പുകച്ച റബ്ബര്‍ ഷീറ്റിന്റെ ഗ്രേഡുകള്‍

റബ്ബര്‍ ഷീറ്റുകള്‍ കണ്‍‌മതി സമ്പ്രദായത്തിലാണ് ഇപ്പോഴും തരം തിരിക്കപ്പെട്ടുപോരുന്നത്‌. ലോകത്തില്‍ ആദ്യമായി സ്വാഭാവിക റബ്ബറിന് തരം തിരിവുകള്‍ നിര്‍ദ്ദേശിച്ചത്‌ ന്യൂയോര്‍ക്കിലെ റബ്ബര്‍ മാനുഫാക്‌ചറേഴ്‌സ്‌ അസ്സോസിയേഷന്‍ (ആര്‍.എം.എ) എന്ന സംഘടനയാണ്. 1960 -ല്‍ സിങ്കപ്പൂരില്‍ ചേര്‍ന്ന അന്തര്‍ദേശീയ സമ്മേളനം ഇപ്പോള്‍ നിലവിലുള്ള ഗ്രേഡിംഗ്‌ രീതി അംഗീകരിക്കുകയും സ്വാഭാവിക റബ്ബര്‍ തരംതിരിക്കുന്ന വിധം വിശദമായി പ്രദിപാദിക്കുന്ന “ഗ്രീന്‍ ബുക്ക്‌ എന്ന മാനുവല്‍” പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതനുസരിച്ച്‌ റബ്ബര്‍ഷീറ്റുകളെ ആറ്‌ ഗ്രേഡുകളായിട്ടാണ് തിരിച്ചിരിക്കുന്നത്‌. ആര്‍.എസ്‌.എസ്‌ 1x, ആര്‍.എസ്‌.എസ്‌ 1, ആര്‍.എസ്‌.എസ്‌ 2, ആര്‍.എസ്‌.എസ്‌ 3, ആര്‍.എസ്‌.എസ്‌ 4, ആര്‍.എസ്‌.എസ്‌ 5 എന്നിവയാണ് അവ. റിബ്‌ഡ്‌ സ്മോക്ക്‌ഡ്‌ ഷീറ്റ്‌ എന്നതിന്റെ ചുരുക്കപേരാണ് ആര്‍.എസ്‌.എസ്‌. റബ്ബര്‍ ഷീറ്റിന്റെ നിറം, കരട്‌, മറ്റു മാലിന്യങ്ങള്‍ എന്നിവയുടെ തോതും, ഷീറ്റിന്റെ ബലം, പുകയുടെ അളവ്‌, ഉണക്ക്‌, കുമിളകള്‍, ഒട്ടല്‍, സുതാര്യത, ജാരണ ലക്ഷണങ്ങള്‍, റീപ്പര്‍ അടയാളം എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് റബ്ബര്‍ ഷീറ്റ്‌ തരം തിരിക്കുന്നതിനുള്ള മാന ദണ്ഡങ്ങള്‍. ഷീറ്റുകള്‍ സാധാരണയായി സൂര്യപ്രകാശത്തിനെതിരെ തിരിച്ചു പിടിച്ചാണ് ഗ്രേഡ്‌ നിശ്ചയിക്കുന്നത്‌.

ആര്‍.എസ്‌.എസ്‌ 1x

ഈ ഗ്രേഡിലുള്ള ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും യാതൊരുവിധ കരടോ മാലിന്യങ്ങളോ ഇല്ലാത്തതും, ബലമുള്ളതും, ഒരേ അളവില്‍ പുകച്ചതും, സുതാര്യവും ആയിരിക്കണം. തേനിന്റെ നിറമോ സ്വര്‍ണനിറമുള്ളതോ, ആയ ഷീറ്റുകളാണ് ഈ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മങ്ങിയ നിറത്തിലുള്ള ഷീറ്റുകള്‍, അമിതമായി പുകകൊണ്ട ഭാഗങ്ങള്‍ ഇവ്യൊന്നും തന്നെ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റില്‍ ഉണ്ടായിരിക്കരുത്‌. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവ്‌, കുമിളകള്‍, തുരുമ്പ്‌, റീപ്പര്‍ പാടുകള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നുംതന്നെ ഈ ഗ്രേഡ്‌ ഷീറ്റില്‍ കാണാന്‍ പാടില്ല.

ആര്‍.എസ്‌.എസ്‌ 1

ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകള്‍ സ്വര്‍ണനിറമുള്ളതോ തേനിന്റെ നിറമുള്ളതോ ആയിരിക്കണം. കരടോ മറ്റു മാലിന്യങ്ങളോ ഒന്നുംതന്നെ കാണാന്‍ പാടില്ല. ഷീറ്റുകള്‍ ബലമുള്ളതും, പുകച്ചതും സുതാര്യവും ആയിരിക്കണം. മങ്ങിയ നിറത്തിലുള്ളതും അമിതമായി പുകച്ച ഷീറ്റുകളും ഈ ഗ്രേഡില്‍ അനുവദനീയമല്ല. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവുള്ള ഭാഗങ്ങള്‍, കുമിളകള്‍, തുരുമ്പ്‌, റീപര്‍ പാടുകള്‍, ഉണങ്ങാത്ത ഭാഗങ്ങള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നും തന്നെ ഈ ഗ്രേഡിലുള്ള ഷീറ്റില്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. മുകളില്‍ കൊടുത്തിരിക്കുന്ന ഗ്രേഡില്‍‌പ്പെട്ട റബ്ബര്‍ ഷെറ്റുകളുടെ കെട്ടിന് പുറത്ത്‌ പൂപ്പലോ മണല്‍‌ത്തരികളോ ഉണ്ടായിരിക്കരുത്‌. ഭംഗിയായി പായ്ക്ക്‌ ചെയ്തിരിക്കണം.

ആര്‍.എസ്‌.എസ്‌ 2

വളരെ ചെറിയ കുമിളകള്‍ (pin head bubbles) പട്ടയുടെ ഒന്നോ രണ്ടോ പൊടിക്കരടുകള്‍ എന്നിവ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റില്‍ അനുവദനീയമാണ്. പക്ഷേ ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും തേന്‍ നിറമുള്ളതും ബലമുള്ളതും സുതാര്യവുമായിരിക്കണം. ഒട്ടല്‍, ഉരുകല്‍, ജാരണം മൂലമുള്ള പാടുകള്‍ ഇവയൊന്നും തന്നെ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ കാണാന്‍ പാടില്ല. മണല്‍‍ത്തരി, വൃത്തിയില്ലാത്ത പായ്‌ക്കിംഗ്‌ മുതലായവയും അനുവദനീയമല്ല. ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റിലോ അതിന്റെ കെട്ടുകളുടെ പുറത്തോ പൂപ്പല്‍ ഉണ്ടായിരിക്കരുത്‌. എന്നാല്‍ പരിശോധനയ്ക്ക്‌ വിധേയമാക്കുന്ന മൊത്തം കെട്ടുകളില്‍ അഞ്ച്‌ ശതമാനത്തിന്റെ കവര്‍ഷീറ്റില്‍ വളരെ ചുരുങ്ങിയ തോതില്‍ ഉണക്ക പൂപ്പല്‍ പരിശോധന സമയത്ത്‌ കാണുകയാണെങ്കില്‍ തള്ളിക്കളയേണ്ടതില്ല എന്നാണ് ഗ്രീന്‍ ബുക്കിലെ നിബന്ധന.

ആര്‍.എസ്‌.എസ്‌ 3

പട്ടയുടെ ചെറിയ പൊടിക്കരടുകള്‍, ചെറിയ കുമിളകള്‍ എന്നിവ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ അനുവദനീയമണ്. അല്‍പ്പ ന്‍ഇറം മങ്ങിയ ഷീറ്റുകള്‍ ഈ ഗ്രേഡില്‍ പെടുത്താം. ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും ബലമുള്ളതും സുതര്യവും പുകച്ചതും ആയിരിക്കണം. ഒട്ടല്‍, ഉരുകല്‍, ജാരണവിധേയമയ ഭാഗങ്ങള്‍, ഉണങ്ങാത്ത ബ്ഹാഗങ്ങള്‍, വലിയകുമിളകള്‍, തുരുമ്പ്‌, റീപ്പര്‍പാടുകള്‍, മണല്‍ത്തരികള്‍ എന്നിവയില്‍നിന്നും വിമുക്തമായിരിക്കണം. പരിശോധനയ്ക്ക്‌ വിധേയമാക്കുന്ന മൊത്തം കട്ടുകളില്‍ പത്തു ശതമാനം കെട്ടുകളുടെ പുറത്തും അകമേയുള്ള ഷീറ്റുകളിലും നേരിയ തോതില്‍ ഉണക്ക പൂപ്പല്‍ തുരുമ്പ്‌ എന്നിവ പരിശോധനസമയത്ത്‌ കാണുകയാണെങ്കില്‍ അവ തള്ളിക്കളയേണ്ടതില്ല എന്ന്‌ ഗ്രീന്‍ ബുക്കില്‍ നിബന്ധനയുണ്ട്‌.

ആര്‍.എസ്‌.എസ്‌ 4

ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ നേരിയ തോതില്‍ പട്ടയുടെ പൊടിക്കരടുകള്‍, കുമിളകള്‍, റീപ്പര്‍മാര്‍ക്ക്‌ എന്നിവ അനുവദനീയമാണ്. നേരിയ തോതില്‍ ഒട്ടലുള്ള ഷീറ്റുകളും ഈ ഇനത്തില്‍പ്പെടുത്താം. പുക കൂടുതലുള്ളതാണെങ്കിലും സുതാര്യമായതാണെങ്കില്‍ ഈ ഗ്രേഡില്‍ ഉള്‍പ്പെടുത്താം. ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും ബലമുള്ളതുമായിരിക്കണം. പൊള്ളിയതോ, ഉരുകിയതൊ, ബലക്കുറവുള്ളതോ, കരിഞ്ഞതോ ആയ ഷീറ്റുകള്‍ ഈ വിഭാഗത്തില്‍പ്പെടുത്താന്‍ പാടില്ല. പരിശോധനയ്ക്ക്‌ വിധേയമാക്കുന്ന മൊത്തം ക്എട്ടുകളില്‍ 20 ശതമാനം കെട്ടുകളുടെ പുറത്തും അകമേയുള്ള ഷെറ്റുകളിലും നേരിയ തോതില്‍ ഉണക്ക പൂപ്പല്‍, തുരുമൊ് എന്നിവ കാണുകയാണെങ്കില്‍ അവ തള്ളിക്കളയേണ്ടതില്ല എന്നാണ് ഗ്രീന്‍ ബുക്കിലെ നിബന്ധന.

ആര്‍.എസ്‌.എസ്‌ 5

ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ ചെറിയ കരടുകള്‍, കുമിളകള്‍, റീപ്പര്‍മാര്‍ക്ക്‌, ഒട്ടല്‍ എന്നിവ അനുവദനീയമാണ്. പുകക്കൂടുതലുള്ള ഷീറ്റുകള്‍, ഉരുകിയ ഷീറ്റുകള്‍, സുതാര്യമല്ലാത്ത ഷ്ഈറ്റുകള്‍, കറുത്ത ഷ്ഈറ്റുകള്‍ എന്നിവ ഈ ഇനത്തില്‍പ്പെടുത്താം. ഷീറ്റുകള്‍ നല്ല ബലമുള്ളതും, ഉണങ്ങിയതും ആയിരിക്കണം. ജാരണവിധേയമായ ഷീറ്റുകള്‍, പൊള്ളിയതോ കരിഞ്ഞതോ അയ ഷീറ്റുകള്‍ എന്നിവ ഈ ഗ്രേഡില്‍ അനുവദനീയമല്ല. പരിശോധനയ്ക്ക്‌ വിധേയമക്കുന്ന 30 ശതമാനം കെട്ടുകളുടെ പുറത്തും അകമേയുള്ള ഷീറ്റുകളിലും ഉണക്കപ്പൂപ്പല്‍, തുരുമ്പ്‌ എന്നിവ ചുരുങ്ങിയ തോതില്‍ കാണുകയാണെങ്കില്‍ അവ തള്ളിക്കളയേണ്ടതില്ല എന്നാണ് ഗ്രീന്‍ ബുക്കിലെ നുബന്ധന.

തരം തിരിക്കാത്തത്‌

തരം തിരിക്കാത്തത്‌ എന്ന പേരിലും റബ്ബര്‍ ഷീറ്റുകളുടെ വിപണനം നടക്കുന്നുണ്ട്‌. ആര്‍.എസ്‌.എസ്‌ 3 എന്ന ഗ്രേഡിന് താഴെ വരുന്ന ഗ്രേഡുകളില്‍പ്പെടുന്നതും വളരെ തരം താണതുമായ റബ്ബര്‍ ഷീറ്റുകള്‍ ഉള്‍പ്പെട്ടതാണ് ഈ വിഭാഗം.

മേല്‍ വിവരിച്ചിട്ടുള്ള ഗ്രേഡിംഗ്‌ മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്

വിഷയം: ഗ്രേഡിംഗ്‌

4 പ്രതികരണങ്ങള്‍

  1. ചന്ദ്രേട്ടാ..

    കുറച്ചു റബ്ബര്‍ വീട്ടിലും ഉണ്ട്.

    ഗ്രേഡില്ലാത്ത റബ്ബറിനെ ഗ്രേഡിലാക്കുന്നത് എങ്ങനെയാണ് ?

  2. ഗ്രേഡില്ലാത്ത റബ്ബറിനെ ഗ്രേഡിലാക്കുന്നത് എങ്ങനെയാണ് ?
    ഗ്രേഡിന് വേണ്ടതെന്താണെന്ന്‌ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നു. വെട്ടുപട്ടമുതല്‍ ഷീറ്റടിക്കുന്ന റോളര്‍വരെ വൃത്തിയായി സൂക്ഷിച്ചാല്‍തന്നെ ഗ്രേഡായി മാറും. 24 മണിക്കൂര്‍കൊണ്ട്‌ പുകച്ച്‌ ഉണക്കിയെടുക്കുവാന്‍ കഴിയുന്ന ചെലവുകുറഞ്ഞ പുകപ്പുര അടുത്തൊരു ബ്ലോഗായി പ്രസിദ്ധീകരിക്കാം.
    ഗ്രേഡിങ്ങിന്റെ കാര്യത്തില്‍ കര്‍ഷകര്‍ കബളിപ്പിക്കപ്പെടാതിരിക്കുവാന്‍ ഈ ബ്ലോഗ്‌ സഹായകമാകും എന്ന്‌ വിശ്വസിക്കട്ടെ.

  3. ചന്ദ്രേട്ടാ, കൊള്ളാം. റബ്ബറിന്റെ ഗ്രേഡിനേപ്പറ്റി അത്ര വലിയ അറിവ് ഒന്നുമില്ലായിരുന്നു എനിക്ക്. നാട്ടില്‍ വച്ച് ഷീറ്റ് വില്‍ക്കുമ്പോള്‍ ആര്‍. എസ്. എസ്. 4 എന്നും ലോട്ട് എന്നും രണ്ടു തരത്തില്‍ മാത്രമേ കടയുടമസ്ഥര്‍ ഷീറ്റ് തരം തിരിക്കുന്നത് കണ്ടിട്ടുള്ളൂ. വീട്ടില്‍ പുകപ്പുരയൊക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത്ര വൃത്തിയായി സൂക്ഷിക്കാറില്ലാത്തതിനാല്‍ മിക്കവാറും ലോട്ട് ആയിരിക്കും കൂടുതല്‍ 😉

    ഇനിയും ഇതുപോലെയുള്ള നല്ല അറിവ് പകരുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമല്ലോ. ആശംസകള്‍..

  4. […] റബ്ബര്‍ ഷീറ്റുകള്‍ തരംതിരിവിനുള്ള മാനദണ്ഡങ്ങള്‍ കാലപ്പഴക്കം ചെന്നതും ആധുനിക […]