പൊലീസ് അനാസ്ഥകാട്ടിയെന്ന് തരൂര്‍

Taroorഡല്‍ഹി: ചെറിയതുറ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായി ശശി തരൂര്‍. ഈ മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാത്തലവനെ കസ്റ്റഡിയില്‍ എടുക്കാതിരുന്നതാണ് പൊലീസ് കാട്ടിയ ആദ്യ അനാസ്ഥ. ഗുണ്ടാ വിളയാട്ടത്തെ എതിര്‍ത്ത ജനക്കൂട്ടം പ്രകോപിതരായപ്പോള്‍ വെടിവയ്ക്കുന്നതിനു പകരം മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ച് അവരെ പിരിച്ചുവിടാമായിരുന്നു.

കണ്ണീര്‍വാതകം പ്രയോഗിച്ചതിനു ശേഷം വെടിയുതിര്‍ക്കാനാണ് നിര്‍ദേശം നല്‍കിയത്. ആള്‍നാശം സംഭവിക്കാത്ത മറ്റു സാധ്യതകള്‍ ആരാഞ്ഞില്ല. ജൂഡീഷ്യല്‍ അന്വേഷണത്തിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും കേരളഹൌസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍ തരൂര്‍ പറഞ്ഞു.ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ കാണാതായിട്ടും അന്വേഷണം വേണ്ടരീതിയില്‍ നടത്താന്‍ കഴിയാതിരുന്നത് ദുരന്തങ്ങളെ നേരിടാന്‍ കേരളം സജ്ജമല്ലെന്നതിനു തെളിവാണ്. തീരദേശ സംരക്ഷണ സേനയുടെ കേന്ദ്രം തിരുവനന്തപുരത്തു തുടങ്ങുന്ന കാര്യം കേന്ദ്രവുമായി ചര്‍ച്ചചെയ്യും.

വിമാനം അയയ്ക്കണമെന്ന സന്ദേശം രാവിലെ പത്തരയ്ക്കു കൊച്ചിയിലെ കേന്ദ്രത്തില്‍ ലഭിച്ചിട്ടും തിരുവനന്തപുരത്ത് വിമാനമെത്തിയത് ഉച്ചയ്ക്കു രണ്ടരയ്ക്കാണ്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി.കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകുമോ എന്ന ചോദ്യത്തിന് തിരുവനന്തപുരത്തെ ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തത്തിനാണ് മുന്‍തൂക്കം എന്നായിരുന്നു മറുപടി. മറ്റ് എംപിമാര്‍ നാട്ടിലേക്കു പോയിട്ടും താങ്കള്‍ മാത്രം എന്തുകൊണ്ടു പോയില്ലെന്നായി ചോദ്യം. ഇന്ന് വൈകിട്ടുവരെ തലസ്ഥാനത്തുണ്ടാവണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി തരൂര്‍ പറഞ്ഞു.

കടപ്പാട് – മനോരമ

Advertisements
%d bloggers like this: