രാഷ്‌ട്രീയാതിപ്രസരം സഹകരണമേഖലയെ നശിപ്പിക്കുന്നു -ഹൈക്കോടതി

കൊച്ചി: രാഷ്‌ട്രീയാതിപ്രസരം മൂലം സഹകരണപ്രസ്ഥാനം അന്ത്യശ്വാസം വലിക്കുകയാണെന്ന്‌ ഹൈക്കോടതി. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം സഹകരണ ബാങ്കുകളില്‍ സുരക്ഷിതമല്ല എന്ന അവസ്ഥയായിട്ടുണ്ട്‌. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ സഹകരണ സ്ഥാപനങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്ന്‌ മാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പോലെ സ്വയംഭരണ സ്ഥാപനങ്ങളാക്കണമെന്നാണ്‌ ജസ്റ്റിസ്‌ എസ്‌. സിരിജഗന്റെ നിരീക്ഷണം. പാലക്കാട്‌ ജില്ലയിലെ വല്ലപ്പുഴ സര്‍വീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതി പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ടാണ്‌ കോടതി ഉത്തരവ്‌. 2007 ഡിസംബര്‍ 6നാണ്‌ സഹകരണ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടത്‌. ഇതിനെതിരെ പ്രസിഡന്റ്‌ പി.കെ. കോയ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി, കക്ഷിരാഷ്‌ട്രീയം സഹകരണമേഖലയെ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയാണെന്ന്‌ പരിതപിക്കുന്നത്‌.

എല്ലാ മേഖലയിലും രാഷ്‌ട്രീയം കടന്നുകയറിയതോടെ സഹകരണപ്രസ്ഥാനം നശിക്കുകയാണെന്നാണ്‌ കോടതിയുടെ വിലയിരുത്തല്‍. മാറിമാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സഹകരണസംഘങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ പോലും തേടുന്നു. അധികാരത്തിലെത്തുന്ന രാഷ്‌ട്രീയകക്ഷി ഓരോ സംഘത്തിന്റെയും ഭരണം പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങുകയായി. എതിര്‍കക്ഷി ഭരിക്കുന്ന സംഘത്തെ സ്വന്തം പക്ഷത്തെത്തിക്കാന്‍ ഭരണക്കാര്‍ കൈയൂക്കും കാണിക്കും. ഭരണം മാറുന്നതോടെ ഹൈക്കോടതിയില്‍ ഇത്തരം കൈയടക്കലിനെതിരായ വ്യവഹാരങ്ങളുടെ വേലിയേറ്റമാണ്‌.

ഭരണസമിതിയെ പിരിച്ചുവിടാന്‍ അധികാരസ്ഥാനത്തുള്ളവര്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉപകരണമാക്കുകയാണ്‌. രാഷ്‌ട്രീയ യജമാനന്മാരെ സന്തോഷിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും സ്വാഭാവികനീതി അവഗണിക്കുന്നു. ജനാധിപത്യമൂല്യത്തിന്‌ ഭരണസമിതി വില കല്‌പിക്കാറില്ല. പിന്നീട്‌ എതിര്‍കക്ഷി ഭരണത്തിലെത്തുമ്പോള്‍ അന്നത്തെ ഭരണസമിതിയെ പുറത്താക്കാന്‍ ഇതേ രീതിതന്നെയാവും സ്വീകരിക്കുക. ഈ പ്രക്രിയയിലൂടെ സഹകാരി സഹകരണ പ്രസ്ഥാനത്തിന്‌ പുറത്താവുന്നു.

സഹകരണമേഖലയിലെ പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുമുണ്ട്‌. ഈ ക്രമക്കേട്‌ കണ്ടെത്തിയാല്‍ സംഘം സെക്രട്ടറിയെ മാത്രമാവും ഉത്തരവാദിയായി മുന്നോട്ടുനിര്‍ത്തുന്നത്‌. രാഷ്‌ട്രീയക്കാരുടെ താല്‌പര്യമനുസരിച്ച്‌ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യാജമായി തെളിവുകളുണ്ടാക്കി നിരത്തുമ്പോള്‍ പലപ്പോഴും ട്രൈബ്യൂണലുകള്‍ക്കും കോടതികള്‍ക്കും അത്‌ നോക്കിനില്‍ക്കാനേ സാധിക്കൂ എന്നതാവും അവസ്ഥ.

വല്ലപ്പുഴ സര്‍വീസ്‌ സഹകരണബാങ്കിന്റെ ഭരണസമിതിയെ പിരിച്ചുവിടാന്‍ 11 കുറ്റങ്ങള്‍ നിരത്തിയ നോട്ടീസാണ്‌ സഹകരണവകുപ്പില്‍നിന്ന്‌ നല്‍കിയത്‌. ഇതില്‍പ്പറഞ്ഞ 10 കാര്യങ്ങളും മുന്‍ ഭരണസമിതിയുടെ കാലത്ത്‌ നടന്നതാണ്‌. ഭൂമിവില്‌പന സംബന്ധിച്ചതാണ്‌ ശേഷിച്ച ഒരു കുറ്റാരോപണം. പത്രപ്പരസ്യം നല്‍കി ഏറ്റവും ഉയര്‍ന്നവില വാഗ്‌ദാനം ചെയ്‌തയാള്‍ക്കാണ്‌ ഭൂമി വിറ്റത്‌ എന്നിരിക്കേ, അതിലും ക്രമക്കേട്‌ ആരോപിക്കുന്നതിന്‌ അടിസ്ഥാനമില്ല. അതിനാല്‍ ഭരണസമിതി പിരിച്ചുവിട്ട നടപടി ദൂഷിതമാണ്‌, അധികാര ദുര്‍വിനിയോഗവുമാണ്‌ എന്ന ഹര്‍ജിക്കാരന്റെ പരാതി ശരിവച്ചുകൊണ്ടാണ്‌ കോടതിയുടെ ഉത്തരവ്‌.

കടപ്പാട് – മാതൃഭൂമി

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: