കെട്ടിടനികുതി പരിഷ്കരണം

കെട്ടിടനികുതി പരിഷ്‌കരണം: ഉത്തരവ്‌ മരവിപ്പിക്കും – പാലോളി

തിരുവനന്തപുരം: കെട്ടിടനികുതി പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്‌ തല്‍ക്കാലം മരവിപ്പിക്കുമെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി നിയമസഭയില്‍ പറഞ്ഞു. 1999-ലെ പഞ്ചായത്ത്‌ നിയമഭേദഗതിക്ക്‌ അനുസൃതമായി ചട്ടങ്ങള്‍ നിര്‍മ്മിക്കാതെ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ച്‌ നിലവിലുള്ളതിനേക്കാള്‍ പത്തും മുപ്പതും മടങ്ങായി കെട്ടിടനികുതി ഈടാക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച്‌ കെ.എം. മാണി (കേരള കോണ്‍.എം.) നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ്‌ ഈ കാര്യം മന്ത്രി വ്യക്തമാക്കിയത്‌.

കെട്ടിടനികുതി പരിഷ്‌കരിക്കുന്നതിന്‌ ആവശ്യമായ ചട്ടങ്ങള്‍ രൂപവത്‌കരിക്കുന്നതുവരെയാണ്‌ ഉത്തരവ്‌ മരവിപ്പിക്കുക.

1995-ലാണ്‌ കെട്ടിടനികുതി ഒടുവില്‍ പരിഷ്‌കരിച്ചത്‌. 1999-ല്‍ പഞ്ചായത്ത്‌ നിയമത്തില്‍ ഭേദഗതിവരുത്തി തറവിസ്‌തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടനികുതി നിശ്ചയിക്കാന്‍ തീരുമാനിച്ചു. ഈ രീതിയിലുള്ള നികുതിനിര്‍ണയം നടപ്പില്‍ വന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നികുതിയില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ കഴിയാതെ വരും. അഴിമതി കുറയ്‌ക്കാനും ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട്‌ ഇല്ലാതാക്കാനും കഴിയും. ഇതിനുള്ള കരട്‌ ചട്ടങ്ങള്‍ നിയമവകുപ്പ്‌ പരിശോധിച്ചുവരികയാണ്‌. ഇത്‌ പൂര്‍ത്തിയായശേഷമേ പുതുക്കിയ നിരക്കില്‍ നികുതിപിരിവ്‌ ആരംഭിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള നിരക്കിന്റെ 60 ശതമാനത്തിലധികം നികുതിവര്‍ധന ഒരിക്കലും ഉണ്ടാകില്ലെന്നും മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.

എന്നാല്‍ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയ കെ.എം.മാണി ഇതിനോട്‌ യോജിച്ചില്ല. ചട്ടങ്ങള്‍ രൂപവത്‌കരിക്കാതെ നികുതി പിരിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്‌ ശരിയല്ലെന്നായിരുന്നു മാണിയുടെ വാദം. നികുതിപിരിവ്‌ നിയമപ്രകാരമാകണമെങ്കില്‍ ചട്ടം ഉണ്ടാകേണ്ടതുണ്ട്‌. നികുതിപിരിവ്‌ നടപടിക്രമമനുസരിച്ചാകണമെന്നു ഭരണഘടന പറയുന്നുണ്ടെന്നും കെ.എം.മാണി പറഞ്ഞു.

ചട്ടം ഉണ്ടാക്കാതെ നികുതി പിരിക്കാന്‍ ഉത്തരവിറക്കിയത്‌ നിയമവിരുദ്ധമാണെന്ന്‌ സര്‍ക്കാര്‍ സമ്മതിച്ച സ്ഥിതിക്ക്‌ ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ചട്ടങ്ങള്‍ രൂപവത്‌കരിച്ചശേഷമേ നികുതി പിരിവ്‌ ആരംഭിക്കൂവെന്ന്‌ മന്ത്രി തോമസ്‌ഐസക്‌ പറഞ്ഞുവെങ്കിലും പ്രതിപക്ഷം തൃപ്‌തരായില്ല. നിയമസഭയേയും സബ്‌ജക്ട്‌ കമ്മിറ്റിയേയും നോക്കുകുത്തിയാക്കി ഉത്തരവ്‌ നടപ്പാക്കുകയാണെന്ന്‌ ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും ആരോപിച്ചു. തുടര്‍ന്ന്‌ ചട്ടവും സര്‍ക്കാര്‍ ഉത്തരവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ പരിശോധിക്കാമെന്ന്‌ നിയമമന്ത്രി വിജയകുമാര്‍ പറഞ്ഞുവെങ്കിലും വീണ്ടും കെ.എം. മാണി തടസ്സവാദം ഉന്നയിച്ചു. ഇതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച്‌ കെട്ടിടനികുതി പരിഷ്‌കരണം സംബന്ധിച്ച ഉത്തരവ്‌ തല്‍ക്കാലം മരവിപ്പിക്കുകയാണെന്ന്‌ മന്ത്രി പാലോളി പ്രഖ്യാപിച്ചു.

കെട്ടിടനികുതി നിര്‍ദേശം മരവിപ്പിച്ചു; നികുതിപരിഷ്‌കരണത്തിന്‌ പഞ്ചായത്തുകള്‍ ചെലവഴിച്ചത്‌ കോടികള്‍

മലപ്പുറം: കെട്ടിടനികുതി പരിഷ്‌കരണം മരവിപ്പിച്ചതോടെ ഇതുമായി ബന്ധപ്പെട്ട്‌ പഞ്ചായത്തുകളടക്കമുള്ള തദ്ദേശസ്ഥാപനങ്ങള്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ പാഴ്‌വേലയായി. മൂന്നുകോടിയോളം രൂപയുടെ അപേക്ഷാഫോമുകള്‍ ഇതിനായി പഞ്ചായത്തുകള്‍ വാങ്ങിയിരുന്നു. 10 മാസത്തിലധികമായി നികുതിപരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലായിരുന്നു പഞ്ചായത്തുകള്‍. മിക്ക പഞ്ചായത്തുകളിലും നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ്‌ നികുതിവര്‍ധന മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. പുതിയ തീരുമാനം തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ടിന്‌ കുറവുവരുത്തുമെന്ന്‌ മാത്രമല്ല ഇതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വെറുതെയാവുകയും ചെയ്യും.

2008 ആഗസ്‌ത്‌ മുതലാണ്‌ കെട്ടിടനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികള്‍ പഞ്ചായത്തുകള്‍ തുടങ്ങിയത്‌. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഇതിനായി 30,000 രൂപയ്‌ക്കുള്ള അപേക്ഷാഫോമുകള്‍ വീതം പാലക്കാട്ടുള്ള ഗ്രാമലക്ഷ്‌മി മുദ്രണാലയത്തില്‍നിന്ന്‌ വാങ്ങി. നികുതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ പൊതുജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച്‌ അഭിപ്രായങ്ങള്‍ ആരായുകയും സമന്വയമുണ്ടാക്കുകയും ചെയ്‌തിരുന്നു. നികുതിപരിഷ്‌കാര പരിശീലനം നടത്തുകയും ചെയ്‌തു.

നാല്‌ പേജുകളുള്ള വിശദമായ ഫോമാണ്‌ ഓരോ നികുതിദായകനും നല്‍കിയിരുന്നത്‌. തനിയെ പൂരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പലരും പണം കൊടുത്ത്‌ പൂരിപ്പിച്ച്‌ പഞ്ചായത്ത്‌ ഓഫീസുകളിലെത്തിക്കുകയായിരുന്നു. നികുതിദായകന്‍ പറഞ്ഞിരിക്കുന്ന വീടിന്റെ വിസ്‌തീര്‍ണമടക്കമുള്ള വസ്‌തുതകള്‍ ശരിയാണോയെന്ന്‌ പരിശോധിക്കാന്‍ പഞ്ചായത്ത്‌ ജീവനക്കാര്‍ വീടുവീടാന്തരം കയറിയിറങ്ങി. ഒരു വീടിന്‌ അഞ്ച്‌ രൂപ നിരക്കില്‍ ഓരോ ജീവനക്കാര്‍ക്കും ഇതിന്‌ വേതനവുംനല്‍കി.

നിലവിലുള്ള നികുതിയില്‍നിന്ന്‌ വീടുകള്‍ക്ക്‌ 20 ശതമാനം മുതലും റസ്റ്റോറന്റുകള്‍ക്കും മറ്റും 75 ശതമാനവും കൂട്ടാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഈ പ്രഖ്യാപനം വന്നതുമുതല്‍ വിവിധ മേഖലകളില്‍നിന്ന്‌ പ്രതിഷേധമുയര്‍ന്നു. ചില പഞ്ചായത്തുകളും ഇതിനെതിരെ രംഗത്തുവന്നു. ഇതേത്തുടര്‍ന്ന്‌ തദ്ദേശഭരണവകുപ്പ്‌ ചില ഇളവുകള്‍ പ്രഖ്യാപിക്കുകയും വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക്‌ നിശ്ചയിച്ചിരുന്ന നികുതിയില്‍നിന്ന്‌ അഞ്ച്‌ ശതമാനം കുറയ്‌ക്കുകയും ചെയ്‌തു. 30 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക്‌ പുതിയ വര്‍ധനവില്‍നിന്ന്‌ 50 ശതമാനം വരെയും ഇളവ്‌ അനുവദിച്ചു.

പുതുക്കിയ നികുതിയുടെ കരട്‌ രേഖ പഞ്ചായത്തുകള്‍ പ്രസിദ്ധീകരിക്കുകയും അതില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട്‌ പരസ്യം നല്‍കുകയും ചെയ്‌തതിനുശേഷമാണ്‌ ഇവയെല്ലാം മരവിപ്പിച്ചുകൊണ്ട്‌ സര്‍ക്കാര്‍ തീരുമാനമെടുത്തത്‌.

വരാന്‍പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ടാണ്‌ നികുതിവര്‍ധന മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും കരുതുന്നു.

കടപ്പാട് – മാതൃഭൂമി 23-07-09

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പോസ്റ്റ്

തദ്ദേശസ്ഥാപനങ്ങളും കെട്ടിടങ്ങളും കൂടെ നീകുതി പരിഷ്കരണവും

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: