വിഴിഞ്ഞം പദ്ധതി

ലാന്‍കോ പിന്മാറി;വിഴിഞ്ഞം പദ്ധതി അനിശ്ചിതത്വത്തില്‍

പിന്മാറാനുള്ള കാരണം

പദ്ധതി നടത്തിപ്പിലെ തീര്‍പ്പില്ലായ്‌മ
നിയമ നടപടികളിലെ നൂലാമാല

പദ്ധതി പുനരാരംഭിക്കാന്‍

വീണ്ടും ടെന്‍ഡര്‍ നടപടി
അല്ലെങ്കില്‍ ‘സൂമി’ന്‌ അനുകൂലമായി വിധി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പില്‍ നിന്ന്‌, കരാര്‍ ലഭിച്ച ലാന്‍കോ കൊണ്ടപ്പള്ളി പിന്മാറി. പദ്ധതി നടത്തിപ്പിലെ തീര്‍പ്പില്ലായ്‌മയും നിയമനടപടികളുമാണ്‌ പിന്മാറാന്‍ കാരണമെന്ന്‌ കമ്പനി സര്‍ക്കാരിനെ അറിയിച്ചു. തുറമുഖ പദ്ധതിയുടെ സി.ഇ.ഒ. എല്‍. രാധാകൃഷ്‌ണനെ കത്തുമുഖേനയാണ്‌ നടത്തിപ്പില്‍ നിന്ന്‌ പിന്മാറുന്ന വിവരം ലാന്‍കോ അറിയിച്ചത്‌. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ലഭിച്ച ലാന്‍കോ പിന്മാറുകയും കരാറിനായി ശ്രമിക്കുന്ന സൂം ഡെവലപ്പേഴ്‌സ്‌ നിയമനടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പദ്ധതി അനിശ്ചിതത്വത്തിലേക്ക്‌ നീങ്ങുകയാണ്‌.

സൂം ഡെവലപ്പേഴ്‌സിന്‌ അനുകൂലമായി കോടതി വിധിയുണ്ടാവുകയോ, വീണ്ടും ടെന്‍ഡര്‍ നടപടികളിലേക്ക്‌ നീങ്ങുകയോ ചെയ്‌താലേ പദ്ധതി തുടങ്ങാനാകൂ. സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ പിന്നാലെയാണ്‌ മറ്റൊരു വന്‍കിട വികസന പദ്ധതികൂടി അനിശ്ചിതത്വത്തിലേക്ക്‌ നീങ്ങുന്നത്‌. അങ്ങനെ, വിവാദത്തില്‍ കുടുങ്ങി മുടങ്ങുന്ന വന്‍പദ്ധതികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരിക്കുകയാണ്‌ വിഴിഞ്ഞം തുറമുഖം.

തുടക്കം മുതല്‍ വിവാദത്തിലൂടെയായിരുന്നു വിഴിഞ്ഞം പദ്ധതിയുടെ ചുവടുവയ്‌പ്‌. ആദ്യ ടെന്‍ഡറില്‍ സൂം ഡെവലപ്പേഴ്‌സിന്റെ കണ്‍സോര്‍ഷ്യത്തില്‍ ചൈനീസ്‌ കമ്പനി ഉള്‍പ്പെട്ടതാണ്‌ വിനയായത്‌. കേന്ദ്രം സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്‍കാന്‍ വിസമ്മതിച്ചു. ഏറെ വാക്‌പയറ്റുകള്‍ക്കുശേഷവും കേന്ദ്രം നിലപാട്‌ മാറ്റാതെ വന്നപ്പോള്‍ രണ്ടാമതും ടെന്‍ഡര്‍ ചെയ്‌തു. ചൈനീസ്‌ കമ്പനിയെ മാറ്റി സൂം ഡെവലപ്പേഴ്‌സ്‌ പോര്‍ഷ്യ എന്ന കമ്പനിയുമായി കണ്‍സോര്‍ഷ്യത്തില്‍ ഏര്‍പ്പെട്ട്‌ ടെന്‍ഡര്‍ നല്‍കി. എന്നാല്‍ സാങ്കേതിക ടെന്‍ഡര്‍ തുറന്നപ്പോള്‍ ലാന്‍കോ കൊണ്ടപ്പള്ളിക്ക്‌ അനുകൂല തീരുമാനമാണുണ്ടായത്‌.

നീതിനിഷേധം ആരോപിച്ച്‌ സൂം ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല വിധി സമ്പാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്‌തെങ്കിലും സൂമിന്റെ ടെന്‍ഡര്‍ വീണ്ടും പരിശോധിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. പുനപ്പരിശോധനയിലും സൂമിന്‌ യോഗ്യതയില്ലെന്നാണ്‌ കമ്മിറ്റി വിലയിരുത്തിയത്‌.

തങ്ങളോട്‌ പക്ഷപാതപരമായാണ്‌ പെരുമാറുന്നതെന്ന്‌ കാണിച്ച്‌ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ സൂം വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്‌ച സൂം ഹര്‍ജി നല്‍കും. തുറമുഖം നിര്‍മിച്ച്‌ മുന്‍പരിചയമില്ലെന്ന വാദം മുന്നോട്ടുവെച്ചാണ്‌ സൂമിന്‌ അയോഗ്യത വിധിച്ചത്‌. എന്നാല്‍ തങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍പ്പെട്ട മറ്റ്‌ കമ്പനികള്‍ക്ക്‌ ആ മേഖലയില്‍ പരിചയമുണ്ടെന്നും ഇതേ മാനദണ്ഡം നോക്കിയാല്‍ ലാന്‍കോയ്‌ക്കും കരാര്‍ നല്‍കാനാകില്ലെന്നും സൂം പറയുന്നു.

ഇതിനിടെ ഇരു കമ്പനികളുടെയും സാമ്പത്തിക ടെന്‍ഡറിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 332 കോടി രൂപയുടെ അധികലാഭം സൂമിന്റെ ടെന്‍ഡറിനാണെന്ന വിവരം പുറത്തുവന്നതോടെ, സര്‍ക്കാര്‍ ലാന്‍കോയ്‌ക്ക്‌ വേണ്ടി നിലകൊള്ളുന്നതിന്‌ പിന്നില്‍ അഴിമതിയാണെന്ന ആരോപണവും ഉയര്‍ന്നു. സി.പി.എമ്മിലെ ഇരുവിഭാഗവും രണ്ടുവശങ്ങളിലായി ഓരോ കമ്പനിക്ക്‌ വേണ്ടി അണിനിരന്നു. പ്രശ്‌നം വീണ്ടും കോടതിയിലേക്ക്‌ നീങ്ങുന്നതിനിടെയാണ്‌ ലാന്‍കോയുടെ പിന്മാറ്റം.

നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അതോടെ സര്‍ക്കാരിന്റെ ഒത്തുകളി പുറത്തുവരുമെന്നുമുള്ളതിനാലാണ്‌ ലാന്‍കോ പിന്മാറിയതെന്ന്‌ സൂം സി.ഇ.ഒ. അനില്‍തമ്പി പറഞ്ഞു.

തുടര്‍നടപടി കോടതിയുടെ നിര്‍ദ്ദേശത്തിനുംകൂടി വിധേയമായിട്ടായിരിക്കും. സൂമിന്‌ അനുകൂലമായോ, റീ ടെന്‍ഡര്‍ ചെയ്യാനോ വിധിയുണ്ടാകുന്നപക്ഷം അതിനനുസൃതമായ നിലപാട്‌ സര്‍ക്കാരിന്‌ സ്വീകരിക്കേണ്ടിവരും.

ബാലുവിനെ പഴിച്ചു; ഒടുവില്‍ സ്വയം പഴി വാങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ പദ്ധതിയുടെ തടസ്സത്തിന്‌ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്നത്‌ കേന്ദ്ര ഷിപ്പിങ്‌ മന്ത്രിയായിരുന്ന ടി.ആര്‍. ബാലുവായിരുന്നു. പദ്ധതി നടത്തിപ്പില്‍ ഓരോ ഘട്ടത്തിലും സംസ്ഥാന സര്‍ക്കാരിനുണ്ടായ പിഴവാണ്‌ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തതിന്‌ കാരണം.

1995-ല്‍ പദ്ധതിയുടെ പ്രാരംഭതല ചര്‍ച്ച നടക്കുമ്പോള്‍ തന്നെ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞില്ല. മത്സ്യത്തൊഴിലാളികളെ തീരത്തുനിന്നും ഒഴിപ്പിക്കുമെന്ന പ്രചാരണം അഴിച്ചുവിട്ട്‌ ഒരു വിഭാഗമാളുകള്‍ പദ്ധതിയെ എതിര്‍ത്തു. വിഴിഞ്ഞത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത്‌ നിരവധി വിദേശ തുറമുഖനിര്‍മ്മാണ കമ്പനികള്‍ പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട്‌ വന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പ്‌ ഭയന്ന്‌ പലരും പിന്മാറി.

2006-ല്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത ചൈനീസ്‌ കമ്പനി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിന്‌ പദ്ധതി നടത്താന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം കേന്ദ്ര ഷിപ്പിങ്‌ മന്ത്രാലയത്തിന്‌ അപേക്ഷ നല്‍കി. പ്രതിരോധം, വിദേശം, ആഭ്യന്തരം എന്നീ വകുപ്പുകള്‍ക്ക്‌ പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതിന്‌ പകരം ഷിപ്പിങ്‌ മന്ത്രാലയത്തിന്‌ നേരിട്ട്‌ അപേക്ഷ നല്‍കിയതാണ്‌ പ്രശ്‌നമായത്‌. വന്‍കിട തുറമുഖമാണെങ്കിലും സംസ്ഥാന പദ്ധതിയായതിനാല്‍ മൈനര്‍ തുറമുഖങ്ങളുടെ പട്ടികയിലാണ്‌ കേന്ദ്രം ഇതിനെ കണക്കാക്കിയിരിക്കുന്നത്‌. അതിനാല്‍ ഷിപ്പിങ്‌ മന്ത്രാലയത്തിന്‌ നേരിട്ട്‌ പദ്ധതിയുമായി ഇടപെടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ബാലുവിനെ സംസ്ഥാന സര്‍ക്കാര്‍ പഴി ചാരി. ചൈനീസ്‌ കമ്പനി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു. 2007-ലെ കണക്കനുസരിച്ച്‌ 5400 കോടിയുടെ പദ്ധതിക്കാണ്‌ അവസാനം രൂപം നല്‍കിയത്‌. 1995-ല്‍ 2500 കോടിയില്‍ തീര്‍ക്കേണ്ട പദ്ധതി 2008 ആയപ്പോഴേക്കും കണക്കില്‍ 5400 കോടിയായതുമാത്രം മെച്ചം. കരാറെടുപ്പിക്കാനോ പണി തുടങ്ങിപ്പിക്കാനോ കഴിഞ്ഞില്ല.

കടപ്പാട് – മാതൃഭൂമി 25-06-09

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: