സമ്പത്തുള്ളവര്‍ രാജാക്കന്മാര്‍ – അവരുടെ പിന്നാലെ മാധ്യമങ്ങളും

Beeta Group with G-flexബിസ്‌ക്കറ്റ്‌ രാജാവായിരുന്ന രാജന്‍പിള്ളയുടെ ഇളയ സഹോദരന്‍ ഡോ.രാജ്‌മോഹന്‍‌ പിള്ള റബ്ബര്‍ രാജാവോ?

റബ്ബര്‍ മരങ്ങളില്‍ എത്തിലിന്‍ എന്ന വാതകം പട്ടമരപ്പിന് കാരണമാകുമെന്നിരിക്കെ ഈ ഉത്തേജക ഔഷധത്തെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെ വരുന്ന ബീറ്റാ ഗ്രൂപ്പിന്റെ പരസ്യങ്ങള്‍ക്ക്‌ പിന്നില്‍ അവരുടെ ക്ലാസ്സിഫൈഡ്‌സ്‌ തന്നെയാവണം ലക്ഷ്യം. കാര്‍ഷികമേഖലയിലെ ഉദ്‌പാദനവര്‍‌ദ്ധനവിന് വ്യവസായ വകുപ്പ്‌ മന്ത്രിയെ സ്വാധീനിച്ച്‌ വിപണനോദ്‌ഘാടണം നടത്തിച്ച്‌ മലേഷ്യന്‍ ടെക്‌നോളജി എന്ന്‌ വിളമ്പരം ചെയ്യുമ്പോള്‍ നിഷ്‌ക്രിയത്വം പാലിക്കുന്ന റബ്ബര്‍ ബോര്‍ഡിലെ ഗവേഷണ വിഭാഗം മൌനം പാലിക്കുന്നു. എത്തിലീന്‍ എന്ന വാതകം അമിതമായ കറയുടെ പ്രവാഹത്തിന് കാരണമാകുകയും കൂടുതല്‍ മരങ്ങള്‍ക്ക്‌ പട്ടമരപ്പ്‌ വരുകയും ചെയ്യും. ഇന്ത്യയിലെ പ്രതിഹെക്ടര്‍ ഉദ്‌പാദനം 1879 കിലോഗ്രാം ടണ്ണില്‍ നിന്ന്‌ 3,758 ടണ്ണായി ഉയര്‍ത്താമെന്ന് പറയുന്ന ബീറ്റാ ഗ്രൂപ്പ്‌ ആദ്യം മലേഷ്യന്‍ ടെക്നോളജി അവിടെ പരീക്ഷിച്ച്‌ അവരുടെ 2006 ലെ പ്രതിഹെക്ടര്‍ ഉദ്‌പാദനമായ 1360 ടണ്ണിനെ രണ്ടായിരത്തിന് മുകളിലെങ്കിലും എത്തിക്കുകയാണ് വേണ്ടത്.

ഭക്ഷ്യ സംസ്കരണ വ്യവസായത്തില്‍ മുന്‍‌നിരക്കാരായ ബീറ്റാ ഗ്രൂപ്പ്‌ റബ്ബര്‍ ഉദ്‌പാദന മേഖലയിലേക്കും വേശിക്കുന്നതായാണ് 27-8-07 ലെ മാതൃഭൂമി ധനകാര്യം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് . ഇതേ ദിവസം തന്നെ ദി ഹിന്ദു ദിനപത്രവും പ്രസിദ്ധീകരിച്ചിരിക്കുന്നു. ന്യൂ ഇന്‍ഡ്‌ എക്സ്‌പ്രസ്‌ നേരത്തെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ റബ്ബറിന്റെ 92% ഉദ്‌പാദിപ്പിക്കുന്ന കേരളത്തില്‍ മാധ്യമങ്ങളെ സ്വാധീനിച്ച്‌ നടത്തുന്ന ഈ പ്രചരണം ഫലപ്രാപ്തിയിലെത്തിയാല്‍ മൂന്നു വര്‍ഷത്തിനകം കേരളത്തിന്റെ സംഭാവന 40% ആയി മാറുവാനുള്ള സാധ്യതയാണ് ഉള്ളത്‌. എന്തും ചികഞ്ഞെടുക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ്‌ ഫിസിയോളജി വിഭാഗത്തിന്റെ അഭിപ്രായം ആരായത്തത്‌ ഖേദകരമാണ്. മാത്രവുമല്ല ഇത്തരം തെറ്റായ മാധ്യമങ്ങളുടെ പ്രവര്‍ത്തനം റബ്ബര്‍ കര്‍ഷകരെ നാശത്തിന്റെ വക്കിലെത്തിക്കുവാനെ പ്രയോജനപ്പെടുകയുള്ളു.

Advertisements

ജൈവകൃഷി റബ്ബര്‍ തോട്ടങ്ങളില്‍

A message from Chairman Rubber Board

റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണ വിഭാഗത്തിനോ ചെയര്‍മാനോ ജൈവകൃഷിയ്ക്ക്‌ താല്പര്യമില്ലയെന്നതിന്റെ തെളിവാണ് ആഗസ്റ്റ്‌ ലക്കം റബ്ബര്‍ മാസികയിലൂടെ ചെയര്‍മാന്‍ തന്നെ നല്‍കുന്ന സന്ദേശത്തില്‍ നിന്നും വെളിപ്പെടുന്നത്‌. പച്ചക്കറി, പഴവര്‍ഗങ്ങള്‍, നെല്‍കൃഷി തുടങ്ങിയവയെല്ലാം തന്നെ ജൈവകൃഷിരീതീകളിലൂടെ രാസ വളങ്ങളുടെയും കീടനാശിനിയുടെയും കളനാശിനിയുടെയും  സഹായമില്ലാതെ മികച്ച ഉദ്‌പാദനം കാഴ്ചവെക്കാമെന്ന്‌ തെളിയിക്കപ്പെട്ട കാര്യമാണ്. കളനാശിനിയായ റൌണ്ടപ്പിന്റെ പരസ്യത്തിന് റബ്ബര്‍ മാസികയില്‍ അവസരം ലഭ്യമാക്കുകയും മണ്ണും ഇലയും പരിശോധിച്ച്‌ എന്‍.പി.കെ എന്ന രാസ വളം ടാപ്പുചെയ്യുന്നതോട്ടങ്ങള്ളില്‍ പ്രചരിപ്പിക്കുകയും പൊടിക്കുമിള്‍ ബാധയെചെറുക്കുവാന്‍ ഗന്ധകപ്പൊടി സ്പ്രേചെയ്യുവാനും അകാലിക ഇലപൊഴിച്ചിലിനെതിരെ കോപ്പര്‍ ഓക്സി ക്ലോറൈഡ്‌ സ്പ്രേ ചെയ്യുവാനും നിര്‍ദ്ദേശിക്കുന്നു. കൂടാതെ തൈറൈഡ്‌, ഇന്‍ഡോഫില്‍ എം-45 തുടങ്ങിയ അനേകം കുമിള്‍ നാശിനികളുടെ പ്രയോഗത്തിനായി ഗവേഷണ വിഭാഗം പ്രചരണവും നടത്തുന്നു.

ഇത്തരം വിഷപ്രയോഗത്തിലൂടെ മണ്ണിലെ ഹ്യൂമസ് എന്ന ജൈവാംശത്തെ നശിപ്പിക്കുവാനും മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്ന മണ്ണിരകളെ നശിപ്പിക്കുവാനും മാത്രമേ കഴിയുകയുള്ളു. മാത്രവുമല്ല 25 നും 30 വര്‍ഷത്തിനും ഇടയില്‍ പ്രായം വരുന്ന റബ്ബര്‍ മരങ്ങളെ നീക്കം ചെയ്ത്‌ ആവര്‍ത്തന കൃഷിക്കായി പുതു കൃഷിയേക്കാള്‍ പ്രാധാന്യവും ധനസഹായവും നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ചെറുകിട കര്‍ഷകരാരും തന്നെ സ്പ്രേയിംങ്ങോ വിഷപ്രയോഗങ്ങളോ നടത്താറില്ല എന്നതാണ് വാസ്തവം. മനുഷ്യന് വരുന്ന അസുഖങ്ങള്‍ പോലെ തന്നെയാണ് റബ്ബര്‍ മരങ്ങള്‍ക്കും അസുഖങ്ങള്‍ ഉണ്ടാകുന്നത്‌. മണ്ണിലെ മൂലകങ്ങളുടെ അസന്തുലിതാവസ്ഥയും കുറവും  പരിഹരിക്കുന്നതിലൂടെ റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന ഓരോ രോഗത്തിനും പ്രതിവിധികള്‍ കണ്ടെത്തുവാന്‍ കഴിയും. എന്നാല്‍ ഗവേഷണ വിഭാഗത്തിന്റെ പാളിച്ചകള്‍ മറച്ചുവെയ്ക്കുവാനായി അത്യുത്‌പാദന ശേഷിയുള്ള പുതിയ ക്ലോണുകള്‍ ദീര്‍ഘ കാല ഗവേഷണങ്ങളൊന്നും ഇല്ലാതെ തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം അടിച്ചേല്‍പ്പിക്കുകയാണ്. അതിനായി റബ്ബര്‍ നഴ്‌സറികളെ പുതിയയിനം തൈകളും കൂടിയവിലയുമായി സജ്ജമാക്കിയിട്ടും ഉണ്ട്‌.  അത്തരം പുതിയ മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും വിഷപ്രയോഗം തന്നെയാണ് നിര്‍ദ്ദേശിക്കുന്നതും.  കൂടാതെ റബ്ബര്‍ തോട്ടങ്ങളിലെ വിഷപ്രയോഗങ്ങള്‍ കാരണം തോട്ടത്തിനുള്ളില്‍ കന്നുകാലികളെ മേയുവാന്‍ അനുവദിക്കെരുതെന്നും  അവിടെ നിന്നുള്ള കളയും കളപ്പയറും ഭക്ഷണമായി നല്‍കരുതെന്നും നിര്‍ദ്ദേശിക്കുന്നു.  റബ്ബര്‍ തോട്ടങ്ങളില്‍ ജൈവ വളങ്ങള്‍ നല്‍കരുതെന്നും മണ്ണും ഇലയും പരിശോധിച്ച്‌ വളപ്രയോഗം നടത്തിയാല്‍ മതിയെന്നും പ്രചരിപ്പിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.  പല കര്‍ഷകരുടെയും ജൈവ വളപ്രയോഗത്തിലൂടെയുള്ള നേട്ടങ്ങള്‍ മനസിലാക്കി ഇപ്പോള്‍ അക്കാര്യത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുള്ളതായി കാണാം.

ജൈവ വളങ്ങള്‍ ലഭ്യമാക്കി റബ്ബര്‍ കൃഷി ചെയ്യുന്നതിലൂടെ  കളയും കള‍പ്പയറും കാലികള്‍ക്ക്‌ ആഹാരം മാത്രമല്ല ലഭ്യമാക്കുന്നത്‌ റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കുറയുകയും അനേകം വര്‍ഷങ്ങള്‍ റബ്ബര്‍ ടാപ്പ്‌ ചെയ്യുവാന്‍ കഴിയുകയും ഉദ്‌പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുവാന്‍ കഴിയുകയും ചെയ്യും. മാത്രവുമല്ല റബ്ബര്‍തോട്ടത്തില്‍ ധാരാളം അമൂല്യങ്ങളായ ഔഷധ സസ്യങ്ങള്‍ ലഭ്യമാകുകയും അവ വളര്‍ത്താന്‍‌ കഴിയുന്നതിലൂടെ ഒരു വരുമാന മാര്‍ഗവും ആയിത്തീരുകയും ചെയ്യും. ആയുര്‍വേദമരുന്നുകള്‍ കീടനാശിനിമുക്തമായിരിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന്  വഴിയില്ലല്ലോ.  പരീക്ഷണാര്‍ത്ഥം ഗവേഷണകേന്ദ്രത്തില്‍ കൃഷി ചെയ്തിട്ടുള്ള ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷി ദൂരവ്യാപകമായ ദോഷഫലങ്ങളാണ് ഭാവിയില്‍ വരുത്തി വെയ്ക്കുവാന്‍ പോകുന്നത്‌. അതിന്റെ അവശിഷ്ടങ്ങളില്‍ ഉണ്ടാകുന്ന കളകള്‍ കീടങ്ങളെ മാത്രമല്ല അവിടെ മേയുന്ന അല്ലെങ്കില്‍ അവിടെ നിന്നുള്ള പുല്ല്‌ ഭക്ഷിക്കുന്ന കന്നുകാലികളെയും കൊല്ലും. അതിന് തെളിവാണ് ആന്ധ്രയിലെ ജി.എം പരുത്തി കൃഷിചെയ്ത സ്ഥലത്ത് മേഞ്ഞു നടന്ന കന്നുകാലികള്‍ ചത്തൊടുങ്ങിയത്‌.  അത്തരം പരുത്തിക്കുരു ആട്ടിയെടുക്കുന്ന എണ്ണയും മനുഷ്യന് ഭക്ഷണമായി ലഭിക്കും.

ഇന്ന്‌ ലോകത്തില്‍വെച്ച് ഏറ്റവും കൂടിയ ഉത്പാദന ക്ഷമതയുള്ള ആര്‍.ആര്‍.ഐ.ഐ 105 എന്ന ഇനം റബ്ബറിന്റെ കണ്ടെത്തലിന് പിന്നില്‍ കാട്ടിലെ റബ്ബര്‍ മരങ്ങളില്‍ കയറി കൃത്രിമ പരാഗണം നടത്തുവാന്‍ കഠിനാധ്വാനം ചെയ്ത കെ.എം.ജോസഫ്‌ എന്ന ഫീല്‍ഡ്‌ ഓഫീസറെ എത്രപേര്‍ ഓര്‍ക്കുന്നുണ്ടാവും. ഒറ്റമുറി ഗവേഷണകേന്ദ്രത്തില്‍ ശ്രീ വികെ.ഭാസ്കരന്‍ നായര്‍ എന്ന ശാസ്ത്രജ്ഞന് ഇത്രയും നല്ലൊരു ക്ലോണ്‍ സമ്മാനിക്കുവാന്‍ കഴിഞ്ഞത്‌ റിക്കോര്‍‍ഡ്‌ ചെയ്യപ്പെട്ടിട്ടുണ്ടോ? നാളിതുവരെ 105 ന്റെ കണ്ടെത്തലിനെപ്പറ്റി ലേഖനങ്ങളൊന്നും പ്രസിദ്ധീകരിച്ചാതായി അറിയില്ല.  ഇന്നും ഈ സത്യം അറിയാമെന്നുള്ള ചിലര്‍ ജീവിച്ചിരിക്കുന്നു എന്നതിനാല്‍ ഇത്  നിഷേധിക്കുകയില്ല തന്നെ.

റബ്ബര്‍ബോര്‍ഡിന്റെ ഗവേഷണ വിഭാഗത്തില്‍ പട്ടാളചിട്ട നടപ്പിലാക്കി നല്ലത്‌ പറയുന്ന ശാസ്ത്രജ്ഞരെ പിരിഞ്ഞു പോകുവാന്‍ ഉപദേശിക്കുന്ന ഒരു പാരഗ്രാഫ്‌ ചെയര്‍മാന്റെ സന്ദേശത്തിലുള്ളത്‌ ഇപ്രകാരമാണ്. “ഏതൊരു ഗവേഷണകേന്ദ്രത്തിന്റെയും വിജയം കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമാണ്. വ്യക്തിസത്വങ്ങള്‍ക്കതീതമായി നിന്നുകൊണ്ട്‌ സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണത്‌. സ്വാഭാവികമായും വ്യക്തിപരമായതാത്‌പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും വരാം. അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനങ്ങള്‍ ഉദ്ധതാഹങ്കാരങ്ങള്‍ക്ക്‌ വളര്‍ന്ന്‌ പന്തലിക്കാനുള്ള വളക്കൂറുള്ള മണ്ണായി എന്നു വരില്ല. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം അസുഖകരമായ മനസ്സോടെ സ്ഥാപനത്തില്‍തുടരുകയോ സ്ഥാപനം വിട്ടുപോകുകയോ മാത്രമാണ് മാര്‍ഗ്ഗം. പക്ഷെ തെളിഞ്ഞ മനസ്സോടെചിന്തിച്ചാല്‍ ഇക്കൂട്ടര്‍ക്ക്‌ ഒരുകാര്യം മനസിലാകാതിരിക്കില്ല.തങ്ങളുടെ ധൈഷണിക ചക്രവാളത്തെ വിപുലമാക്കുവാന്‍ ഒരു പരിധിവരെ സഹായിച്ചത്‌ ഈ സ്ഥാപനമായിരുന്നു എന്ന വസ്തുത. അത്‌ മനസിലാക്കാന്‍ കഴിയാത്തവരാണു പലപ്പോഴും അസത്യജടിലമായ പ്രസ്താവനകളുമായി സ്ഥാപനത്തിന്റെ യശസിനെ കളങ്കപ്പെടുത്താന്‍ തുനിയുക”.  റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരോട്‌ പറയേണ്ടകാര്യം എന്തിനാണ് റബ്ബര്‍ മാസികയില്‍ വന്നു?

ടാപ്പിങ്ങും ക്ലോണും: റബര്‍ ബോര്‍ഡിനെതിരെ ഹര്‍ജി

 തിരുവനന്തപുരം: ഉല്പാദനക്ഷമത വര്‍ധിപ്പിക്കുകയും പട്ടമരപ്പിന് പരിഹാരമാകുകയും ചെയ്യുന്ന പുതിയ ടാപ്പിങ് സാങ്കേതികവിദ്യ വികസിപ്പിച്ചു നല്‍കിയിട്ടും അത് കര്‍ഷകര്‍ക്കെത്തിച്ചുകൊടുക്കാത്ത റബര്‍ബോര്‍ഡിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായി ബോര്‍ഡിലെ മുന്‍ ശാസ്ത്രജ്ഞ എല്‍.തങ്കമ്മ അറിയിച്ചു.

കൂടാതെ ഉല്പാദനക്ഷമത സംശയാതീതമായി തെളിയിക്കാത്തതും രോഗവിധേയത്വം കൂടുതലുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞതുമായ തരംതാണ ക്ലോണുകള്‍ ശുപാര്‍ശചെയ്യുകവഴി നിലവിലുള്ള തിളക്കമാര്‍ന്ന നേട്ടമെന്ന് വിശേഷിപ്പിക്കാവുന്ന_ക്ലോണിന്റെ നാശത്തിന് വഴി തുറക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവും ജസ്റ്റിസ് കെ.ടി. ശങ്കരനുമടങ്ങുന്ന ഡിവിഷന്‍ബഞ്ച് കേന്ദ്ര സര്‍ക്കാരിനും റബര്‍ബോര്‍ഡ് ചെയര്‍മാനും റബര്‍ ഗവേഷണ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഉത്തരവായി.

റബര്‍, കുത്തനെ തുറന്ന പാനലില്‍ മുകളില്‍നിന്നു തുടങ്ങി താഴേയ്ക്കു വെട്ടിയിറങ്ങുന്ന, നൂറ്റാണ്ട് പഴക്കമുള്ള ടാപ്പിങ്രീതി തികച്ചും അശാസ്ത്രീയമാണെന്നും ടാപ്പിങ്ങെന്നാല്‍ താഴെനിന്ന് തുടങ്ങി ചരിഞ്ഞ പാനലില്‍ മുകളിലേക്ക് മാത്രമേ ആകാവൂ എന്നും അതുവഴി 45 ശതമാനം ഉല്പാദനവര്‍ധനയും പട്ടമരപ്പു കുറവും ലഭിക്കുമെന്നാണ് തങ്കമ്മയുടെ കണ്ടെത്തല്‍.

കടപ്പാട്‌; മാതൃഭൂമി 2-7-07

റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ  ശാസ്ത്രജ്ഞര്‍ തമ്മില്‍ കേസാകുമ്പോള്‍ കര്‍ഷകന് കോടതിയുടെ ഇടപെടലിലൂടെ നീതി ലഭിക്കുമല്ലോ. വര്‍ഷങ്ങളായിഞാന്‍ പറയുന്നു പട്ടമരപ്പിന്‍ കാരണം – അന്തരീക്ഷത്തിലെ കാര്‍ബ്ബണ്‍‌ ഡൈ ഓക്സൈഡിലെ കാര്‍ബണും ജലത്തിലെ ഓക്സിജനും ഹൈഡ്രജനും സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയിലൂടെ ഹരിതകത്തിലെ ലോഹമൂലകമായ മഗ്നീഷ്യത്തിന്റെ സഹായത്താല്‍  രൂപപ്പെടുന്ന അന്നജം ഫ്ലോയം എന്ന ഭാഗത്തുകൂടി ഫോസ്‌ഫറസിനെയും വഹിച്ചുകൊണ്ട്‌ വേരിലെത്തി വേരുകളെ വളരുവാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ പാല്‍ക്കുഴലുകളെയും കോര്‍ക്ക്‌ കേമ്പിയത്തെയും മൊരിയേയും വളരുവാന്‍ സഹായിക്കുന്നുവെന്നും ലെന്റി സെല്ലുകളില്‍ നടക്കുന്ന്ന പ്രകാശ സംശ്ലേഷണവും ശ്വസനവും മാത്രമല്ല ആഹാരവും സംഭര്രിക്കുന്നു വെന്നും അതിലൂടെയാണ് ലാറ്റെക്സ്‌ ലഭിക്കുന്നതെന്നും ആരെങ്കിലും അംഗീകരിക്കുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.

തങ്കമ്മ മാഡത്തോട്‌ എനിക്ക്‌ പറയുവാനുള്ളത്‌ ടാപ്പിംഗ്‌ രീതികളായ‌ ഐ.യു.ടി യും സി.യു.ടി യും അല്ല താഴേയ്ക്ക്‌ തന്നെയാണ് ടാപ്പ്‌ ചെയ്യേണ്ടത് എന്നാണ്. റ്ബ്ബര്‍ മരങ്ങളും മനുഷ്യശരീരം പോലെ മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ടാപ്പ്‌ ചെയ്തെടുക്കുന്ന ലാറ്റെക്സില്‍ അടങ്ങിയിരിക്കേണ്ട മിനിമം ഘടകങ്ങളുടെ ലഭ്യതയുമാണ് പട്ടമരപ്പിന് പരിഹാരവും ഗുണനിലവാരത്തിനും അനിവാര്യം.

ഈ പോസ്റ്റ്‌ മറ്റൊരിടത്തേയ്ക്ക്‌ മാറ്റിയിരിക്കുന്നു

Block in Explorer page

ഈ ബ്ലോഗ്‌ പോസ്റ്റ്‌ പേജ്‌ഫ്ലേക്കിലേയ്ക്ക്‌ അപ്‌ഡേറ്റിന് തടസം നിന്നതിനാല്‍ ഇവിടെനിന്നും അതേ വിഷയം ബ്ലോഗറില്‍ സ്വാഭാവിക റബ്ബര്‍ എന്ന ബ്ലോഗില്‍ പോസ്റ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നു.

Not Blocked by WordPress എന്നാല്‍ വേര്‍ഡ്‌ പ്രസ്‌ഫീഡ്‌ ബ്ലൊക്ക്‌ അല്ല എന്നും മുകളറ്റത്ത്‌ കാട്ടിയിരിക്കുന്ന ബ്ലോക്ക്‌ കാണുവാന്‍ കഴിയുന്നത്‌ എക്സ്‌പ്ലോറര്‍ പേജിലാണെന്നും കാണുവാന്‍ കഴിയും. മുകളിലത്തെചിത്രത്തില്‍ കാണുന്ന സ്ഥിതിവിവരകണക്കുകള്‍ എന്ന കാറ്റഗറിയായിരുന്നു പ്രശ്നം. ഫയര്‍ഫോക്സില്‍ പ്രശ്നമില്ലാതിരിക്കുകയും എക്സ്‌പ്ലോററില്‍ പ്രശ്നമാകുകയും ചെയ്ത്താണ് ആശയക്കുഴപ്പത്തിലായത്‌. ആ കാറ്റഗറി നീക്കിയപ്പോള്‍ പ്രശ്നവും മാറി.

റബ്ബര്‍ വിലയിലെ കളികള്‍ക്ക്‌ ആരൊക്കെ….

Price of NR an International & Domestic mkt for June 07 പൂര്‍ണരൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക. ഇത്‌ 2007 ജൂണ്‍ മാസം 1 മുതല്‍ 27 വരെയുള്ള സ്വാഭാവിക റബ്ബറിന്റെ അന്താരാഷ്ട്ര അര്‍.എസ്‌.എസ്‌ 3 ന്റെയും കോട്ടയം വിപണിവില ആര്‍.എസ്‌.എസ്‌ 4 ന്റെയും വിലയുടെ ഗ്രാഫാണ്. ഉത്‌പാദനത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയ്ക്ക്‌ ഇപ്രകാരം കളിക്കുവാന്‍ എന്തുകൊണ്ട്‌ സാധിക്കുന്നു? 

റബ്ബര്‍ വിലയിലെ കളികള്‍ക്കായി ആരൊക്കെ എന്തൊക്കെ ചെയ്യുന്നുവെന്ന്‌ ആര്‍ക്കെങ്കിലും പറയുവാന്‍ കഴിയുമോ? ഇല്ല എന്നുതന്നെയാവും ഉത്തരം. കാരണം ഇത്‌ പല തട്ടുകളിലായി പലരും ചേര്‍ന്ന്‌ കളിക്കുന്ന കളികളുടെ അനന്തര ഫലമാണ്. ഏറ്റവും കൂടിയ ഉത്‌പാദനം ലഭിച്ചിരുന്ന ഒക്‌ടോബര്‍ മുതല്‍ അടുത്ത വര്‍ഷം ജനുവരി വരെ ആഭ്യന്തര വിലയെക്കാള്‍ കൂട്ടി നിറുത്തിയത്‌ എന്തിനു വേണ്ടിയായിരുന്നു? ഉത്തരം ലളിതം ആഭ്യന്തര മാര്‍ക്കെറ്റിലെ മാസാവസാന സ്റ്റോക്ക്‌ ഉയര്‍ത്തുന്നതിലും കൂടിയ ഇറക്കുമതി (അതും പീക്ക്‌ സീസണ്‍ കാരണം വിലയില്‍ അമിതമായി വര്‍ദ്ധിക്കാത്ത സമയം) ചെയ്യുന്നതിലും കര്‍ഷകരെ ദ്രോഹിക്കുവാന്‍ കേരളത്തിലെ വന്‍‌കിട ഡീലേഴ്‌സും ടയര്‍ നിര്‍മാതാക്കളും കൈകോര്‍ക്കുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്‌ എന്നുമാത്രമെ ഒരു സാധാരണ കര്‍ഷകന് വിശ്വസിക്കുവാന്‍ കഴിയുകയുള്ളു. 

വേനല്‍ക്കാല സ്വാഭാവിക ഇലപൊഴിച്ചിലുനുശേഷം ടാപ്പിംഗ്‌ വിശ്രമം കാരണം ഉത്‌പാദനം കുറഞ്ഞപ്പോഴും, മഴകാരണം ടാപ്പിംഗിന്  തടസം നേരിട്ട്‌ ഉത്‌പാദനം കുറഞ്ഞപ്പോഴും, ഹ്രസ്വകാല മഴകാരണം അന്തരീക്ഷ ഊഷ്‌മാവ്‌ ഉയര്‍ന്ന്‌ നില്‍ക്കുന്നതിനാല്‍ ഉത്പാദനം കുറയുമ്പോഴും 14 രൂപയോളം ആഭ്യന്തര വില താഴ്‌ത്തി നിറുത്തി ഈ കളിക്ക്‌ കൂട്ടു നില്‍ക്കുന്ന വന്‍‌കിട ഡീലര്‍മാര്‍ക്ക്‌ അവരുടെ ലാഭത്തില്‍ ഒരു കുറവും സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ നഷ്ടം സംഭവിക്കുന്നത്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവിനാണ്. കര്‍ഷകരുടെ പക്കല്‍ ലഭിക്കുന്നതിന്റെ നല്ലൊരു ശതമാനം തിരികെ ഖജനാവില്‍ തന്നെയാണ് എത്തിച്ചേരുന്നത്. കാരണം 85% ചെറുകിട റബ്ബര്‍ കര്‍ഷകരാണെന്നുള്ളതുതന്നെ. ആകെ ഉത്‌പാദനത്തിന്റെ 92 ശതമാനം റബ്ബര്‍ ഉത്‌പാദിപ്പിക്കുന്ന കേരളിത്തിനു തന്നെയാണ് വിലയിടിവുണ്ടാകുമ്പോള്‍ വലിയ നഷ്ടം ഉണ്ടാകുന്നത്‌. അന്താരാഷ്ട്ര വിലയിടിക്കുവാന്‍ വളരെ താണ വിലയ്ക്ക്‌ കേരളത്തില്‍ നിന്ന്‌ കയറ്റുമതി ചെയ്യുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരിന് തടഞ്ഞുകൂടെ?

തായ്‌ലന്റുമായി കരാറുകള്‍ ഒപ്പിടുന്നതും തീരുവ കുറയ്ക്കാതെയുള്ള ഇറക്കുമതിയും ആസിയാന്‍ ഉടമ്പടിയുമെല്ലാം ഇത്തരം കളികള്‍ക്ക്‌ ഒരു പുറം ചട്ട മാത്രമേ ആകുന്നുള്ളു.

ഇന്ത്യയിലേയ്ക്ക്‌ താണവിലയ്ക്കുള്ള റബ്ബര്‍ കയറ്റുമതി തായ്‌ലന്റിന് ദോഷം ചെയ്യും

ഇന്ത്യ-തായ്‌ലന്‍ഡ്‌ വ്യാപാരകരാര്‍ സപ്തംബറില്‍

റബ്ബറിന്‌ തീരുവ കുറയ്ക്കില്ല
Picture Courtesy Mathrubhumi ന്യൂഡല്‍ഹി: റബ്ബറിനെ ഇറക്കുമതിത്തീരുവ കുറയ്ക്കാന്‍ ബാധ്യതയില്ലാത്ത ഉത്‌പന്നങ്ങളുടെ പട്ടികയില്‍പ്പെടുത്തി ഇന്ത്യയും തായ്‌ലന്‍ഡുമായുള്ള സ്വതന്ത്രവ്യാപാരകരാര്‍ സപ്തംബറില്‍ ഒപ്പുവെക്കും. റബ്ബറിനെ നെഗേറ്റെവ ലിസ്റ്റില്‍പ്പെടുത്തുന്ന കാര്യം തായ്‌ലന്‍ഡ്‌ അംഗീകരിച്ചതായി കേന്ദ്ര വാണിജ്യമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. റബ്ബറിന്‌ തീരുവ കുറക്കില്ലെന്നത്‌ കേരളത്തിന്‌ ആശ്വാസം പകരുന്ന കാര്യമാണ്‌.

നേരത്തേ നടന്ന ചര്‍ച്ചകളില്‍ റബ്ബറിന്റെ തീരുവ ഒഴിവാക്കണമെന്ന നിലപാടാണ്‌ തായ്‌ലന്‍ഡ്‌ കൈക്കൊണ്ടത്‌. തീരുവ കുറച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ തന്നെ രാജ്യത്ത്‌ റബ്ബര്‍വിലയിടിവിന്‌ കാരണമായി. ഇക്കാര്യത്തില്‍ തുടക്കത്തില്‍ ചാഞ്ചാട്ടം പ്രകടമാക്കിയ വാണിജ്യമന്ത്രാലയം തീരുവ കുറവ്‌ അനുവദിക്കാന്‍ കഴിയില്ലെന്ന്‌ ഒടുവില്‍ നിഷ്‌കര്‍ഷിച്ചതോടെയാണ്‌ ഇക്കാര്യം സമ്മതിച്ചതെന്ന്‌ വാണിജ്യ സെക്രട്ടറി ജി.കെ. പിള്ള ‘മാതൃഭൂമി’യോട്‌ പറഞ്ഞു.കരാറിന്‌ വേഗം കൂട്ടുന്നതിന്റെ ഭാഗമായി തായ്‌ലന്‍ഡ്‌ ഇന്ത്യയില്‍ റോഡ്ഷോ സംഘടിപ്പിക്കുമെന്ന്‌ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രി സുരാ യുദ്ചുലാനോങ്ങ്‌ പ്രഖ്യാപിച്ചു. തായ്‌ലന്‍ഡിലെ പ്രമുഖ നിക്ഷേപകര്‍ റോഡ്ഷോയുടെ ഭാഗമായി പ്രധാന നഗരങ്ങളിലെ വാണിജ്യസാധ്യത വിലയിരുത്തും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ നിക്ഷേപം നടത്താന്‍ തായ്‌ പ്രധാനമന്ത്രി ഇന്ത്യന്‍ നിക്ഷേപകരെ ക്ഷണിച്ചിട്ടുമുണ്ട്‌.

കേരളത്തെ സംബന്ധിച്ച്‌ വളരെ നിര്‍ണായകമാണ്‌ ഇന്ത്യ-തായ്‌ലന്‍ഡ്‌ കരാര്‍.ഇന്ത്യയില്‍ ആവശ്യമുള്ള റബ്ബറിന്റെ അഞ്ച്‌ ശതമാനം തായ്‌ലന്‍ഡില്‍ നിന്ന്‌ 25ശതമാനം തീരുവയോടെയാണ്‌ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്‌. തായ്‌ലന്‍ഡിന്റെ റബ്ബര്‍ ഉത്‌പാദനം പ്രതിവര്‍ഷം 28,33,000ടണ്‍ ആണ്‌. ആഭ്യന്തര ഉപഭോഗം 3,30,000ടണ്‍ മാത്രവും.

സമാനമായ വ്യവസ്ഥകളോടെ ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറും ജൂലായില്‍ നിലവില്‍ വരുമെന്നാണ്‌ സൂചന. ഇറക്കുമതിത്തീരുവയില്‍ ഇളവ്‌ നല്‍കാനാവാത്ത ഇനങ്ങളുടെ അന്തിമപ്പട്ടികയായിരുന്നു കരാറിലെ അവസാന തടസ്സം. കഴിഞ്ഞ ജനവരി 11ന്‌ ആസിയാന്‍ ധനമന്ത്രിമാരുടെയും ഇന്ത്യയുടെയും യോഗത്തില്‍ 490 ഇനങ്ങളുടെ നെഗേറ്റെവ്‌ ലിസ്റ്റിന്‌ അന്തിമരൂപം നല്‍കിയിരുന്നു. അസംസ്‌കൃതവും ശുദ്ധീകരിച്ചതുമായ പാംഓയില്‍, കുരുമുളക്‌,തേയില എന്നിവ ഈ പട്ടികയിലുണ്ട്‌. റബ്ബര്‍ കൂടി ഇന്ത്യ-ആസിയാന്‍ കരാറിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ വാണിജ്യമന്ത്രാലയം പറയുന്നത്‌. എന്നാല്‍ ഇന്ത്യാ-തായ്‌ലന്‍ഡ്‌ ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ അന്തിമഘട്ടത്തില്‍ കേരളത്തിന്‌ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ്‌ സൂചന. തായ്‌ലന്‍ഡ്‌, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ കേരളവുമായുള്ള കാലാവസ്ഥാ സാദൃശ്യമാണ്‌ ഇതിന്‌ കാരണം. ഇന്ത്യ-ആസിയാന്‍കരാറിന്റെ അന്തിമഘട്ടത്തില്‍ (അടുത്തു ഏഴ്‌ വര്‍ഷത്തിനുശേഷം) 2022 വരെയുള്ള കാലത്ത്‌ ഘട്ടംഘട്ടമായി ഇറക്കുമതിത്തീരുവ ഇളവ്‌ പരിഗണിക്കാമെന്ന്‌ ഇന്ത്യ ഇതിനകം സമ്മതിച്ചിട്ടുണ്ട്‌.

കടപ്പാട്‌: മാതൃഭൂമി 27-6-07

ആസിയാന്‍ കരാറും തീരുവയില്ലാത്ത ഇറക്കുമതികളും ആസിയാന്‍ രാജ്യങ്ങള്‍ക്ക്‌ ദോഷം ചെയ്യും. ഇതിന്റെ ഗുണം WTO യ്ക്ക്‌ തന്നെയാണ്. ഇപ്പോഴെ നാശം നേരിട്ടുകൊണ്ടിരിക്കുന്ന നാളികേരകൃഷി തീരുവ രഹിതമായി മലേഷ്യയില്‍ നിന്ന്‌ ‘പാം ഓയില്‍‘ ഇന്ത്യയിലേയ്ക്ക്‌ പ്രവഹിക്കുന്നതിലൂടെ ഭക്ഷ്യ എണ്ണകളെല്ലാം തന്നെ വിലയിടിയുമ്പോള്‍ നാളികേര കൃഷി പൂര്‍ണമായും ഒഴിവാക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും.

റബ്ബര്‍ ബോര്‍ഡ്‌ ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കുന്നു

6-6-07 ലെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണവിഭാഗം ഡയറക്ടര്‍ എല്‍.തങ്കമ്മയുടെ ലേഖനത്തിന് മറുപടിയായി ഇപ്രകാരം എഴുതിയിരിക്കുന്നു.

റബ്ബര്‍ ക്ലോണ്‍: വസ്തുത എന്ത്‌?

‘മാതൃഭൂമി’ ദിനപത്രത്തില്‍ പുതിയയിനം റബ്ബര്‍ ക്ലോണുകളെക്കുറിച്ച്‌ എല്‍.തങ്കമ്മ എഴുതിയ ലേഖനത്തില്‍ (2-6-07) പറയുന്ന കാര്യങ്ങള്‍ ശരിയല്ല. റബ്ബര്‍ ബോര്‍ഡില്‍നിന്ന്‌ പുതുതായി ഇറക്കിയിട്ടുള്ള ആര്‍.ആര്‍.ഐ.ഐ. 414, ആര്‍.ആര്‍.ഐ.ഐ. 430 എന്നീ രണ്ടിനം ക്ലോണുകളും നിലവിലുള്ള ഏറ്റവും നല്ലയിനമായ ആര്‍.ആര്‍.ഐ.ഐ. 105 നെക്കാള്‍ 20-30% വരെ കൂടുതല്‍ റബ്ബര്‍ ഉത്‌പാദിപ്പിക്കുന്നതാണ്. പുതിയ രണ്ടിനങ്ങളും ആര്‍.ആര്‍.ഐ.ഐ. 105-നേക്കാള്‍ വേഗം വളര്‍ന്ന്‌ ആറുമാസം മുമ്പേ ടാപ്പിംഗ്‌ സജ്ജമാകും.

രോഗ പ്രതിരോധശേഷി പുതിയ ഇനങ്ങള്‍ക്ക്‌ ആര്‍.ആര്‍.ഐ.ഐ. 105-നേക്കാള്‍ കൊടുതലാണ്. കരുത്തുറ്റ തായ്‌ത്തടി പുതിയ ഇനങ്ങളുടെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ലേഖനത്തില്‍ പുതിയ ക്ലോണുകളെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളത്‌ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന്‌ അറിയിക്കുന്നു.

ഡയറക്ടര്‍, റിസര്‍ച്ച്‌, റബ്ബര്‍ ബോര്‍ഡ്‌

ഈ പുതിയ ക്ലോണുകള്‍ കണ്ടെത്തിയിട്ട്‌ എത്ര വര്‍ഷമായെന്നോ, എത്രകാലം ടാപ്പ്‌ ചെയ്തെന്നോ, ഉത്‌പാദനം പ്രതിഹെക്ടര്‍ എത്രയാണെന്നോ, ആര്‍.ആര്‍.ഐ.ഐ. 105 ന് വരുന്ന രോഗങ്ങളായ പിങ്ക്‌, പ്യാച്ച്‌ ക്യാങ്കര്‍, പട്ടമരപ്പ്‌, ബാര്‍ക്ക്‌ ഐലന്റ്‌ എന്നീ രോഗങ്ങല്‍ ഈ മരങ്ങള്‍ക്ക്‌ വരില്ല എന്നോ പറയുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട അനുഭവത്തിലൂടെ മാത്രം തെലിയിക്കപ്പെടേണ്ട കാര്യങ്ങല്‍ എപ്രകാരമാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട്‌ ഗവേഷണകേന്ദ്രം മനസിലാക്കിയതെന്നും പിടികിട്ടുന്നില്ല. ലോകത്തിലെ മുന്തിയ ഉത്‌പാദന ക്ഷമതയുള്ള ആര്‍.ആര്‍.ഐ.ഐ. 105 ന് വന്നിരുന്ന രോഗങ്ങള്‍ നാളിതുവരെ മാറ്റിയെടുക്കുവാന്‍ കഴിയാത്ത ഗവേഷണ കേന്ദ്രം ഈ പുതിയ തൈകളുമായി ഇറങ്ങിയിരിക്കുന്നത് വാനില തൈകള്‍ വിറ്റ്‌ കാശാക്കിയതുപോലെ റബ്ബര്‍ തൈകള്‍ വില്‍ക്കുന്ന നഴ്‌സറികളെ സഹായിക്കുവാന്‍ വേണ്ടിമാത്രമായിരുന്നോ എന്ന്‌ വര്‍ഷങ്ങള്‍ വേണ്ടിവരും തെളിയിക്കപ്പെടുവാന്‍. എഥിഫോണ്‍ പുരട്ടി പട്ടമരപ്പ്‌ വരുത്തി കട്ട്‌ എന്ന ടാപ്പിംഗ്‌ രീതി നടപ്പിലാക്കി 25 വര്‍ഷം പ്രായമായ റബ്ബര്‍ മരങ്ങള്‍ റീ പ്ലാന്റ്‌ ചെയ്യിക്കുന്ന ഗവേഷണകേന്ദ്രം കോടികള്‍ പാഴാക്കുകയല്ലെ ചെയ്യുന്നത്‌?

മണ്ണിനെ കുട്ടിച്ചോറാക്കിയ സോയില്‍ ടെസ്റ്റിംഗും എന്‍.പി.കെ ശുപാര്‍ശയും ഇപ്പോഴും തെറ്റാണെന്ന്‌ ഈ ഗവേഷണകേന്ദ്രത്തിന് മനസിലാകുന്നില്ലെ? ആര്‍.ആര്‍.ഐ.ഐ 105 ന് വരുന്ന രോഗങ്ങള്‍ ഒഴിവാക്കുവാന്‍ കഴിഞ്ഞാല്‍ തന്നെ 30% ഉത്‌പാദനവര്‍ദ്ധന നേടിയെടുക്കുവാന്‍ കഴിയും. മണ്ണിലെ ഹ്യൂമസ്‌ എന്ന ആവരണത്തെ സംരക്ഷിക്കുകയും  അവശ്യമൂലകങ്ങളുടെ അവസരോചിതമായ ലഭ്യത ഉറപ്പാക്കിയും മനുഷ്യ ശരീരത്തില്‍‌നിന്ന്‌ രക്തദാന ചെയ്യുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കുന്ന രീതിയില്‍ ലാറ്റെക്സിന്റെയും ഗുണനിലവാരം നിലനിറുത്തിക്കൊണ്ടുള്ള ടാപ്പിംഗ്‌ രീതി അവലമ്പിക്കുകയുമാണ് വേണ്ടത്‌.