല.

(ലേഖിക റബ്ബര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ മൈക്കോളജിസ്റ്റ്‌ ആയിരുന്നു)
കടപ്പാട്‌: മാതൃഭൂമി 2-6-07

കര്‍ഷകനായിപ്പോയതുകൊണ്ട്‌ ഒരു ശാസ്ത്രജ്ഞയെ വിമര്‍ശിക്കുകയല്ല ചില സംശയങ്ങള്‍ക്ക്‌ മറുപടിതരുവാന്‍ മറ്റ്‌ മൈക്കോളജിസ്റ്റുകളോട്‌ അഭ്യര്‍ത്ഥിക്കുന്നു.

  • പട്ടമരപ്പിന്റെ പ്രതിവിധി ഐ.യു.ടി ആണോ?
  • നെക്രോസിസ്‌ എന്ന രോഗത്തിന് കാരണം മഗ്നീഷ്യത്തിന്റെ കുറവല്ലെ?
  • പട്ടമരപ്പിന് കാരണം മണ്ണിന്റെ അമ്ലസ്വഭാവം അല്ലെങ്കില്‍ ജൈവാംശക്കൂടുതല്‍, ടാപ്പിംഗ്‌ കാഠിന്യം, അവശ്യമൂലകങ്ങളുടെ ലഭ്യതക്കുറവ്‌ മുതലായവയല്ലെ?
  • മണ്ണിന്റെ pH 7 ന് അടുപ്പിച്ച്‌ നിലനിറുത്തി വേനല്‍ക്കാല മഴയിലോ വെള്ളത്തില്‍ ലയിപ്പിച്ചോ മഗ്നീഷ്യം സല്‍‌ഫേറ്റോ ഡൊളാമൈറ്റോ നല്‍കുന്നതിലൂടെ പട്ടമരപ്പൊഴിവാക്കുവാന്‍ കഴിയില്ലെ?
  • ഫ്ലോയത്തിലൂടെ അന്നജം വേരിലെത്തുകയും വേരുകളെ വളരുവാന്‍ സഹായിക്കുകയും ലെന്റി സെല്ലുകളിലൂടെ നടക്കുന്ന ശ്വസനവും പ്രകാശ സംശ്ലേഷണവും ഫുഡ്‌ സ്റ്റോറേജും അതിലൂടെ ലാറ്റെക്സ്‌ ലഭിക്കുകയുമല്ലെ ചെയ്യുന്നത്‌?
  • പ്രകാശ സംശ്ലേഷണത്തിന് ഇലയില്‍ ഹരിതകത്തിന്റെ ലോഹമൂലകമായ മഗ്നീഷ്യവും ജലത്തിലെ ഓക്സിജനും ഹൈഡ്രജനും വേനല്‍ക്കാലത്ത് കുറയുകയും ടാപ്പിംഗ്‌ തുടരുകയും ചെയ്യുന്നത്‌ പട്ടമരപ്പിന് കാരണമാകില്ലെ?
  • ലാറ്റെക്സ്‌ ഇലയില്‍ നിന്ന്‌ താഴേയ്ക്കല്ല മറിച്ച്‌ (സെക്കന്ററി തിക്കനിംഗ്‌ ഇന്‍ ഡൈക്കോട്ട്‌ സ്റ്റെം അറിയാമെങ്കില്‍) പട്ടയിലാണ് രൂപപ്പെടുന്നത്‌ എന്നത് ശരിയാണോ?
  • പിങ്കും, പ്യാച്ച്‌ക്യാങ്കറും, ബാര്‍ക്ക്‌ ഐലന്റും, പട്ടമരപ്പും ഒഴിവാക്കുവാന്‍ മഗ്നീഷ്യത്തിന് കഴിയില്ലെ?

NB: റബ്ബര്‍ ബോര്‍ഡിനേയും ഗവേഷണകേന്ദ്രത്തെയും വിമര്‍ശിക്കുവാന്‍ കൂടുതല്‍ ആളെക്കിട്ടുന്നത്‌ ഒരു വലിയ കാര്യം തന്നെ.

Key Words: TPD/Brown bast, Inclined Upward Tapping, Indian Rubber Board, RRII, L.Thankamma

ഒരു അഭിപ്രായം ഇടൂ