ഗവര്‍ണര്‍ തീരുമാനം അഭിനന്ദനീയം

ഇനി വിചാരണ

  • സി.ബി.ഐ. ഉദ്യോഗസ്ഥനെ രാജ്‌ഭവനില്‍ വിളിച്ചുവരുത്തി അനുമതി കൈമാറി
  • സി.ബി.ഐ. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും
  • ഇന്ന്‌ സി.പി.എം. അവെയ്‌ലബിള്‍ പി.ബി. യോഗം പിണറായി മാറിനില്‍ക്കണമോ എന്ന്‌ യോഗം ചര്‍ച്ചചെയ്യും
  • ഗവര്‍ണറുടെ തീരുമാനം സര്‍ക്കാര്‍ ശുപാര്‍ശ മറികടന്ന്

തിരുവനന്തപുരം: രാഷ്ട്രീയകേരളം ഉറ്റുനോക്കിയിരുന്ന എസ്‌.എന്‍.സി. ലാവലിന്‍ കേസ്സില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ അനുമതി നല്‍കി.

ലാവലിന്‍ കേസ്സില്‍ ഒന്‍പതാം പ്രതിയായ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കൊണ്ടാണ്‌ കേരള രാഷ്ട്രീയത്തില്‍ ത്തന്നെ വന്‍ചലനങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന സുപ്രധാന തീരുമാനം ഗവര്‍ണര്‍ കൈക്കൊണ്ടത്‌. പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതില്ലെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശം അതേപടി അംഗീകരിച്ചുകൊണ്ടാണ്‌ സര്‍ക്കാര്‍ തീരുമാനം ഗവര്‍ണറെ അറിയിച്ചിരുന്നത്‌.

എന്നാല്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശത്തില്‍ തൃപ്‌തനാകാത്ത ഗവര്‍ണര്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള നിയമജ്ഞന്മാരുടെ ഉപദേശം തേടിയും സമാനസ്വഭാവത്തിലുള്ള കേസുകളിലെ സുപ്രീംകോടതി വിധികള്‍ കണക്കിലെടുത്തുമാണ്‌ സ്വന്തം നിഗമനത്തില്‍ എത്തിയത്‌. മന്ത്രിസഭായോഗത്തില്‍ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്ന മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ ഉറച്ച നിലപാടിനും ഫലത്തില്‍ ഭരണത്തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്‌ നല്‍കിയ ഒരു ഗുഡ്‌സര്‍വീസ്‌ കൂടിയായി ഈ തീരുമാനം.

അതേസമയം സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നതിനുമുന്‍പ്‌ അഡ്വക്കേറ്റ്‌ ജനറല്‍ ടെലിഫോണിലൂടെ ഈ വിഷയത്തെക്കുറിച്ച്‌ ബാഹ്യശക്തികളുമായി ആശയവിനിമയം നടത്തിയ വിവരങ്ങളും സി.ബി.ഐ. ഗവര്‍ണറെ ബോധ്യപ്പെടുത്തിയിരുന്നു.

ഗവര്‍ണറുടെ തീരുമാനത്തില്‍ മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തിയില്ലെങ്കിലും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ വ്യക്തമാക്കിക്കഴിഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്‌ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സി.ബി.ഐ. ഗവര്‍ണറുടെ അനുമതി ആവശ്യപ്പെട്ടത്‌. നാടകീയമായിട്ടായിരുന്നു സി.ബി.ഐ. ഉദ്യോഗസ്ഥനെ ഗവര്‍ണര്‍ ഞായറാഴ്‌ച രാജ്‌ഭവനിലേക്ക്‌ വിളിച്ചുവരുത്തിയത്‌.

ഉച്ചയോടെ സി.ബി.ഐയുടെ അഡീഷണല്‍ എസ്‌.പി. പ്രേംകുമാര്‍ രാജ്‌ഭവനില്‍ എത്തുകയും ഗവര്‍ണറില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ നേരിട്ടു വാങ്ങുകയും ചെയ്‌തു. പ്രേംകുമാര്‍ ഒരു മണിക്കൂറോളം രാജ്‌ഭവനില്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ടുമായി ഇറങ്ങിയ പ്രേംകുമാര്‍ രാജ്‌ഭവനുപുറത്ത്‌ തടിച്ചുകൂടിയിരുന്ന മാധ്യമപ്രവര്‍ത്തകരോട്‌ എന്തെങ്കിലും പറയാന്‍ കൂട്ടാക്കാതെ കാറില്‍ പാഞ്ഞുപോവുകയായിരുന്നു. 40 പേജുള്ള റിപ്പോര്‍ട്ട്‌ സി.ബി.ഐ. ജോയിന്റ്‌ ഡയറക്ടര്‍ കന്തസ്വാമിയുടെ പേരില്‍ മുദ്രവെച്ച കവറിലാണ്‌ നല്‍കിയിരിക്കുന്നത്‌.

ഗവര്‍ണറുടെ തീരുമാനം പ്രത്യേകദൂതന്‍ വഴി സി.ബി.ഐയുടെ ചെന്നൈ ഓഫീസിലെത്തിക്കുമെന്ന്‌ സി.ബി.ഐ. കേന്ദ്രങ്ങള്‍ പറഞ്ഞു. സി.ബി.ഐ.യുടെ ചെന്നൈയിലെ ജോയിന്റ്‌ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസന്വേഷണം പൂര്‍ത്തിയാക്കി വിചാരണയ്‌ക്കുള്ള അനുമതിക്കായി ഗവര്‍ണറെ സമീപിച്ചത്‌. ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നില്ലെങ്കില്‍ സി.ബി.ഐ.യുടെ ‘പ്രസ്റ്റീജിയസ്‌’ കേസുകളില്‍ ഒന്നായ ലാവലിന്‍ കേസ്‌ പ്രശ്‌നത്തിലാകുമായിരുന്നു.

പിണറായിക്കൊപ്പം മുന്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാനും ഊര്‍ജവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌ എന്നിവരെയും വിചാരണ ചെയ്യാന്‍ സി.ബി.ഐ. അനുമതി തേടിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

മുന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍മാരായ ആര്‍. ശിവദാസന്‍, പി.എ. സിദ്ധാര്‍ഥമേനോന്‍, മുന്‍ ചീഫ്‌ എന്‍ജിനീയര്‍ എം. കസ്‌തൂരിരംഗയ്യര്‍, മുന്‍ അക്കൗണ്ട്‌സ്‌ മെമ്പര്‍ കെ.ജി. രാജശേഖരന്‍നായര്‍, ലാവലിന്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്സ്‌ട്രന്റ്‌, ലാവലിന്‍ കമ്പനി എന്നിവരാണ്‌ മറ്റുപ്രതികള്‍.

വിചാരണ പൊതുതാത്‌പര്യം സംരക്ഷിക്കാന്‍- ഗവര്‍ണര്‍

കൊച്ചി: ലാവലിന്‍ കേസില്‍ ഒന്‍പതാം പ്രതിയായ പിണറായി വിജയനെ കോടതി വിചാരണ ചെയ്യേണ്ടത്‌ പൊതു താത്‌പര്യം സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന്‌ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 40- ഓളം പേജുകള്‍ അടങ്ങിയതാണ്‌ ഗവര്‍ണറുടെ ഉത്തരവ്‌.

വിശദമായി സിബിഐ ഹാജരാക്കിയ തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ്‌ പിണറായി വിജയനെ പ്രോസിക്യൂഷനില്‍ നിന്ന്‌ ഒഴിവാക്കിയ മന്ത്രിസഭയുടെ തീരുമാനം യുക്തിക്ക്‌ നിരക്കാത്തതാണെന്ന നിഗമനത്തില്‍ ഗവര്‍ണര്‍ എത്തിയത്‌. അതനുസരിച്ചാണ്‌ പ്രോസിക്യൂഷനുള്ള അനുമതി നല്‍കിയിട്ടുള്ളത്‌.

ഭീമമായ ഈ അഴിമതി കേസിലെ ഒരു പ്രതി വിചാരണ നേരിടാതെ സര്‍ക്കാര്‍ താത്‌പര്യപ്രകാരം രക്ഷപ്പെടുന്നത്‌ പൊതു താത്‌പര്യത്തിന്‌ വിരുദ്ധമാണെന്നുള്ള നിയമോപദേശം ഗവര്‍ണര്‍ അംഗീകരിച്ചു. സിബിഐയുടെ തെളിവുകളും രേഖകളും സൂക്ഷ്‌മമായി വിലയിരുത്തിക്കൊണ്ടാണ്‌ പിണറായിയെ പ്രോസിക്യൂഷനില്‍ നിന്ന്‌ ഒഴിവാക്കിയ മന്ത്രിസഭാ തീരുമാനവുമായി ഗവര്‍ണര്‍ ശക്തമായി വിയോജിച്ചത്‌.

സിബിഐ ഹാജരാക്കിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യവുമായി പിണറായിക്കുള്ള പങ്ക്‌ മൂടിവെക്കാന്‍ കഴിയില്ലെന്നും ഇത്തരം അഴിമതി കേസുകളിലെ പ്രതികള്‍ എത്ര ഉന്നതരായാലും വിചാരണ നേരിടണമെന്നുള്ള പൊതു താത്‌പര്യത്തിന്‌ മുന്‍ഗണന നല്‍കിക്കൊണ്ടാണ്‌ ഗവര്‍ണറുടെ തീരുമാനം. 2004-ലെ സുപ്രീം കോടതിവിധി അനുസരിച്ചുള്ള മാര്‍ഗരേഖകള്‍ പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കണമെന്നുള്ള നിയമോപദേശം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വിലയിരുത്തി.

223 പേജുകളുള്ള സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ വളരെ വിശദമായി ഗവര്‍ണര്‍ പരിശോധിച്ചു. സാക്ഷിമൊഴികളുമായി അവ ഗവര്‍ണര്‍ ഒത്തുനോക്കുകയും വിശദീകരണം ആവശ്യമുള്ളവയില്‍ സിബിഐയുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്‌തു.

ലാവലിന്‍ കേസ്‌ സംസ്ഥാന വിജിലന്‍സാണ്‌ ആദ്യം അന്വേഷിച്ചത്‌. വിജിലന്‍സില്‍ നിന്ന്‌ കേസ്‌ എടുത്തുമാറ്റി സിബിഐ അന്വേഷണം അനിവാര്യമാണെന്ന്‌ 2007 ജനവരിയില്‍ ഹൈക്കോടതി വിധിച്ചു. ഈ കേസില്‍ പിണറായി വിജയനെ പോലുള്ള പ്രതികളുടെ വിചാരണയും അനിവാര്യമാണെന്നുള്ളതിന്‌ സിബിഐ ഹാജരാക്കിയ തെളിവുകളില്‍ നിന്ന്‌ ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയത്‌.

രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ഈ കേസില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സിബിഐക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ സിബിഐ പിണറായിക്ക്‌ എതിരെ ആരോപിക്കുന്നത്‌ തെളിയിക്കുന്നതിനായി വിചാരണ കൂടിയേ തീരൂ. വിചാരണ കൂടാതെ ഒരു പ്രതിയെ കുറ്റവിമുക്തനാക്കുന്നത്‌ നീതിനിഷേധമാണ്‌. ലാവലിന്‍ കേസിലെ വന്‍ സ്രാവുകളെ ഒഴിവാക്കി ചെറിയ മീനുകളെ അന്വേഷണ ഏജന്‍സി പിടികൂടുന്നതില്‍ അര്‍ഥമില്ലെന്നുള്ള ധ്വനി അന്വേഷണം സിബിഐക്ക്‌ കൈമാറിയപ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറി ഉദ്യോഗസ്ഥരെ ബലിയാടാക്കിയ ‘വന്‍ സ്രാവ്‌’ തന്നെയാണ്‌ പിണറായി വിജയന്‍ എന്നും അദ്ദേഹത്തെ പ്രതിയാക്കാനുള്ള തെളിവുകള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ മുമ്പാകെ സിബിഐ ബോധിപ്പിച്ചിരുന്നു. അത്‌ സൂക്ഷ്‌മമായി പരിശോധിച്ചുകൊണ്ടാണ്‌ ഗവര്‍ണറുടെ നടപടി.

Courtesy : Mathrubhumi Daily 8-6-09

ഭാരതീയനായ ഒരു പൌരനും നിയമത്തിനതീതനല്ല. ഒരു പാര്‍ട്ടി സെക്രട്ടറി ആണെങ്കില്‍‌പ്പോലും ഇതേ രാജ്യത്തെ നിയമം അനുസരിക്കാനും നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനും ബാധ്യസ്ഥനാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: