മാലിന്യസംസ്കരണം ഈ പ്രപഞ്ചത്തെ രക്ഷിക്കാന്‍

നാം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ചുമതലയും നമുക്കുതന്നെയാണ്. ജൈവമാലിന്യങ്ങളെല്ലാം ലളിതമായ സംസ്കരണ രീതികളിലൂടെ സംസ്കരിക്കാം. ജൈവേതരമാലിന്യങ്ങള്‍ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത് എന്ന്  പരിസ്ഥിതി വനം മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പലതരം ജൈവ മാലിന്യങ്ങള്‍ പലതരത്തില്‍ സംസ്കരിക്കാന്‍ കഴിയും. പ്രതിദിനം  1250 ഗ്രാം ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിക്കുന്ന ഓരോ മനുഷ്യനും മലമായും, മൂത്രമായും വിസര്‍ജിക്കുന്നത് മണ്ണിന്റെ ജൈവ പുനചംക്രമണത്തിന് അനിവാര്യമാണ്. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട ഒരിഞ്ച് മേല്‍മണ്ണ് പുതുപുത്തന്‍ സാങ്കേതിക വിദ്യകളിലൂടെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ മനുഷ്യന്‍ കാണിക്കുന്ന വ്യഗ്രത മേല്‍മണ്ണിന്റെ ഗുണനിലവാരം പാടെ നശിപ്പിക്കുന്നു. മൈക്രോ മാക്രോ മൂലകങ്ങളുടെ അസന്തുലിതാവസ്ഥ സസ്യലതാദികള്‍ക്കും, പക്ഷിമൃഗാദികള്‍ക്കും, മനുഷ്യനും ഹാനികരമാണ്. ഹരിതഗ്രഹവാതകമായ മീഥൈന്‍ പരിമിതപ്പെടുത്തിയും, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ചും എയറോബിക് രീതിയില്‍ മാലിന്യ സംസ്കരണം നടത്താം. അത്തരത്തില്‍ ലളിതമായ ഒരു സംസ്കരണരീതിയാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ്.

നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും  കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല. കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും. നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം.

 ചിത്രങ്ങള്‍ക്ക് കടപ്പാട് – ഡോ. ഫ്രാന്‍സിസ് സേവ്യര്‍. ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് രീതിയില്‍ ഈര്‍പ്പരഹിതമായും ദുര്‍ഗന്ധമില്ലാതെയും മൂന്നുമാസം കൊണ്ട് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുന്ന രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീട്ടുമുറ്റത്ത് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സിമന്റിട്ടതറയില്‍ ഹോളോബ്രിക്സോ ഹോളോ ഇല്ലാത്ത ബ്രിക്സോ ഇടയില്‍ വിടവിട്ട് ദീര്‍ഘചതുരാകൃതിയില്‍ ഭിത്തി നിര്‍മ്മിക്കാം. നാലടിയില്‍ കൂടുതല്‍ വീതി പാടില്ല. നീളം കൂട്ടുവാന്‍ കഴിയും.  മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഉയരം വര്‍ദ്ധിപ്പിക്കാം. മഴ നനയാതിരിക്കുവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. ഇതില്‍ താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ ബയോഗ്യാസ് സ്ലറി ഈര്‍പ്പം കുറഞ്ഞതോ ഉപയോഗിക്കാം. അതിന് മുകളില്‍ ഏതുതരം ജൈവ മാലിന്യങ്ങളും ആറിഞ്ച് കനത്തില്‍ നിക്ഷേപിക്കുകയും അതിന് മുകളില്‍ മൃഗാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്യാം. വീണ്ടും മുകളില്‍ ആറിഞ്ച് കനത്തില്‍ ചാണകമോ ഈര്‍പ്പം കുറഞ്ഞ സ്ലറിയോ കൊണ്ട് മൂടണം. ഇത് അത്തരത്തിലൊരു പ്ലാന്റ് ആവശ്യത്തിന് നിറയുന്നതുവരെ തുടരാം.

സ്ഥലപരിമിതി പ്രശ്നം വലിയൊരളവുവരെ ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കേണ്ട വിഷയമാണ്. അസുഖങ്ങള്‍ വന്ന് മരിക്കുന്ന ആടുമാടുകളെ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ മൂന്നുമാസം കൊണ്ട് രോഗാണുമുക്തമായും ദുര്‍ഗന്ധമില്ലാതെയും കമ്പോസ്റ്റായി മാറ്റാം. അതിനും ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ രീതിയിലുള്ള എയറോബിക് കമ്പോസ്റ്റിങ്ങ് രീതി തന്നെയാണ്. എയറോബിക് കമ്പോസ്റ്റ് രീതിയെക്കുറിച്ച് തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോ) ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയ ചെലവു കുറഞ്ഞ സംസ്കരണ രീതിയാണ് ഇത്. ഇന്നത്തെ ചുറ്റുപാടില്‍ ലേബര്‍ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഏറവും കുറഞ്ഞ ലേബറില്‍ സമ്പുഷ്ടമായ ജൈവവളം നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തില്‍ വലിയൊരു സംഭാവനയാണ് നാം ചെയ്യുന്നത്. എലി മുതലായ ഷുദ്ര ജീവികളെ തടയാന്‍ ചുറ്റിനും നെറ്റ് കൊണ്ട് മറയ്ക്കാം. 70 ഡിഗ്രി താപം ഈ പ്ലാന്റില്‍ ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകുകയില്ല. മാത്രവുമല്ല കളകളുടെ വിത്തുകള്‍ നശിക്കുകയും അവ കിളിര്‍ക്കാതാവുകയും ചെയ്യും. ചാണകത്തിലെയോ, സ്ലറിയിലേയോ അണുജീവികള്‍, നൈട്രജന്‍, ഫോസ്‌ഫറസ്, കാര്‍ബണ്‍, മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്നു. കൂടുതല്‍ കാര്‍ബണ്‍ ഘടകമാണ് ആവശ്യം വരുക. കാര്‍ബണ്‍ സങ്കേതത്തെ ദ്രവിപ്പിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ചൂടും ഉണ്ടാവും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ഏറെ പ്രധാന്യ മര്‍ഹിക്കുന്നു.

ഈച്ച ശല്യം ഉണ്ടാകുന്നില്ല. ഊറല്‍ ഉണ്ടാകാത്തതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല. ഉയര്‍ന്ന താപനില ഏതാണ്ട് ഒരാഴ്ചയോളം നിലനില്‍ക്കുന്നു. മാലിന്യങ്ങള്‍ ദ്രവിക്കുന്നു ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ നശിക്കുന്നു പരാദങ്ങളുടെ വളര്‍ച്ച തീര്‍ത്തും ഉണ്ടാകുന്നില്ല മുതലായവ ഇതിന്റെ നേട്ടങ്ങളാണ്.

ഒരു കാലത്ത് തെങ്ങോലകള്‍ കൊണ്ട് മെടഞ്ഞെടുത്ത് മേല്‍ക്കൂര മേഞ്ഞിരുന്ന ധാരാളം വീടുകളും സ്കൂളുകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ വളരെക്കുറച്ചുമാത്രമേ ഇന്ന് തെങ്ങോലകള്‍  മെടയുവാനായി ഉപയോഗിക്കുന്നുള്ളു. മണ്ണിലെ മൂലകങ്ങളുടെ അഭാവം കാരണം തെങ്ങില്‍ നിന്ന് കിട്ടുന്ന ആദായവും നന്നെ കുറവാണ്. ദീര്‍ഘനാള്‍ കൃഷി ചെയ്ത വിള മണ്ണില്‍ നിന്ന് ന്യൂട്രിയന്റ് മൈനിങ്ങ് നടത്തുകയും തെങ്ങുകള്‍ക്ക് അനേകം രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പാഴായിപ്പോകുന്ന തെങ്ങോലകളെ എയറോബിക് കമ്പോസ്റ്റാക്കി മാറ്റി തെങ്ങിന് വളമായി നല്‍കാം. അതോടൊപ്പം തന്നെ വീട്ടുമുറ്റം തൂത്തുവാരുന്ന ചപ്പുചവറുകളും നീക്കം ചെയ്യുന്ന കളകളും തൊണ്ടും (ചിരട്ട ഒഴികെ തെങ്ങില്‍നിന്ന് ലഭിക്കുന്നതെല്ലാം ഉപയോഗിക്കാം) മുട്ടത്തോടും മറ്റും ഈ പ്ലാന്റില്‍ നിക്ഷേപിക്കാം. ഇതിലൂടെ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിച്ച് തെങ്ങിനെ സംരക്ഷിക്കാം. തെങ്ങിന്‍ ചുവട്ടിലെ ന്യൂട്രിയന്റ്സ് തേങ്ങയുടെയും, കരിക്കിന്റെയും, തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെയും മറ്റും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.

ബയോഗ്യാസ് പ്ലാന്റുകള്‍ പലരീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിലലിയുന്ന ഏത് ജൈവാവശിഷ്ടവും പ്ലാന്റില്‍ നിക്ഷേപിക്കാം. പ്രധാനമായും കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് കടത്തിവിടുന്നതിലൂടെ ഫെര്‍മെന്റേഷന്‍ പ്രൊസസ് നടക്കുമ്പോള്‍ മെത്രോജനിക് ബാക്ടീരിയ കോളിഫാം ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നു. അതിലൂടെ കുടിവെള്ളം മലിനപ്പെടുത്തുന്ന ഇ-കോളി ബാക്ടീരിയയെ നമുക്ക് ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് സോപ്പുകലര്‍ന്ന കുളിമുറിയിലെ ജലം ഈ പ്ലാന്റില്‍ എത്താന്‍ പാടില്ല എന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനും, ജനറേറ്റര്‍ പ്രവര്‍ത്തിക്കുവാനും, വാഹനം ഓടിക്കുവാനും, മാന്റില്‍ വിളക്ക്  കത്തിക്കുവാനും മറ്റും സാധിക്കുന്നു.

ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും, ചാണകം ലഭ്യമല്ലാത്തിടത്തും ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയ ബാക്ടീരിയ സ്പ്രേ ചെയ്തും എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയതാകയാല്‍ അതിന് ദോഷഫലങ്ങളൊട്ടുംതന്നെ ഇല്ല. നഗരങ്ങളില്‍ കുടുംബശ്രീ, ജനശ്രീ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങള്‍ കൂട്ടായി ഓരോ പ്രദേശത്തും ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിലൂടെ 10,000 രൂപ മൂല്യമുള്ള ജൈവവളം ലഭിക്കുന്നതാണ്. ഒരു പ്ലാന്റ് നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത മറ്റൊരു പ്ലാന്റ് ഉപയോഗിക്കാം. ഭാരിച്ച ചെലവ് ഇല്ലാത്ത ഈ പ്ലാന്റില്‍നിന്ന്  ദുര്‍ഗന്ധമില്ലാത്തതാകയാള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന ജൈവവളം വരുമാനം മാത്രമല്ല ആ പ്രദേശത്തെ വീടുകള്‍ തോറും ഈ ജൈവവളം ഉപയോഗിച്ച്  ടെറസിലും മുറ്റത്തും പച്ചക്കറികളും മറ്റും കൃഷിചെയ്യുവാനും കഴിയും. ഗ്രീന്‍ ഗാരിസണ്‍ എന്ന സംഘടന ഇതിന്റെ പരിശീലനം നല്‍കി സഹായിക്കുന്നു.

ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ സഹായത്താല്‍ സ്ലറിയിലെ ജലാംശം നീക്കം ചെയ്ത് മേല്‍ക്കൂരയുള്ള പ്ലാന്റില്‍ എയറോബിക് കമ്പോസ്റ്റാക്കി ഗുണനിലവാരമുള്ള ജൈവവളം നമുക്ക് തന്നെ നിര്‍മ്മിക്കുവാന്‍ കഴിയുന്നത് ഈര്‍പ്പരഹിതമായി സംഭരിക്കുകയും ചെയ്യാം. ഒരു കിലോഗ്രാം കമ്പോസ്റ്റില്‍ 13-17 ഗ്രാം വരെ നൈട്രജന്‍, 75-80 ഗ്രാം വരെ കാല്‍ഷ്യം, 6-8 ഗ്രാം വരെ ഫോസ്‌ഫറസ് മുതലായവ അടങ്ങിയിരിക്കുന്നു. പ്രൈമറി ന്യൂട്രിയന്‍സും, സെക്കന്‍ഡറി ന്യൂട്രിയന്‍സും, ട്രയിസ് എലിമെന്‍സും ആവശ്യത്തിന് ലഭ്യമാകയാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകമാത്രമല്ല സുസ്ഥിര കൃഷിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. സ്വയം ആവശ്യമില്ലാത്തവര്‍ക്ക് ഇത് വിപണനത്തിനും വഴിയൊരുക്കും. ഇത്തരത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ ജൈവവളം തോട്ടങ്ങളിലെത്തിക്കാല്‍ കുറഞ്ഞ ലേബര്‍മതിയാകും. സ്ലറിയായി പമ്പ് ചെയ്താലും, ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റിയാലും ചെലവ് കൂടുകയും, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. വീടു വീടാന്തരം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സീവേജ് മാലിന്യം കൂടി ഉള്‍പ്പെടുത്തി സമൂഹ ബയോഗ്യാസ് പ്ലാന്റുകളും, ബയോഗ്യാസ് സ്ലറി ഡ്രയറും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തിലൂടെ ഒഴുകുന്ന നദികളും തോടുകളും മാലിന്യമുക്തമാകുകയും ദുര്‍ഗന്ധം പൂര്‍ണമായി മാറിക്കിട്ടുകയും ചെയ്യും.

വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കോണ്‍ക്രീറ്റ് കട്ടകളുപയോഗിച്ചും പ്ലാന്റ് നിര്‍മ്മിക്കാം. 15″ നീളമുള്ള 60  കട്ടകള്‍ കൊണ്ട് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മേല്‍ക്കൂര നഗരങ്ങളിലും മറ്റും നീക്കം ചെയ്യുന്ന ഫ്ലക്സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കാം. ജി.ഐ ഷീറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിനെട്ടടി നീളം വേണ്ടിവരും. കുടുബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക്  ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ച് അനേകം വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാം. കമ്പോസ്റ്റ് വില്‍ക്കുവാന്‍ വീടുകളില്‍ത്തന്നെ പച്ചക്കറി ധാരാളം കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം കട്ടകള്‍ എടുത്തുമാറ്റാന്‍ കഴിയുന്നവയാകയാല്‍ ഒരു സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കേടുപാടുകളില്ലാതെ കൊണ്ടുപോകുവാനും സാധിക്കും. ചിരട്ടയും പച്ചിലയും ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചാല്‍ അത് കമ്പോസ്റ്റായി മാറുകയില്ല. പച്ചിലകള്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല.  ഉദാഹരണത്തിന് സദ്യഊണ് കഴിഞ്ഞ വാഴയില ഈ പ്ലാന്റില്‍ സംസ്കരിച്ചാല്‍ മൂന്നുമാസത്തിനുശേഷവും വാഴയിലയായിത്തന്നെ ലഭിക്കും. അതിനാല്‍ പച്ചിലകള്‍ ഉണക്കിയിടുന്നതാണ് ഉത്തമം.

തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജിയുടെ സവിശേഷതകള്‍

 • വെറ്റിറനറി യൂണിവേവ്സിറ്റിയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജി പരിഷ്കരിച്ചത്.
 • ദുര്‍ഗന്ധമുള്ളതും, ദുര്‍ഗന്ധസാധ്യതയുള്ളതുമായ ജൈവമാലിന്യങ്ങളെ ദുര്‍ഗന്ധരഹിതമായി സംസ്കരിക്കാം. 
 • ലീച്ചേജ് പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും.
 • മീഥൈന്‍,  കാര്‍ബണ്‍ ഡൈ ഓക്സൈഡ് എമല്‍ഷന്‍ പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ കാര്‍ബണ്‍ ക്രഡിറ്റിനെ സഹായിക്കുകയും ചെയ്യുന്നു.
 • എല്ലാത്തരം മത്സ്യ, മാംസ, കോഴി വേസ്റ്റുകളും ചത്ത പക്ഷിമൃഗാദികളും ദുര്‍ന്ധമില്ലാതെ സംസ്കരിക്കാം.
 • ഒരാഴ്ചയ്ക്കുള്ളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഒഴിവാകുകയും, കളകളുടെയും മറ്റും വിത്തുകള്‍ നശിപ്പിക്കുകയും, പരാദകീടബാധ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
 • രണ്ടായിരം രൂപ ചെലവില്‍ പരസഹായമില്ലാതെ സ്വയം ഇത്തരം പ്ലാന്റ് നിര്‍മ്മിക്കാം.
 • ഉള്‍ഭാഗം നാലടി നീളം, വീതി, ഉയരം  ആയതിനാല്‍ ടെറസിന് മുകളിലും, വീട്ടുമുറ്റത്തും സ്ഥാപിക്കാം.
 • ലേബര്‍ ഷോര്‍ട്ടേജുള്ള കേരളത്തില്‍ ലേബറില്ലാതെ സംസ്കരണം സ്വയം നിര്‍വ്വഹിക്കാം.
 • കുടുംബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സൌകര്യപ്രദം. 
 • ചാണകമോ, ചാണകത്തില്‍നിന്ന് വേര്‍തിരിച്ച ബാക്ടീരിയയോ ഉയോഗിച്ചുള്ള കമ്പോസ്റ്റിംഗ് നടത്തുന്നു.

കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരും, സ്ഥാപനങ്ങളും തുമ്പൂര്‍മൂഴി മോഡല്‍ നടപ്പിലാക്കിക്കഴിഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റുകള്‍ താഴെ ചേര്‍ത്തിരിത്തുന്നു.
കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം

വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം  

2012 October 22 ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. (ചെവിക്കൊണ്ടില്ല. ഇന്‍സിനറേറ്റര്‍ വാങ്ങുന്ന തെരക്കിലായിരുന്നു)

ചെലവുകുറഞ്ഞ കമ്പോസ്റ്റ് നിര്‍മ്മാണം

ബയോടെക്കും പ്ലാന്റ് സര്‍വ്വീസിങ്ങും

കൂടുതല്‍ വാര്‍ത്തകള്‍ക്ക് സന്ദര്‍ഷിക്കുക.

Advertisements

നമ്മുടെ മന്ത്രിമാര്‍ കണ്ട് പഠിക്കട്ടെ പ്രഥമ വനിത ഒബാമയെ

First Lady Michelle Obama pitched right in with shovel

First Lady Michelle Obama pitched right in with shovel

ഒബാമയ്ക്ക് വൈറ്റ്‌ഹൌസില്‍ ഒരു പച്ചക്കറിത്തോട്ടം.

നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിമാര്‍ വസിക്കുന്ന ബംഗ്ലാവുകള്‍ക്കു ചുറ്റും ഏക്കര്‍ കണക്കിന് ഭൂമിയുള്ളപ്പോള്‍ അവിടെ കൃഷിയിറക്കാതെ കര്‍ഷകരെ കൃഷിചെയ്യുവാന്‍ പ്രേരിപ്പിക്കുക മാത്രമല്ല കാര്‍ഷികോത്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ വ്യാകുലരും ആയി മാറുന്നു. അമേരിക്കയെ നാഴികക്ക് നാല്പതുവട്ടം കുറ്റം പറയുന്ന ഇടത് വക്താക്കള്‍ അവിടെ നടക്കുന്ന നല്ലതൊന്നും കാണുന്നില്ലെ?  കേരളത്തിലെ നശിച്ചതും നശിച്ചുകൊണ്ടിരിക്കുന്നതുമായ നെല്‍പ്പാടങ്ങളും മഞ്ഞപ്പിത്തം ബാധിച്ച തെങ്ങിന്‍ തോപ്പുകളും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും നാള്‍ക്കുനാല്‍ വര്‍ദ്ധിക്കുമ്പോള്‍ പടലപ്പിണക്കങ്ങളുമായി നടക്കുന്ന നമ്മുടെ മന്ത്രിമാര്‍ക്ക് നല്ലൊരു മാതൃക കാട്ടാന്‍ എവിടെയാണ് സമയം? ലഭ്യമായതും കൃഷിക്കനുയോജ്യവുമായ സര്‍ക്കാര്‍ ഭൂമി കൈവശമുള്ളത് തരിശിട്ടിട്ട് കര്‍ഷകരോട് കൃഷിചെയ്യുവാന്‍ പറയുവാന്‍ നമ്മുടെ മന്ത്രിമാര്‍‌ക്കെന്ത് യോഗ്യതയാണുള്ളത്? സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, എം.എല്‍.എ മാരും, എം.പിമാരും സ്വയം ഡിഎയും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുമ്പോള്‍ പണപ്പെരുപ്പത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ വില ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് മൂന്നുമുതല്‍ ഏഴിരട്ടിവരെ വര്‍ദ്ധിച്ചപ്പോള്‍ ശമ്പളം 14 ഇരട്ടിയായാണ് ഉയര്‍ന്നത്. ഇപ്പോഴും പച്ചക്കറിയുടെയും പാലിന്റെയും മുട്ടയുടെയും വില നിയന്ത്രിക്കുവാന്‍ കരുക്കള്‍ നീക്കുന്നവര്‍ കര്‍ഷകനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. പകരം ഉപഭോക്താക്കളെ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുവാനുള്ള നടപടികളാണ് വേണ്ടത്.

കാര്‍ഷികോത്പന്നങ്ങളുടെ വില താഴ്ത്തി നിറുത്തുവാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്‍ഷകരുടെ ബുദ്ധിമുട്ടുകളും ഉല്പാദനചെലവും മനസിലാക്കുന്നില്ല അറിയുവാന്‍ ശ്രമിക്കുന്നില്ല എന്നതല്ലെ ശരി?. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സഹകരണസംഘങ്ങള്‍ തന്നെ അതിന് ഏറ്റവും വലിയൊരുദാഹരണം. വെളിച്ചെണ്ണയും, സോപ്പ് ലായനിലും, ഡക്‌‌സ്ട്രോസും വെള്ളത്തില്‍ക്കലക്കി പലില്‍ ചേര്‍ത്ത് വിറ്റ് വില നിയന്ത്രിക്കുകയും ലാഭം കൊയ്യുകയും ചെയ്യുമ്പോള്‍ തകരുന്നത് മൃഗസംരക്ഷണമാണ്. ഒപ്പം ക്ഷീരകര്‍ഷകനും.

ലോകത്തില്‍ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ വൈറ്റ് ഹൌസിന് പിന്നില്‍ തൂമ്പയെടുത്ത് കിളച്ച് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ അഭിമാനം തോന്നുന്നു. ടി.വി പരസ്യങ്ങളില്‍ക്കാണുന്ന സമ്പൂര്‍ണ പോഷണം ലഭിക്കാനായി വാങ്ങിക്കഴിക്കുന്നവയ്ക്ക് പകരം പ്രയോജനപ്പെടുത്താന്‍ സ്വന്തം ജൈവകൃഷിയിടത്തുനിന്നും കിട്ടുന്ന പച്ചക്കറികളുടെ ഏഴയലത്ത് നില്‍ക്കുവാനുള്ള യോഗ്യത ഇല്ല എന്ന്  Michelle Obama തിരിച്ചറിഞ്ഞിരിക്കുന്നു. സ്വന്തമായി കൃഴിചെയ്ത്  ഒരു വെണ്ടയ്ക്കയെങ്കിലും പുഴുങ്ങിത്തിന്നാലെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുകയുള്ളു.

രണ്ടേമുക്കാല്‍ എക്കര്‍ സ്ഥലം കൈവശമുള്ള മുഖ്യമന്ത്രിയും, രണ്ടര ഏക്കറിന് മുളിലുള്ള ധനമന്ത്രിയും, രണ്ടര ഏക്കറടുപ്പിച്ചുള്ള നിയമ മന്ത്രിയും കൂടെയുള്ള മറ്റ് മന്ത്രിമാരും പച്ചക്കറി കൃഷി ചെയ്ത്  (ചെയ്യിച്ചായാലും കുഴപ്പമില്ല) സ്വന്തം ഭക്ഷണത്തിന്റെ ഒരംശം എങ്കിലും വിഷമില്ലാതെ കഴിക്കുവാന്‍ ശ്രീമതി ഒബാമയെ അനുകരിച്ചാല്‍ മതി. വിവരാവകാശ നിയമപ്രകാരം ലഭിച്ച നമ്മുടെ മന്ത്രിമാര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ വിസ്തൃതിയും അവിടെനിന്ന് കിട്ടുന്ന കാര്‍ഷികാദയവും താഴെ കാണാം.

Page1Page2

മണ്ണിന്റെ മരണം ഒരു കൊലപാതകം

ബയോടെക്നോളജിയുടെ പുരോഗതി മണ്ണിനെ കൊല്ലാനോ?

കേന്ദ്ര സര്‍ക്കാര്‍ തെറ്റായ അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പിട്ടും വിദേശ സ്വദേശ കുത്തകകളെ വളരുവാന്‍ അനുവദിച്ചും അവര്‍ക്കുവേണ്ടി ചില ഏജന്‍‌സികളെ കൊണ്ട്‌ പഠനം നടത്തിച്ചും കൃഷി ബയോടെക്നോളജിയുടെ സഹായത്താല്‍ നേട്ടങ്ങളാണ് എന്ന്‌ വരുത്തി തീര്‍ക്കുന്ന വാര്‍ത്തകള്‍ വന്‍‌കിട മാധ്യമങ്ങളിലൂടെ വെളിച്ചം കാണിച്ചും ജനിതക മാറ്റം വരുത്തിയ വിത്തുകളുടെയും വിളകളുടെയും സാധ്യതകള്‍ പൊതുജന മധ്യത്തില്‍ എത്തിക്കുന്നു. അതിനുവേണ്ടി ഇതേമണ്ണില്‍ ജനിച്ച കൃഷിശാസ്ത്രജ്ഞന്മാര്‍ പ്രവര്‍ത്തിക്കുന്നു എന്നത്‌ ഖേദകരമായ വസ്തുതയാണ്. ആന്ധ്രയിലെ പരുത്തി കര്‍ഷകര്‍ സന്തോഷത്തിലാണ് എന്നും അവര്‍ക്ക്‌‌ ജി.എം പരുത്തികൃഷി സാമ്പത്തിക നേട്ടമുണ്ടാക്കി യെന്നും പ്രചരിപ്പിക്കുമ്പോള്‍ ആ വിളകളുടെ അവശിഷ്ടങ്ങള്‍ തിന്ന്‌ ചാകുവാനിടയായ കന്നുകാലികള്‍ വരും തലമുറയുടെ അന്ത്യത്തിന്റെ മുന്നറിയിപ്പാണ് എന്ന്‌ മനസിലാക്കിയാല്‍ നല്ലത്‌. ഇതേ പരുത്തിയില്‍നിന്നുള്ള പരുത്തിക്കുരു ആട്ടിയെടുക്കുന്ന എണ്ണ സസ്യയെണ്ണയായി മനുഷ്യന് ഭക്ഷിക്കുവാന്‍‌തന്നെയാണ് ലഭ്യമാക്കുന്നതും. കോട്ടണ്‍സീഡ്‌ ഓയിലായും വനസ്പതിയായും ആരെയെല്ലാം ഇത്‌ കൊല്ലുമെന്ന്‌ കാത്തിരുന്ന്‌ കാണാം. ആന്ധ്രയിലെ കര്‍ഷകര്‍ സന്തോഷിക്കട്ടെ!!! പക്ഷെ പരുത്തിക്കുരു ആട്ടിയെടുക്കുന്ന പിണ്ണാക്കിലും അത്‌ കഴിക്കുന്ന പശുവിന്‍ പാലിലും തുടങ്ങി പശുവിന്‍ പാല്‍ കഴിക്കുന്ന അമ്മമാരുടെ മുലപ്പാലിലും ജി.എം വിഷം ലഭ്യമാകുവാന്‍ സധ്യതയുണ്ട്‌. ജനിതക മാറ്റം വരുത്തിയ അരിയുടെ ഉപയോഗം പല രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്.

ബയോടെക്‌നോളജി മണ്ണിന്റെ ജൈവ സമ്പുഷ്ടമായ ആവരണത്തെ (ഹ്യൂമസ്‌) സംരക്ഷിക്കുവാനോ കൂടുതല്‍ ഫലഭൂയിഷ്ടമാക്കുവാനോ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ അത്‌ കര്‍ഷകര്‍ക്ക്‌ അശ്വാസമായേനെ. ജൈവാംശം ഇല്ലാത്ത മണ്ണിനെ മരിച്ച മണ്ണെന്നാണ് പറയുവാന്‍ കഴിയുക. മണ്ണിരകളെന്ന കര്‍ഷകന്റെ കലപ്പയെ നശിപ്പിക്കുന്ന വിഷം ലഭ്യമായ ജി.എം വിളകളുടെ സസ്യഭാഗങ്ങള്‍ കീടങ്ങളെ കൊല്ലുവാന്‍ ശേഷിയുള്ള വിഷം ചെടികളുടെ ഇലകളില്‍ ലഭ്യമാക്കി മിത്രകീടങ്ങളെപ്പോലും നശിപ്പിക്കുകയല്ലെ ചെയ്യുന്നത്‌? അതോടൊപ്പം ആഗോളതാപനത്തിന് പരിഹാരമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പ്രകാശ സംശ്ലേഷണത്തിലൂടെ ഓക്സിജനാക്കി മാറ്റുവാന്‍ കഴിയുന്ന പച്ചിലകള്‍ (ഔഷധമൂല്യമുള്ള കളകള്‍) നശിപ്പിച്ചും ചുറ്റുവട്ടത്തുമുള്ള പച്ചിലകളിലും കീടങ്ങളെ നശിപ്പിക്കുവാനുള്ള ശേഷി ലഭ്യമാക്കിയും കാര്‍ഷികോത്‌പന്നങ്ങളുടെ വില നിയന്ത്രിക്കുവാന്‍ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുവാനായി ജി.എം വിളകള്‍ക്ക്‌ അനുവാദം കൊടുക്കുകമാത്രമല്ല ക്ഷണിച്ച്‌ വരുത്തുകയും കൂടിയാണ് ചെയ്യുന്നത്‌. രണ്ടാം ഹരിതവിപ്ലവമെന്നത്‌ അല്പം ബുദ്ധിമുട്ടുള്ളതു തന്നെയാണ്.

കൊതുകുകളെ നശിപ്പിക്കുവാനായി ഉപയോഗിച്ച ഡി.ഡി.ടി ഹാനികരമാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചപ്പോള്‍ അതിന്റെ മറ്റോരു രൂപമായ ഡൈക്കോഫോള്‍ മണ്ഡരി നിര്‍മാര്‍ജനത്തിനായി രംഗപ്രവേശം ചെയ്തു. ഓരോ കള്‍, കുമിള്‍, കീടനാശിനിയും ഓരോ തരം മാരക രോഗങ്ങള്‍ക്ക്‌ കാരണമാകുന്നുവെന്ന്‌ ധാരാളം പഠന റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗികളുടെ എണ്ണവും അതിന്റെ ചികിത്സയ്ക്ക്‌ വേണ്ടിവരുന്ന ഭാരിച്ച ചെലവുകളും ജി.ഡി.പി ഉയരുവാന്‍ സഹായകമാണെന്ന്‌ കണക്കാക്കുന്ന ധനകാര്യവകുപ്പും കൃഷിയിടങ്ങളില്‍ വ്യാവസായിക വിപ്ലവം നടത്തി പഞ്ചഭൂതങ്ങളെയും നശിപ്പിക്കുന്ന വ്യവസായ വകുപ്പും പക്ഷിമൃഗാദികളുടെയും മനുഷ്യന്റെയും അന്ത്യത്തിന് വഴിയൊരുക്കുകയാണ്.

മണ്ണിലെ സന്തുലിതമായ പ്രൈമറി, സെക്കന്ററി ന്യൂട്രിയന്‍സുകളും ട്രൈസ്‌ എലിമെന്റ്സും രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും സഹായകമാണ്.

ചില്ലറവ്യാപാരമേഖലക്ക്‌ കര്‍ഷകരെ കൊല്ലാം

ആഗോള കുത്തകയായാലും സ്വദേശ കുത്തകയായാലും അവരുടെ ലക്ഷ്യം പണമുണ്ടാക്കല്‍ തന്നെയാണ്. ചില്ലറവ്യാപാരമേഖലയിലേക്ക്‌ കടന്നു വരു‍ന്ന കുത്തക സ്ഥാപനങ്ങള്‍ക്ക്‌ വിറ്റുവരവ്‌ നികുതി ഏര്‍പ്പെടുത്തിയാലും അത്‌ കൊടുക്കേണ്ടി വരുന്നത്‌ ഉപഭോക്താക്കള്‍ തന്നെയാണ്. കര്‍ഷകര്‍ക്ക്‌ ന്യായവില ലഭ്യമാക്കി കാര്‍ഷിക മേഖലെയെ സംരക്ഷിച്ച്‌ ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക്‌ താണവിലക്ക്‌ സാധനങ്ങള്‍ ലഭ്യമാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന ഇത്തരം നയപരിപാടികള്‍ കാര്‍ഷികമേഖലയെ തകര്‍ക്കാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു.

ഒരു കാലഘട്ടത്തില്‍ ഗ്രാമീണ ചന്തകളിലൂടെ കര്‍ഷകര്‍ സംതൃപ്തരായിരുന്നു. കാലാ കാലങ്ങളില്‍ വന്ന പരിഷ്കാരങ്ങള്‍ കാര്‍ഷികമേഖലയെ തകര്‍ത്ത്‌ മറ്റ്‌ മേഖലകളില്‍ നേട്ടങ്ങള്‍ ലഭ്യമാക്കി. കര്‍ഷികോത്‌പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അധികാരവും കഴിവും കര്‍ഷകനില്ലാതെ പോയി. കര്‍ഷകരുടെ പ്രതിശീര്‍ഷ വരുമാനം പലകാരണങ്ങള്‍കൊണ്ടും നാള്‍ക്കു നാള്‍ താഴേയ്ക്ക്‌ പോകുന്നത്‌ റീയലെസ്റ്റേറ്റുകളുടെ വളര്‍ച്ചക്കും കരാര്‍ കൃഷിക്കും വഴിയൊരുക്കുകയാണ്. കര്‍ഷകരുടെ പ്രതിഹെക്ടര്‍ ഉദ്‌പാദന ചെലവ്‌ നാള്‍ക്കുനാള്‍ വര്‍‌ദ്ധിക്കുമ്പോള്‍ പല കര്‍ഷകരും കാര്‍ഷിക വൃത്തി ഉപേക്ഷിക്കേണ്ടിവരുകയാണ്.

ആരോഗ്യത്തിന് ഹാനികരങ്ങളായ ഭക്ഷ്യവസ്തുക്കള്‍ താണവിലയ്ക്ക്‌ ലഭ്യമാക്കി ഭീമമായ ചെലവുകള്‍ വേണ്ടിവരു‍ന്ന രോഗങ്ങള്‍ക്ക്‌ അടിമകളാക്കുകയല്ലെ ചെയ്യുന്നത്‌? കള, കുമിള്‍, കീടനാശിനികളും ജനിതകമാറ്റം വരുത്തിയ ഭക്ഷണവും വരുത്തിവെയ്ക്കുന്ന രോഗങ്ങള്‍ എന്തെല്ലാമാണെന്ന്‌ വിദേശങ്ങളില്‍ നടന്നിട്ടുള്ള പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്‌. വളരുന്ന ആശുപത്രികളും രോഗികളും ജി.ഡി.പി ഉയരുവാന്‍ കാരണമായേക്കാം.

വയനാട്ടിലെ ജൈവകര്‍ഷകരെ ഏകോപിപ്പിച്ച ഒരു സര്‍ക്കാര്‍ സംരംഭത്തെയും അതിന് നേതൃത്വം വഹിച്ച ജൈവകൃഷി അഗ്രികള്‍ച്ചറല്‍ ഓഫീസറെയും മൊത്തത്തില്‍ വിഴുങ്ങിയ റിലയന്‍സിനെ പോലത്തെ വന്‍‌കിട റീട്ടെയില്‍ ചെയിനുകളെ തളയ്ക്കാന്‍ ലൈസെന്‍‌സും ടാക്സും ഏര്‍പ്പെടുത്തി ഇവരോട്‌ വിലപേശല്‍ നടത്താനണോ സര്‍ക്കാര്‍ തീരുമാനം? ഇത്തരം ലൈസെന്‍‌സ്‌‌ ഫീസും ടാക്സും ഏര്‍പ്പെടുത്തി കുത്തകകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്‌ എന്ന്‌ പൊതുജനത്തെ ബോധ്യപ്പെടുത്തുവാന്‍ കഴിയുകയില്ല തന്നെ.

സര്‍ക്കാര്‍ ചെയ്യേണ്ടത്‌ വിദേശ സ്വദേശ കുത്തകളില്‍ നിന്നുമാത്രമല്ല കര്‍ഷകരെ കൊള്ളയടിക്കുന്ന തദ്ദേശീയ ചില്ലറ വ്യാപാരികളായ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെയും ഉപഭോക്താക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന വിപണിക്ക്‌ അവസരമൊരുക്കലാണ്.

അറിയിപ്പ്‌: ഈ പോസ്റ്റ്‌ 28-7-06 ലെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചു. “മാതൃഭൂമിക്ക്‌ നന്ദി”

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി

സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കാകും പുതിയ പദ്ധതിയുടെ പ്രയോജനം. ദേശീയ ഗാമീണ ആരോഗ്യ മിഷനുമായിചേര്‍ന്ന് ആവശ്യത്തിന് മരുന്നും മറ്റുസൌകര്യങ്ങളുമൊരുക്കി സര്‍ക്കാര്‍ ആശുപത്രികളെ പൂര്‍ണ സജ്ജമാക്കിയാകും പദ്ധതി തുടങ്ങുക.

ചികിത്സയുടെ അനുബന്ധ ചെലവുകളും ജോലിക്കു പോകാന്‍ കഴിയാത്തതുമൂലമുള്ള നഷ്ടവും കൂട്ടിരിപ്പുകാര്‍ക്കുള്ള ചെലവുകളും ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയേക്കാള്‍ പ്രീമിയവും കുറവായിരിക്കും. ദാരിദ്യ്ര രേഖക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പുറമേ എപിഎല്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പദ്ധതിയില്‍ ബിപിഎല്‍കാര്‍ക്കു മാത്രമേ സബ്സിഡി ലഭിക്കൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 25 ലക്ഷം കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ആസൂത്രണ കമീഷന്റെ കണക്കുപ്രകാരം 10.26 ലക്ഷം കുടുംബങ്ങള്‍ക്കേ സബ്സിഡി നല്‍കൂവെന്ന്കേന്ദ്രം അറിയിച്ചതോടെ പദ്ധതി നടത്തിപ്പുകാരായ ഐസിഐസിഐ ലംബാര്‍ഡ് പിന്‍വാങ്ങുകയായിരുന്നു.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി വഴി മാത്രമേ നടപ്പാക്കാവൂവെന്ന നിബന്ധന യുഡിഎഫ് സര്‍ക്കാര്‍ ലംഘിച്ചതും പദ്ധതിക്ക് വിനയായി. ഗുണഭോക്താവും സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും അടയ്ക്കുന്ന 33 രൂപയും കേന്ദ്ര സബ്സിഡിയായി ലഭിക്കുന്ന 300രൂപയും ചേര്‍ത്ത് 399 രൂപയായിരുന്നു യുഡിഎഫിന്റെ പദ്ധതിയില്‍ പ്രീമിയം.

ഐസിഐസിഐ ലംബാര്‍ഡുമായി കരാര്‍ പോലും ഒപ്പിടാതെ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നടത്തിയതും പ്രഹസനമായി. അമേരിക്കന്‍ മാതൃകയിലുള്ള യുഡിഎഫ് പദ്ധതി സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുമായിരുന്നു. ഇതിനു പകരം ക്ഷേമ രാഷ്ട്ര സങ്കല്‍പത്തില്‍ അധിഷ്ഠിതമായി യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

കടപ്പാട്‌: ദേശാഭിമാനി 16-7-07

യു.ഡി.എഫ്‌ വിഭാവനം ചെയ്തതിനേക്കാള്‍ നല്ലതു തന്നെയാണിത്‌. എന്നാല്‍ മാരകമായ പരിസ്ഥിതി മലിനീകരണം രാസമാലിന്യങ്ങളായും, കള കുമിള്‍ കീട നാശിനികളായും, വായു ജല മലിനീകരനങ്ങളായും, ജനിതകമാറ്റം വരുത്തിയ ഭക്ഷണമായും തുടങ്ങി പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും രോഗങ്ങള്‍ സമ്മാനിക്കുന്ന ഇവയുടെ നിയന്ത്രണാമാണ് ആദ്യം പ്രാവര്‍ത്തികമാക്കേണ്ടത്‌. ഇവിടെയും പിന്നാമ്പുറത്തുകൂടി സഹായിക്കുന്നത്‌ മരുന്ന്‌ കച്ചവടത്തെയാണ്.

കൊലയാളിയായി മാറുന്ന കരമനനദി

കരമന നദിയിലെ മീനുകള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹത

വട്ടിയൂര്‍ക്കാവ്‌: വിളപ്പില്‍ശാല ചവര്‍ സംസ്കരണ ശാലയിലെ മലിനജലം ശേഖരിച്ചു നിര്‍ത്തിയിരുന്ന ബണ്ട്‌ തകര്‍ന്ന്‌ കരമന നദിയിലെ മീനുകള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹത. മഴ കാരണം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ചവര്‍ സംസ്കരണ ശാലയിലെ ബണ്ടുകളിലൊന്ന്‌ തകര്‍ന്ന കാരണത്താല്‍ കരമന നദിയിലേയ്ക്ക്‌ മാലിന്യപ്രവാഹം ഉണ്ടാവുകയും ശനിയാഴ്ച രാവിലെ മലമുകള്‍, വട്ടക്കയം പമ്പ്‌ ഹൗസിന്‌ സമീപം മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവ്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും ബണ്ടുകള്‍ പൊട്ടിയതല്ലെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. മറിച്ച്‌ ചവര്‍ സംസ്‌കരണ ശാലയിലെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിലെ രാസലായനികള്‍ ചേര്‍ന്ന മലിനജലം രാത്രിയോടെ തുറന്നുവിട്ടതാണ്‌ കരമന നദി മലിനപ്പെടാനും മീനുകള്‍ ചത്തുപൊങ്ങാനും കാരണമെന്ന്‌ പറയപ്പെടുന്നു.
നഗരസഭാ പരിധിയില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളില്‍ ‘ഇനോക്കുലം’ എന്ന്‌ പേരുള്ള അണുനാശിനി പ്രയോഗിച്ചശേഷം അവയില്‍ നിന്നും വേര്‍തിരിയുന്ന മലിന ദ്രാവകം അര്‍ദ്ധരാത്രിയോടെ മീനമ്പള്ളി തോടിലേയ്ക്ക്‌ തുറന്നുവിട്ടതിനാലാണ്‌ കരമന നദിയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്ന്‌ അറിവായിട്ടുണ്ട്‌.

മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ബണ്ട്‌ ശക്തിപ്പെടുത്തും  

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ മലിന ജലം സംസ്കരിക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക ബണ്ട്‌ ശക്തിപ്പെടുത്തുന്നതിന്‌ മേയര്‍ സി.ജയന്‍ബാബു നിര്‍ദ്ദേശിച്ചു. ഇവിടെ നിന്ന്‌ മലിനജലം പുറത്തേക്കൊഴുകുന്നുവെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മേയറും സംഘവും ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. അതേത്തുടര്‍ന്നാണ്‌ ഈ നിര്‍ദ്ദേശം. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി അദ്ധ്യക്ഷന്‍ ജി.ആര്‍.അനില്‍, വട്ടിയൂര്‍ക്കാവ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബാലചന്ദ്രന്‍നായര്‍, നഗരസഭാ ഹെല്‍ത്ത്‌ ഓഫീസര്‍ ഡോ.ശ്രീകുമാര്‍ തുടങ്ങിയവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

കടപ്പാട്‌: മാതൃഭൂമി 11-6-07

വിളപ്പില്‍ശാല ചവര്‍ സംസ്കരണ ഫാക്ടറിയിലെ മലിനജലം കരമനയാറ്റിലേയ്ക്ക്‌ ഒഴുക്കിവിട്ടാലും സംഭരിച്ചു നിറുത്തിയാലും ഫലം ഒന്നുതന്നെ. മലമുകള്‍, വട്ടക്കയം ഭാഗത്തിന് താഴെ ആറ്റില്‍ നിന്ന്‌ പമ്പ്‌ചെയ്ത്‌ കുടിക്കുവാന്‍ കൊടുക്കുന്നത്‌ ജനത്തിന്.  ആ വെള്ളം കുടിക്കുന്നവരെ ആദ്യം രോഗിയാക്കുമെങ്കില്‍ പിന്നീട്‌ മരണം തന്നെ സംഭവിക്കാനും സാധ്യതയുണ്ടെന്ന്‌ സാഹചര്യതെളിവുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

സോയില്‍ ടെസ്റ്റിംഗ്‌ വളം നിര്‍മാതാക്കളെ സഹായിക്കുവാന്‍

മണ്ണ്‌ പരിശോധിക്കുവാന്‍ മേല്‍മണ്ണ്‌ എന്നത്‌ ഒരടിയായി നിശ്ചയിച്ച്‌ ഒരിഞ്ച്‌ കനത്തിലുള്ള മണ്ണ്‌ ചുരണ്ടിയെടുത്ത്‌ തണലത്തിട്ട്‌ ഉണക്കി അരകിലോ പരിശോധനയ്ക്ക്‌ നല്‍കിയാല്‍ കിട്ടുന്ന ഫലം രാസ വളങ്ങളും ജൈവ വളങ്ങളും വാങ്ങിയിടുവാനുള്ള നിര്‍ദ്ദേശം. മണ്ണിന്റെ അമ്ലത വര്‍ദ്ധിപ്പിച്ച് തെങ്ങുകള്‍ക്ക്‌ മഞ്ഞളിപ്പും, റബ്ബറിന് കോറനിസ്പോറയും, നെല്ലിന് ബ്രൌണ്‍ ഹോപ്പറും സമ്മാനിച്ച സോയില്‍ ടെസ്റ്റിംഗ്‌ ലബോറട്ടറികള്‍ ഇനിയും ആവശ്യമുണ്ടെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ? മണ്ണില്‍ അലിഞ്ഞുചേരേണ്ട ജൈവാംശങ്ങള്‍ മണ്ണല്ല എന്ന കാരണം പറഞ്ഞ്‌ റിജെക്ട്‌ ചെയ്യുമ്പോള്‍ മറുവശത്തുകൂടി കിമ്പളങ്ങളും കൈപ്പറ്റിക്കൊണ്ടെന്ന്‌ സംശയിക്കത്തക്ക രീതിയില്‍ ജൈവവള നിര്‍മാതാക്കള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകളും വിപണന സഹായവും ചെയ്തു കൊടുക്കുന്നു.  അതിന് ഒരുത്തമ ഉദാഹരണമാണ് ബ്ലോക്ക്‌ പഞ്ചായത്ത് സ്കീമില്‍ ഉള്‍പ്പെടുത്തി എ.ഡി.എ ഓഫീസില്‍നിന്നും ഗ്രൂപ്‌ ഫാര്‍മിംഗ്‌ കര്‍ഷകര്‍ക്കായി (പഴം പച്ചക്കറികള്‍ക്ക്‌) പോബ്‌സ്‌ ഗ്രീന്‍ ജൈവ വളങ്ങള്‍ അടുത്തകാലത്ത്‌ വിതരണം ചെയ്തതും, നാളിതുവരെ ഗുണ നിലവാരമില്ലാത്ത പല ജൈവ വളങ്ങളും പല കൃഷിഭവനുകളിലൂടെ കര്‍ഷകര്‍ക്ക് നല്‍കിയതും.  പോബ്‌സ്‌ വളാവിഷ്ടങ്ങള്‍ കരമനയാറ്റില്‍ മത്സ്യങ്ങല്‍ ചത്തുപൊങ്ങാന്‍ കാരണമായിയെങ്കില്‍ അവരുടെ ജൈവ വളത്തില്‍ നിന്ന്‌  ഉത്‌പാദിപ്പിക്കുന്ന ഭക്ഷ്യോത്‌പന്നങ്ങള്‍ കഴിക്കുന്ന മനുഷ്യന്റെയും ഗതി മറ്റൊന്നാകാന്‍ വഴിയില്ല.

എന്‍.പി.കെ മാത്രം വിശകലനം ചെയ്ത്‌ ഭൂമിയുടെ ഗുണനിലവാരം നിശ്ചയിക്കുന്ന ഇന്നത്തെ ‍ഈരീതിക്ക് മാറ്റം വരണം. കര്‍ഷകര്‍ക്ക്‌ മൃഗങ്ങളുടെ കൊമ്പുവളമെന്നും, ജീവാണുവളമെന്നും, എല്ലുപൊടിയെന്നും, ജൈവവളമെന്നും, മണ്ണിര കമ്പോസ്റ്റെന്നും പറഞ്ഞു തരുന്നതില്‍ പലതും മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. കൃഷിചെയ്യുന്ന കര്‍ഷകന്‍ തന്റെ പാടങ്ങളിലേയ്ക്ക്‌ ആവശ്യമുള്ള വളങ്ങള്‍ സ്വയം ഉത്പാദിപ്പിച്ചോ മണ്ണില്‍ മണ്ണിരകളെ സംരക്ഷിച്ച് മണ്ണിനെ ഫലഭൂയിഷ്ടമാക്കിയോ കൃഷിചെയ്യണം. ഇല്ലെങ്കില്‍ മണ്ണിന്റെ മരണമാവും ഫലം.

16-5-2007 ലെ മാതൃഭൂമി ദിനപത്രം അഞ്ചാം പേജില്‍ ഇന്ത്യയില്‍ നിന്നുള്ള അരി റഷ്യ നിരോധിച്ചു എന്ന്‌ വാര്‍ത്തയുണ്ട്‌. അതിന് കാരണം അതിലെ കീടനാശിനിയുടെ അളവാണ്. കയറ്റുമതി ചെയ്ത അരിയില്‍  കീടനാശിനിയുടെ അളവ്‌ കൂടുതലെങ്കില്‍ നാം തിന്നുന്നതിലെ അളവെന്തായിരിക്കും? നമ്മുടെ ലബോറട്ടറികളൊന്നും സര്‍ക്കാര്‍ ശമ്പളവും കൈപറ്റിക്കൊണ്ട്‌ ശരിയായ ഒരു റിസല്‍ട്ടും നമുക്ക് തരില്ല.  ഒരിക്കല്‍ തിരുവനന്തപുരം പബ്ലിക്‌ ഹെല്‍ത്ത്‌ ലബോറട്ടറിയില്‍ കഞ്ഞിവെള്ളം ടെസ്റ്റ്‌ ചെയ്യാന്‍ കൊണ്ടുചെന്ന എനിക്ക്‌ കിട്ടിയ മറുപടി അരിടെസ്റ്റു ചെയ്യും കഞ്ഞിവെള്ളം ടെസ്റ്റ്‌ ചെയ്യുവാന്‍ കഴിയില്ല എന്നാണ്. ടെസ്റ്റിംഗ്‌ ഫീസ് നല്‍കിയുള്ള ഇത്തരം തട്ടിപ്പുകളില്‍നിന്ന്‌ കര്‍ഷകര്‍ സ്വയം മുക്തി നേടേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വളര്‍ച്ച ആശുപത്രികളുടെയും മരുന്നുകമ്പനികളുടെയും ചില ഡോക്ടര്‍മാരുടെയും കിമ്പളം കൈപ്പറ്റാന്‍ കഴിയുന്നവരുടെയും മാത്രമായിരിക്കും.