വിമുക്തഭടന്മാര്‍ക്കുള്ള തൊഴില്‍ സംവരണത്തില്‍ ഇളവ്

ന്യൂഡല്‍ഹി: വിമുക്തഭടന്‍മാര്‍ക്കുള്ള തൊഴില്‍ സംവരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തി. അപേക്ഷിക്കുന്ന എല്ലാ ജോലിയിലും വിമുക്തഭടന് ആനുകൂല്യം ലഭ്യമാക്കുന്ന ഭേദഗതിയാണ് ചട്ടങ്ങളില്‍ വരുത്തിയിട്ടുള്ളത്.

സൈന്യത്തില്‍നിന്ന് പിരിഞ്ഞശേഷം ഒന്നിലധികം ജോലികള്‍ക്കായി വിമുക്ത ഭടന്‍മാര്‍ അപേക്ഷ നല്‍കാറുണ്ട്. ആദ്യ ജോലി ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് തൊഴില്‍ മാറുന്ന ഘട്ടങ്ങളില്‍ ഇവര്‍ക്ക് സംവരണം ലഭിക്കാറില്ല. വിമുക്തഭടന്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ തിരഞ്ഞെടുക്കുന്നതിന് ഈ ചട്ടം വിലങ്ങുതടിയാണെന്ന പരാതി വ്യാപകമായിരുന്നു. 24 കൊല്ലത്തിന് ശേഷം ഈ ചട്ടത്തില്‍ േപഴ്‌സണല്‍മന്ത്രാലയം ഭേദഗതി വരുത്തി. ആദ്യം ചേരുന്ന ജോലിക്ക് പുറമെ അപേക്ഷിക്കുന്ന എല്ലാത്തിലും വിമുക്തഭടന്‍മാര്‍ക്കുള്ള സംവരണാനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആനുകൂല്യം ലഭിക്കുന്നതിന്, വിരമിച്ച ശേഷം ലഭിക്കുന്ന ആദ്യത്തെ ജോലിക്ക് ചേരുമ്പോള്‍ മറ്റ് അപേക്ഷകളുടെ വിവരങ്ങള്‍ തീയതിയടിസ്ഥാനത്തില്‍ രേഖാമൂലം നല്‍കണം. നേരിട്ട് റിക്രൂട്ട്‌മെന്റ് നടക്കുന്ന, വിമുക്തഭടന്‍മാര്‍ക്ക് സംവരണമുള്ള തസ്തികകളിലേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. കേന്ദ്ര സര്‍ക്കാറിലെ ഗ്രൂപ്പ് ‘സി’ തസ്തികയില്‍ പത്തുശതമാനത്തിലും ഗ്രൂപ്പ് ‘ഡി’യില്‍ 20 ശതമാനത്തിലുമാണ് വിമുക്തഭടന്‍മാര്‍ക്ക് സംവരണമുള്ളത്. അര്‍ധസൈനിക വിഭാഗങ്ങളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികവരെ പത്തുശതമാനം സംവരണവും വിമുക്തഭടന്‍മാര്‍ക്കുണ്ട്.

1985-ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിലാണ് വിമുക്തഭടനുള്ള സംവരണത്തിലൂടെ സിവില്‍ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, മറ്റ് ജോലിയില്‍ അപേക്ഷിക്കുന്ന ഘട്ടത്തില്‍ ആനുകൂല്യം ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നത്. സിവില്‍ ജോലിയില്‍ കയറുന്നതുമുതല്‍ വയസ്സിളവടക്കം സാധാരണ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍മാത്രമേ ലഭിക്കൂവെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, 1989-ല്‍ പുറത്തിറക്കിയ വിശദീകരണത്തില്‍ ഈ ചട്ടം, സ്വകാര്യ കമ്പനികളിലും സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ഓഫീസുകളില്‍ താത്കാലികാടിസ്ഥാനത്തിലോ കരാര്‍ അടിസ്ഥാനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

Courtesy: Mathrubhumi

Advertisements
%d bloggers like this: