നദീജലം മലിനപ്പെടുത്തുന്നവര്‍

കരമന നദിയില്‍ നിന്നും അനേകം പമ്പ് ഹൌസുകളിലൂടെ ജലം പമ്പ്‌ ചെയ്ത്‌ കുടിവെള്ളമായി പലസ്ഥലങ്ങളിലും എത്തിക്കുന്നു എന്റെ ഗ്രാമത്തിലുള്‍പ്പെടെ. തിരുവനന്തപുരം നഗരവാസികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വിളപ്പില്‍ശാല ചവര്‍ സംസ്കരണശലയില്‍ എത്തിച്ചതിന്റെ ബാക്കി പത്രം കരമനയാറ്റില്‍ കണ്ടുതുടങ്ങി. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വേളയില്‍ ഫ്രാറ്റും (ഫെഡറേഷന്‍ ഓഫ്‌ റസിഡന്റ്‌സ്‌ അസ്സോസിയേഷന്‍സ്‌) ഹീരകണ്‍‌സ്ട്രക്‌ഷന്‍സും ചേര്‍ന്ന്‌ വൈ.എം.സി.എ ഹാളില്‍ പന്നിയന്‍ രവീന്ദ്രന്‍ എം.പി, വി.എസ്‌.ശിവകുമാര്‍ ex-MP എന്നിവരുമായി ഒരു മുഖാമുഖം പരിപാടി സംഘടിപ്പിക്കുകയും അത്‌ എ.സി.വിയിലൂടെ ടെലക്കാസ്റ്റ്‌ ചെയ്യുകയും ചെയ്തു. അവിടെ ഞാനവതരിപ്പിച്ചത്‌ നഗരമാലിന്യങ്ങള്‍ നദിയെ വിളപ്പില്‍ശാലവഴി മലിനപ്പെടുത്തുമെന്നും ആ ജലം പമ്പ്‌ ചെയ്ത്‌ വി.ഐ.പി കള്‍ക്ക്‌ പി.ടി.പിയില്‍ ലഭ്യമാകുമെന്നും രോഗികളെ ചികിത്‌സിക്കാന്‍ കൂടുതല്‍ ആശുപത്രികള്‍ വേണ്ടിവരുമെന്നും ആണ്.

അവരവരുടെ വീടുകളിലെ മാലിന്യങ്ങള്‍ അവരവര്‍തന്നെ വിസര്‍ജ്യം ഉള്‍പ്പെടെ സംസ്കരിക്കുകയും ടെറസുകളിലും വീട്ടുമുറ്റത്തും ജൈവകൃഷിചെയ്ത്‌ അല്പമെങ്കിലും നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ രോഗങ്ങളില്‍നിന്ന്‌ മുക്തി നേടാമെന്നിരിക്കെ “തന്നെയും കെടുക്കും തക്കവരെയും കെടുക്കും” എന്ന രീതിയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയല്ലെ ചെയ്യുന്നത്‌? കേന്ദ്രീകൃത രാസ വിഷമാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള സംവിധാനവും കുളിമുറിവെള്ളവും മറ്റും സംഭരിച്ച് ശുദ്ധീകരിച്ച്‌ ചെടികള്‍ നനക്കുവാനും മറ്റും ഉപയോഗിക്കുവാനുള്ള സംവിധാനവും അണ് നടപ്പിലാക്കേണ്ടത്‌.

ഇനി കേരളത്തിന് ഭാരമാകുവാന്‍ പോകുന്ന ഈവേസ്റ്റ്‌ മറ്റൊരു വിപത്താണ് എന്ന കാര്യത്തിലല്‍‌സംശയം വേണ്ട.

കരമനനദി മലിനപ്പെടുന്നതിന് തെളിവായി മാതൃഭൂമിയിലെ വാര്‍ത്ത ശ്രദ്ധിക്കുക.

വാര്‍ത്ത

 

മലിനജലം ഒഴുകിയെത്തിയപ്പോള്‍ മീനുകള്‍ ചത്തു. ആ വെള്ളം കുടിക്കുന്ന മനുഷ്യന്റെ ഗതിയെന്താകും? പോബ്‌സ്‌ ജൈവവളം കൊണ്ട്‌ കൃഷി ചെയ്താല്‍ ചിലപ്പോള്‍ കീടനാശിനിയുടെ ആവശ്യം വരില്ല. എന്നാല്‍ ആ പച്ചക്കറികള്‍ തിന്നുന്നവരുടെ ഗതി എന്താവും? വിഷങ്ങളൊന്നും പോബ്‌സ്‌ ചേര്‍ക്കുന്നതല്ല അത്‌ നമ്മുടെ നഗരവാസികളുടെ സമ്മാനം തന്നെ.

വിളപ്പില്‍ശാല മാലിന്യസംസ്കരണകേന്ദ്രത്തിലെ മലിനജലം സമീപത്തെ ജലസ്രോതസ്സുകളെയും കുടിവെള്ളത്തെയും ദുഷിപ്പിക്കുന്നുവെന്ന്‌ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്‌ കണ്ടെത്തി. ഇത്‌ പരിഹരിച്ചില്ലെങ്കില്‍ തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ ബോര്‍ഡ്‌ മുന്നറിയിപ്പ്‌ നല്‍കി. വിളപ്പില്‍ശാലയുടെ സമീപത്തുള്ള കരമനയാറിലെയും ചൊവ്വല്ലൂര്‍-മീനംപള്ളി തോടുകളിലെയും വെള്ളം പരിശോധിച്ച ശേഷമാണ്‌ അതില്‍ മാലിന്യമുണ്ടെന്ന്‌ കണ്ടെത്തിയത്‌. കരമനയാറില്‍ നിന്നും മണലയത്ത്‌ ജലം സംഭരിച്ച്‌ കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഇത്‌ ഉപയോഗയോഗ്യമല്ലെന്ന്‌ കണ്ടെത്തിയതായി മലിനീകരണ നിയന്ത്രണബോര്‍ഡ്‌ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ സംഭവിക്കുകയും കുടിവെള്ള വിതരണം നിര്‍ത്തിവെയ്ക്കേണ്ടി വരികയും ചെയ്തു.  ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെന്ന്‌ മലിനീകരണനിയന്ത്രണബോര്‍ഡ്‌ കുറ്റപ്പെടുത്തി. വിളപ്പില്‍ശാല മാലിന്യനിര്‍മ്മാര്‍ജ്ജനകേന്ദ്രത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പാഴ്‌വസ്തുക്കളില്‍ നിന്ന്‌ ഒലിച്ചിറങ്ങുന്ന മലിനജലമാണ്‌ ജലസ്രോതസ്സുകളെ ഉപയോഗയോഗ്യമല്ലാതാക്കുന്നത്‌. അത്‌ നിര്‍മ്മാര്‍ജ്ജനം ചെയ്താല്‍ മാത്രമേ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകുകയുള്ളൂ. അതിനായി ‘സാനിട്ടറി ലാന്‍ഡ്‌ ഫില്‍’ പദ്ധതി സമര്‍പ്പിച്ചെങ്കിലും അത്‌ യാഥാര്‍ഥ്യമായിട്ടില്ലെന്നും ബോര്‍ഡ്‌ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ 1974ലെ ജല മലിനീകരണ നിയന്ത്രണനിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പ്രകാരം കോര്‍പ്പറേഷനെതിരെ നടപടി സ്വീകരിക്കുമെന്ന്‌ ബോര്‍ഡ്‌ രേഖാമൂലം അറിയിച്ചിട്ടുണ്ട്‌.
കാടപ്പാട്‌: മാതൃഭൂമി 13-5-07

4 പ്രതികരണങ്ങള്‍

  1. കഷ്ടം തന്നെ! ഈ വെള്ളമാണോ തിരുവനന്തപുരം നഗരം നിവാസികള്‍ കുടിയ്ക്കുന്നത്?

  2. “തന്നെയും കെടുക്കും തക്കവരെയും കെടുക്കും”

    വാസ്തവം തന്നെ.

    അധികപറ്റല്ല എങ്കില്‍, ചിത്രങ്ങളൊക്കെയുള്ള ഒരു ലേഖനം തരപ്പെടുത്താനാവുമോ ചന്ദ്രേട്ടാ?

  3. ഏവൂരാനെ: എന്റെ കൈവശം മൊബൈലോ, ക്യാമറായോ ഫോട്ടോ എടുക്കുവാന്‍ പറ്റിയത്‌ ഇല്ല. എനിക്ക്‌ സെര്‍ച്ച്‌ ചെയ്ത് കിട്ടിയ ഒരു ഇംഗ്ലീഷിലുള്ള പേജ്

  4. ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ…

ഒരു അഭിപ്രായം ഇടൂ