അനുഭവങ്ങള്‍ നേട്ടങ്ങള്‍ പാളിച്ചകള്‍

1989-ല്‍ റബ്ബര്‍ കൃഷി ആരംഭിക്കുമ്പോള്‍ എന്റെ അനന്തിരവന്‍ ജി.അജിത്‌കുമാര്‍ റബ്ബര്‍ ബോര്‍ഡിലെ ഡോക്കുമെന്റേഷന്‍ ഓഫീസര്‍ ആയിരുന്നു. അജിത്‌കുമാറിന്റെ താല്പര്യപ്രകാരമാണ് ഞാന്‍ റബ്ബര്‍ നടുന്നത്‌. പ്രസ്തുത കൃഷിയോട്‌ പുലബന്ധം‌പോലുമില്ലാതിരുന്നതിനാല്‍ എല്ലാ അറിവുകളും പകര്‍ന്ന്‌ കിട്ടിയത്‌ റബ്ബര്‍ ബോര്‍ഡില്‍നിന്നുതന്നെയാണ്. എന്നാല്‍ എന്റെ ഇക്കഴിഞ്ഞ 17 വര്‍ഷത്തെ അനുഭവത്തിലൂടെ മനസിലാക്കുവാന്‍ കഴിഞ്ഞ നേട്ടങ്ങളും പാളിച്ചകളും മറ്റ്‌ കര്‍ഷകര്‍ക്ക്‌ പ്രയോജനപ്രദമാകുമെന്നതിനാല്‍ സ്വാര്‍ത്ഥ താല്‍‌പര്യങ്ങളില്ലാതെ പ്രസിദ്ധീകരിക്കുന്നു.

1. ആറു രൂപ റബ്ബര്‍ ബോര്‍ഡില്‍ നിന്ന്‌ സബ്‌സിഡി കിട്ടുകയും 6.50 രൂപ വിലയുള്ള തൈകള്‍ വാങ്ങി നടുകയും ചെയ്തു. പലരും റിജെക്ട്‌ ചെയ്ത തൈകളായിരുന്നു അതില്‍ പലതും.

തൈകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ല തൈകള്‍ മാത്രം തെരഞ്ഞെടുക്കുക.

2. ദീര്‍ഘകാലം മരച്ചീനി നട്ടിരുന്ന ഭൂമിയായിരുന്നതിനാല്‍ മണ്ണിലെ ഫലഭൂയിഷ്ടി വളരെ കുറവായിരുന്നു.

കൂടുതലായും ജൈവ വളങ്ങള്‍ തന്നെയാണ് ഏതു കൃഷിയ്ക്കും അത്യുത്തമം.

3. തൈമരങ്ങള്‍ക്ക്‌ ഇട്ട രാസവളം 10:10:4:1.5 എന്ന മിക്‌സ്‌ചര്‍ ആയിരുന്നു.

ആദ്യത്തെ 10 എന്ന എന്‍ (N)  രാസവളത്തോടൊപ്പം 1.5 എന്ന മഗ്നീഷ്യം നല്‍കുവാന്‍ പാടില്ലായിരുന്നു. കാരണം അമ്ലസ്വഭാവമുള്ള നൈട്രജന്‍ മഗ്നീഷ്യത്തിന് ചേര്‍ന്നതല്ല. മാത്രവുമല്ല വെജിറ്റേറ്റീവ്‌ പീരിയേര്‍ഡ്‌ എന്നുപറയുന്ന പൂക്കുവാനും കായ്ക്കുവാനും പാകമാകുന്നതുവരെ മഗ്നീഷ്യത്തിന്റെ അളവ്‌ വളരെ കുറച്ച്‌ മതി. എന്‍ എന്ന രാസവളം വളരെവേഗം ജലത്തില്‍ അലിയുകയും അടുത്തുള്ള കിണറുകളില്‍ എത്തിച്ചേരുകയും ചെയ്യും. ആ ജലം മനുഷ്യര്‍ കുടിച്ചാല്‍ NO3 എന്ന നൈട്രേറ്റ്‌ NO2 എന്ന നൈട്രിറ്റ് ആയി മാറി ആമാശയഭിത്തികളില്‍ അടിഞ്ഞുകൂടി ക്യാന്‍സറിന് കാരണമാകുകയും ചെയ്യും.  എന്‍ എന്ന രാസവളം പൂര്‍ണമായും ഒഴിവാക്കി ജൈവവള രൂപത്തില്‍ നല്‍കുന്നതാണ് നല്ലത്‌.

4. തൈകള്‍ തമ്മിലുള്ള അകലവും മിതമായ ടെറസ്‌ വെട്ടലും.

തൈകള്‍ തമ്മിലുള്ള അകലം 16 അടിയായും ടെറസ്‌ തൈയുടെ ചുവട്ടില്‍നിന്ന്‌ നാലടിദൂരം വരെ ഒരടിതാഴ്‌ച്ചയായും നീക്കം ചെയ്ത മണ്ണ്‌ പിന്‍‌കാനയില്‍ മൂന്നടിദൂരംവരെ ഉയര്‍ത്തിയും നിലനിറുത്തി. ഉയരം കൂടിയ ഭാഗത്ത്‌ 110 നീര്‍ക്കുഴികള്‍ റബ്ബര്‍ബോര്‍ഡിന്റെ സഹായത്താല്‍ നിര്‍മിച്ച്‌ മണ്ണില്‍ ജലം റീചാര്‍ജ്‌ ചെയ്‌തും ജൈവ സമ്പത്ത് നഷടപ്പെടാതെയും വേരുചീയല്‍ ഒഴിവാക്കിയും പരിപാലിച്ചു.

5. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നട്ടു വളര്‍ത്തിയത്‌ സെന്‍‌ട്രോസീമ ഇനപ്പില്‍പ്പെട്ട കളപ്പയറായിരുന്നു.

കാലി വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്‌ സെന്‍‌ട്രോസീമ ഇനത്തില്‍പ്പെട്ട കളപ്പയര്‍ ഒരനുഗ്രഹം തന്നെയാണ്. ഇലകള്‍ കാലിത്തീറ്റയായി ഉപയോഗിച്ചാലും വേരിലെ നൈട്രജന്‍ മണ്ണിന് ലഭിക്കും. പ്യൂപ്പേറിയ മ്യൂക്കുണ എന്നിവ റബ്ബര്‍ മരങ്ങളില്‍ പടര്‍ന്ന്‌ കയറി മരങ്ങള്‍ക്ക്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

6. എല്ലാ മരങ്ങളും ഒരേ രീതിയില്‍ വളരാന്‍ ശ്രദ്ധിച്ചു. (Uniform Growth)

വളര്‍ച്ച മുരടിച്ച മരങ്ങള്‍ക്ക്‌ കാലാകാലങ്ങളിലെ കൂടുതല്‍ പരിചരണം, 7.5 മുതല്‍ 8 അടി ഉയരമെത്തുന്നതുവരെ ചെറിയ ശിഖരങ്ങള്‍ അടര്‍ത്തിക്കളയല്‍ അതിന് ശേഷം ശിഖരം വളരാന്‍ അനുവദിക്കല്‍, ശിഖരം വരാത്ത മരങ്ങളുടെ ഇലകള്‍ മടക്കിക്കെട്ടി നാമ്പില്‍ സൂര്യപ്രകാശം കിട്ടാത്ത രീതിയില്‍  റബ്ബര്‍ബാന്റിട്ട്‌ കെട്ടി ശിഖരം വരുത്തല്‍, നാലുവശത്തേയ്ക്കും നാലു ശിഖരങ്ങള്‍ വിട്ട്‌ ബാക്കിയുള്ളവ നീക്കം ചെയ്യല്‍ മുതലായവ യൂണിഫോം ഗ്രോത്തിന് സഹായകമാണ്.

7. ഇലപ്പടര്‍പ്പിന്റെ വീതിക്ക്‌ താഴെ മരങ്ങള്‍ക്ക്‌ ചുറ്റിലും വളപ്രയോഗം.

വേരുകള്‍ വളരുന്നതിനനുസരിച്ച്‌ വളപ്രയോഗത്തിന്റെ വ്യാസവും വര്‍ദ്ധിപ്പിക്കണം. ചുവട്ടിലെ കളയും കളപ്പയറും മാത്രം നശിപ്പിച്ചാല്‍ മതിയാവും.

8. റബ്ബര്‍ബോര്‍ഡിന്റെ ഹ്രസ്വകാല ടാപ്പേഴ്‌സ്‌ ട്രയിനിങ്ങിലൂടെ ടാപ്പിംഗ്‌ പഠിച്ച്‌  ടാപ്പിംഗ്‌ ആരംഭിച്ചു.

തുടക്കത്തില്‍ തൊലി (പട്ട) മുഴുവന്‍ നഷ്ടപ്പെട്ടെങ്കിലും ജബോംഗ്‌ കത്തി ഉപയോഗിച്ച്‌ ടാപ്പ്‌ ചെയ്തതിനാല്‍ കായം വീഴുന്നത്‌ കുറയ്ക്കുവാന്‍ കഴിഞ്ഞു. അമിത ചൂഷണം നടത്താത്തതിനാല്‍ കായം മുഴകളില്ലാതെ മൂടിക്കിട്ടി. കറയുടെ കട്ടി അമിതമായി കുറഞ്ഞാല്‍ മന്ത് രോഗം ഉണ്ടാകും.

9. മഴയത്ത്‌ റയിന്‍ ഗാര്‍ഡ്‌, റയില്‍ ഷെയിഡ്‌ മുതലായവ ഉപയോഗിച്ചും വേനലില്‍ ടാപ്പ്‌  ചെയ്തും കറയെടുത്തു.

റയിന്‍ ഗാര്‍ഡിനേക്കാള്‍ ഷെയിഡ്‌ നല്ലതാണ്. എന്നാല്‍ ഏറ്റവും കുറച്ച്‌ പ്രകാശ സംശ്ലേഷണം നടക്കുമ്പോള്‍ അമിതമായി കറയെടുക്കുന്നത് ദോഷമാണ് എന്ന്‌ മനസിലായി. വേനലില്‍ 40 മരത്തില്‍ നിന്നുപോലും ഒരു ഷീറ്റ്‌ കിട്ടാതെ വന്നു. അപ്പോഴാണ് നേര്‍പ്പിച്ച എത്തിഫോണ്‍ ഉപയോഗം ആരംഭിച്ചത്‌.  വര്‍ഷങ്ങള്‍ക്ക്‌ ശേഷം 419 മരങ്ങളില്‍ 65 എണ്ണത്തിന് പൂര്‍ണമായും പട്ടമരപ്പ്‌ വന്നപ്പോഴാണ് എത്തിഫോണിന്റെ ദോഷം മനസിലായത്‌. മൊത്തം ഉത്‌പാദനത്തെയും അത്‌ ബാധിച്ചു.

10. ഐ.യു.റ്റി, സി.യു.റ്റി എന്നീ ടാപ്പിംഗ്‌ രീതികള്‍ എന്നെയും വെട്ടുപട്ടയ്ക്ക്‌ മുകളിലെ കട്ടികൂടിയ കറയെടുക്കുവാന്‍ പ്രേരിപ്പിച്ചു.

പട്ടമരപ്പിന് കാരണം വെട്ടിത്തുടങ്ങിയ ഭാഗത്തിന് മുകളില്‍ കൂടുതല്‍ കട്ടിക്കൂടിയ കറയാണെന്ന ധാരണയില്‍ താഴേയ്ക്ക്‌ ഒഴുക്കിയെടുക്കുവാന്‍ പല പരീക്ഷണങ്ങളും നടത്തി. എല്ലാം പരാജയപ്പെട്ടു. ആ സാഹചര്യത്തില്‍ റബ്ബര്‍ ബോര്‍ഡില്‍നിന്നും വിരമിച്ച്‌ ഐ.യു.റ്റി പ്രചരിപ്പിച്ച എല്‍.തങ്കമ്മ മാഡത്തോട്‌ ടെലഫോണിലൂടെ ഒരു വെല്ലുവിളിയും നടത്തി. ‘എ’ പാനല്‍ ടാപ്പ്‌ ചെയ്ത്‌ ശിഖരക്കെട്ടിലെത്തിയ ശേഷം ‘ബി’ പാനല്‍ ടാപ്പിംഗ്‌ ആരംഭിക്കുമ്പോള്‍ ശിഖരക്കെട്ടിന് താഴെ പൂര്‍ണമായും പട്ടമരപ്പ്‌ വന്നിരിക്കും. ജീവിച്ചിരിക്കുമെങ്കില്‍ കാണാം എന്ന്‌ അവര്‍ മറുപടിയും തന്നു.  ഇതിന് ഉത്തരം പറയേണ്ടത്‌ ആ രീതിയില്‍ ടാപ്പ്‌ ചെയ്ത കര്‍ഷകരാണ്.

11. റബ്ബര്‍ ബോര്‍ഡിന്റെ ലഘുലേഖകളും ഫീല്‍ഡ്‌ ഓഫീസറും ഗുണനിലവാരമുള്ള ഷീറ്റ്‌ നിര്‍മാണത്തിന് സഹായകമായി.

പുകപ്പുര ഇല്ലാതിരുന്നിട്ടുകൂടി അടുപ്പിലെ തീയ്ക്ക്‌ മുകളിലിട്ട്‌  തെക്കന്‍ എന്ന പേരുകേട്ട നാട്ടില്‍ ഒന്നാം  തരം ഷീറ്റുകളുണ്ടാക്കി.   വിപണിയില്‍ റബ്ബര്‍ മാര്‍ക്ക്‌ ആവശ്യപ്പെട്ടത്‌ കൂടുതല്‍ ക്വാണ്ടിറ്റി ആയിരുന്നു. അതിനാലാണ് ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റിയ്ക്ക്‌ രൂപം നല്‍കിയതും സുതാര്യമായ  പ്രവര്‍ത്തനം ആരംഭിച്ചതും. അപ്പോള്‍ത്തന്നെ റബ്ബര്‍ ബോര്‍ഡില്‍നിന്നും റിസോഴ്‌സ്‌ പേഴ്‌സണ്‍ എന്ന പേരില്‍ ആനുകൂല്യം കൈപ്പറ്റിക്കൊണ്ട്‌ കര്‍ഷകരെ ഗുണനിലവാരമുള്ള ഷീറ്റുകള്‍ നിര്‍മിക്കുവാന്‍ പഠിപ്പിക്കുന്ന പരിശീലന പരിപാടികളിലും പങ്കാളിയാകേണ്ടിയും വന്നു.

12. ഫോര്‍മിക്‌ ആസിഡും അതിന്റെ പാളിച്ചകളും.

വേനല്‍ക്കാലത്ത്‌ ഉറകൂടാനായി വെച്ച കറ ദിവസങ്ങളോളം ഉറകൂടാതിരുന്നു. റബ്ബര്‍ബോര്‍ഡില്‍ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. കൊടുതല്‍ അന്വേഷിച്ചപ്പോള്‍ ആസിഡ്‌ മോശമായത്‌ ആകാം കാരണമെന്നായി. അനന്തപുരി റബ്ബേഴ്‌സില്‍ നിന്ന്‌ വാങ്ങിയ 35 കിലോയുടെ ആസിഡായിരുന്നു.  ഫോറന്‍സിക്‌ ലാബില്‍ കൊണ്ടുചെന്നപ്പോള്‍ അവിടെ പരിശോധിക്കണമെങ്കില്‍ ഞാന്‍ കുടിച്ച്‌ ചത്ത്‌ പരി‍ശോധിക്കാനുള്ള ഉത്തരവ്‌ മജിസ്രേട്ടില്‍ നിന്ന്‌ ലഭിക്കണം എന്നായി മറുപടി.  എന്നാല്‍ പൂജപ്പുര ആയുര്‍വേദ ആശുപത്രിയുടെ ലാബില്‍ നിന്ന്‌ ആസിഡിന് കുഴപ്പമില്ല എന്നറിഞ്ഞു. പരാതിപ്പെടുവാന്‍ ലോട്ട്‌ നമ്പര്‍ നോക്കുവാന്‍ കന്നാ‍സില്‍ നോക്കിയപ്പോഴാണ് മനസിലായത്‌ ആസിഡ്‌ ചൂട്‌, തീപ്പൊരി, സൂര്യപ്രകാശം മുതലായവയോട്‌ റീയാക്ട്‌ ചെയ്യുമെന്ന്‌. അങ്ങിനെയാണ് അടിച്ചെടുത്ത ഷീറ്റിലെ ആസിഡ്‌ നിര്‍വീര്യമാക്കുവാന്‍ തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തില്‍ മുക്കി വെയിലത്തിട്ട്‌ ഉണക്കാന്‍ തുടങ്ങിയത്‌. ചൂട്‌ സമയത്ത്‌ കറയോടൊപ്പം ഐസ്‌ കട്ടയോ തണുത്ത വെള്ളമോ ചേര്‍ത്ത്‌ നേര്‍പ്പിച്ചാല്‍ ഉറകൂടുന്ന ഷീറ്റുകള്‍ക്ക്‌ മുകളില്‍ നിറം മാറ്റം വരുകയില്ല.

13. വേനല്‍ക്കാലത്ത്‌ റബ്ബര്‍ കോട്ട്‌ പുരട്ടി മുകളില്‍ ചുണ്ണാമ്പ്‌ അടിച്ചാലും  ഉത്‌പാദനം കുറയുന്നതായി കണ്ടു.

മൊരിയിലൂടെ നടക്കുന്ന പ്രകാശ സംശ്ലേഷണം തടസപ്പെടുവാന്‍ കാരണമാകുന്നതും, ചൂടുതട്ടിയാല്‍ പുതു പട്ടയുടെ പുറമേ കൂടുതല്‍ നിര്‍ജീവ കോശങ്ങള്‍ ഉണ്ടാകുന്നതും ദോഷമാണെന്ന്‌ മനസിലായി. ഇപ്പോള്‍ എന്റെ അയല്‍ വാസികളാരും റബ്ബര്‍കോട്ട്‌ പുരട്ടാറില്ല. അന്തരീക്ഷത്തിലെ കാര്‍ബണും ഇലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ജലത്തിലെ ഓക്സിജനും ഹൈഡ്രജനും മഗ്നീഷ്യവുമാണ് പുതുപ്പട്ടയ്ക്ക്‌ വേണ്ടതെന്ന്‌ മനസിലായി.

14. പട്ടമരപ്പിനെപ്പറ്റിയുള്ള പഠനങ്ങള്‍ എത്തിച്ചത്‌ പുതുപ്പട്ടയിലെ പച്ച നിറത്തിലാണ്.

കേരള കാര്‍ഷിക സര്‍വകലാശാലയിലെ സോയില്‍ സയന്‍സ്‌ വിഭാഗം തലവനായിരുന്ന ഡോ.തോമസ്‌ വര്‍ഗീസിനോട്‌ സംശയം ചോദിച്ചത്‌ “സര്‍ പട്ടമരപ്പ്‌ വന്ന മരങ്ങളില്‍ ചുരണ്ടിനോക്കിയാല്‍ പുതുപട്ടയില്‍ പച്ച നിറം കാണുന്നില്ല. എന്നാല്‍ പട്ടമരപ്പ്‌ വരാത്ത മരങ്ങളില്‍ പച്ച നിറം കാണുവാന്‍ കഴിയും.” അദ്ദേഹമാണ് എനിക്ക്‌ പറഞ്ഞു തന്നത്‌ ഹരിതകത്തിലെ ലോഹ മൂലകം മഗ്നീഷ്യം ആണ് എന്ന്‌.

15. ഉണങ്ങിയ തോട്ടപ്പയറും ഇലകളും തീപിടിച്ച്‌  തോട്ടം നശിക്കാതിരിക്കാന്‍ നിയന്ത്രിത തീയിടല്‍.

കാലാകാലങ്ങളിലെ ഇലപൊഴിച്ചിലിന് ശേഷം തളിരിലകള്‍ വന്ന് കഴിഞ്ഞാലുടന്‍ റബ്ബര്‍ മരത്തിന്റെ ചുവട്ടില്‍ നിന്നും 6 അടി വ്യാസത്തില്‍ ചവറുകള്‍ നീക്കം ചെയ്ത്‌ നിയന്ത്രിതമായി തീയിട്ടാല്‍ അന്തരീക്ഷത്തിലെ ഫൈറ്റോതോറ കുമിളിന്റെ അളവ്‌ കുറയുകയും മണ്ണിനുള്ളിലെ ജലം നീരാവിയാകുന്നത്‌ ഒരു ഇന്‍‌സുലേഷന്‍ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട്‌ കുറയുകയും മണ്ണിലേയ്ക്ക്‌ ആദ്യ മഴയില്‍ അരിച്ചിറങ്ങുന്ന ജലം ശുദ്ധീകരിക്കപ്പെടുന്നതായും മനസിലായി. കളപ്പയറിന്റെ വിത്തുകള്‍ വേഗം പൊടിക്കുകയും ചെയ്യുന്നു.

16. മഗ്നീഷ്യം നല്‍കിയുള്ള പരീക്ഷണങ്ങള്‍ പട്ടമരപ്പിന് പരിഹാരമായി.

ചവറുകള്‍ ചുട്ടശേഷം ആദ്യമഴയില്‍ മഗ്നീഷ്യം സല്‍‌ഫേറ്റ്‌ നല്‍കിയപ്പോള്‍ വേനലില്‍ തുള്ളിവീഴുന്നത്‌ കൂടുന്നതായും പുതുപ്പട്ടയില്‍ കടുത്ത പച്ച നിറമുണ്ടാകുന്നതായും പുതുപ്പട്ട സൂചികൊണ്ട്‌ കുത്തിനോക്കിയാല്‍ മിതമായ കട്ടിയുള്ള കറ ഒലിക്കുന്നതും കാണുവാന്‍ കഴിഞ്ഞു. മഗ്നീഷ്യം നല്‍കിയില്ലെങ്കില്‍ പുതുപ്പട്ടയിലെ കറ കട്ടിയുള്ളതും ആര്‍‌ആര്‍‌ഐ 105 ആണ് എങ്കില്‍ നല്ല മഞ്ഞ നിറമുള്ളതായും കാണുവാന്‍ കഴിയും. ഇടവപ്പാതിയ്ക്ക്‌ മുന്‍പുണ്ടാകുന്ന മഴയില്‍ ഫാക്ടം‌ഫോസും പൊട്ടാഷും മഗ്നീഷ്യം സല്‍‌ഫേറ്റും നല്‍കിയപ്പോള്‍ തുള്ളിവീഴുന്നത്‌ കുറയുന്നതായും വള്ളിപ്പാലിന് കട്ടികൂടുന്നതായും കാണുവാന്‍ കഴിഞ്ഞു. അപ്പോഴാണ് ബോട്ടണി അധ്യാപികയില്‍ നിന്നും അമ്ലസ്വഭാവമുള്ള നൈട്രജനോടൊപ്പം മഗ്നീഷ്യം നല്‍കിയതാണ് കാരണമെന്ന അറിവ്‌ കിട്ടിയത്‌.

17. ലാറ്റെക്സ്‌ റബ്ബര്‍ മരത്തിന്റെ പട്ടയിലാണ് രൂപപ്പെടുന്നതെന്നും അത്‌ താഴെനിന്ന്‌ മുകളിലേയ്ക്കാണ് സഞ്ചരിക്കുന്നതെന്നും മനസിലായി.

നാളിതുവരെ ശാസ്ത്രജ്ഞരോ റബ്ബര്‍ ഗവേഷണകേന്ദ്രമോ അംഗീകരിക്കാത്ത റബ്ബര്‍ കറ താഴെനിന്ന്‌ മുകളിലേയ്ക്കാണ് സഞ്ചരിക്കുന്നത്‌ എന്നത്‌ കര്‍ഷകര്‍ക്ക്‌ പല പരീക്ഷണങ്ങളിലൂടെയും കണ്ടെത്തുവാന്‍ കഴിയും. എത്തിഫോണ്‍ പുരട്ടിയാല്‍ കീഴ്‌ഭാഗത്ത്‌ കട്ടികുറയുകയും മുകളില്‍ കട്ടി കുറയാതിരിക്കുകയും ചെയ്യും. ഉണങ്ങിയ കട്ടികൂടിയ മൊരി (നിര്‍ജീവകോശങ്ങള്‍) മഗ്നീഷ്യം നല്‍കി കട്ടി കുറച്ച്‌ ജീവനുള്ള കോശങ്ങള്‍ പച്ച നിറത്തോടെ പട്ടയുടെ പുറമേ ലഭ്യമാക്കുവാന്‍ കഴിയും.