ഇതാ ഒരു സമ്പന്നസംവരണം – അഡ്വ. കെ. രാംകുമാര്‍

പി ന്നാക്ക വിഭാഗക്കാര്‍ക്ക്‌ സംവരണം എന്നത്‌ നമ്മുടെ ഭരണഘടനയിലുള്‍പ്പെടുത്തിയ മഹത്തായ ഒരാശയവും ലക്ഷ്യവുമാണ്‌. സംവത്സരങ്ങളായി സമത്വവും തുല്യതയും നിഷേധിക്കപ്പെട്ട ഒരു ജനസമൂഹത്തെ കൈപിടിച്ചുയര്‍ത്തി സാമൂഹികജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയും മറ്റുള്ളവരോടൊപ്പം മത്സരിക്കാനും നേട്ടങ്ങള്‍ കൊയ്യാനും അവരെക്കൂടി പര്യാപ്‌തരാക്കുകയും ചെയ്യുന്ന വിശാലമായ ഒരു കാഴ്‌ചപ്പാടാണല്ലോ സംവരണ തത്ത്വത്തിന്റെ അടിത്തറ തന്നെ.
പട്ടികജാതി-വര്‍ഗങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന ഉണ്ടായിട്ടുപോലും നമ്മുടെ അത്യുന്നത കോടതിയില്‍ ഒരു ദളിത്‌ ജഡ്‌ജ ിയുണ്ടാകാന്‍ നാല്‌പത്‌ വര്‍ഷങ്ങളെടുത്തു. സമ്പൂര്‍ണ സാക്ഷരതയും പുരോഗമനാശയങ്ങളും ഉണ്ടെന്ന്‌ അവകാശപ്പെടുന്ന കേരളത്തിലാകട്ടെ അതിലുമധികം സമയമെടുത്തു. ആയ ജഡ്‌ജ ിയാകട്ടെ ഈഴവനായ അന്നത്തെ അഡ്വക്കേറ്റ്‌ ജനറലിന്റെ പരിഹാസപരാമര്‍ശങ്ങള്‍ സഹിക്കേണ്ടതായും വന്നു.
പക്ഷേ, അവരടക്കമുള്ളവര്‍ക്കൊക്കെ ഉദ്യോഗത്തില്‍ നിന്ന്‌ വിരമിച്ചാല്‍ പിറ്റേദിവസം തന്നെ സംവരണം ചെയ്യപ്പെട്ട ഒരുപാട്‌ പദവികള്‍ കാത്തിരിക്കുന്നു. നിലവിലുള്ള ശമ്പളം, വാഹനം, ഔദ്യോഗിക ബഹുമതികള്‍, ആരോഗ്യ സംരക്ഷണം, ടെലിഫോണ്‍ സൗകര്യങ്ങള്‍ എല്ലാം എല്ലാമുള്‍ക്കൊള്ളുന്നവ. മുട്ടിയാല്‍ മതി തുറക്കപ്പെടാന്‍. അതാണ്‌ വിചിത്രമായ ഒരു പുതിയ സമ്പന്ന സംവരണ വ്യവസ്ഥ. ഭാരതത്തിലും കേരളത്തിലും നിലവിലുള്ള നിരവധി നിയമങ്ങള്‍ വഴി ഈ സംവരണം ഉറപ്പു വരുത്തിയിട്ടുണ്ട്‌. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ലോക്‌പാല്‍, ലോകായുക്ത, ടെലികോം കമ്മീഷന്‍, സെഗാറ്റ്‌, സി.എ.ടി. എന്ന്‌ തുടങ്ങി നിരവധി തസ്‌തികകള്‍ വിരമിച്ച സുപ്രീംകോടതി ജഡ്‌ജ ിമാര്‍ക്കും ഹൈക്കോടതി ജഡ്‌ജ ിമാര്‍ക്കും മാത്രമായി സംവരണം ചെയ്‌തിരിക്കുന്നു. പുറമേ, നദീജല തര്‍ക്കം, അതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നിവയ്‌ക്ക്‌ രൂപീകരിക്കപ്പെട്ടിരിക്കുന്ന വിവിധ കമ്മിഷനുകളും. ഭരണഘടനാപരമായി ഉന്നത പദവികള്‍ വഹിച്ചിരുന്ന പലര്‍ക്കും മരണം വരെ ജനങ്ങളുടെ ചെലവില്‍ കഴിഞ്ഞു കൂടുവാനുള്ള സംവരണ രീതിയാണ്‌ ഈ നിയമങ്ങളില്‍ അവലംബിച്ചിരിക്കുന്നത്‌. ഇപ്പോഴും ഡല്‍ഹിയിലെ ഒരു പ്രധാന മാര്‍ഗില്‍ (റോഡില്‍) ഔദ്യോഗിക വസതിയും വാഹനവും വില്ലാ ശിപായിയും ഒക്കെയുള്ള ഒരു മുന്‍ജഡ്‌ജ ിക്ക്‌ താന്‍ എന്തു പദവിയാണ്‌ വഹിക്കുന്നതെന്നുപോലും മനസ്സിലാക്കാനുള്ള കഴിവ്‌ നഷ്‌ടപ്പെട്ടുപോയിരിക്കുന്നു; പ്രായാധിക്യവും അല്‍ഷിമേഴ്‌സുംമൂലം. പക്ഷേ, അദ്ദേഹം വഹിച്ചുകൊണ്ടിരിക്കുന്ന പദവിക്കു തുല്യമായ എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും കൃത്യമായി മാസാമാസം എത്തിക്കുന്നുമുണ്ട്‌.
ഈ സമ്പ്രദായം ആശാസ്യമാണോ? അനുവദനീയമാണോ? യഥാര്‍ഥത്തില്‍ അപഹാസ്യമല്ലേ ഇത്‌? തങ്ങള്‍ വഹിച്ചിരുന്ന ഉന്നത പദവികളുടെ മഹത്ത്വവും അതോടനുബന്ധിച്ചു നേടിയ ബഹുമാനവും കളഞ്ഞുകുളിക്കാന്‍ നിര്‍ബന്ധമായും അവരെ തന്നെ പ്രേരിപ്പിക്കുന്ന നിയമ വ്യവസ്ഥയല്ലേ ഇവ? ഈ നിയമങ്ങള്‍ നിലനിര്‍ത്തുന്നത്‌ നീതിന്യായ വ്യവസ്ഥയുടെ തന്നെ വിശ്വാസ്യതയെ തകര്‍ക്കുന്നതിനിടയാക്കുകയില്ലേ എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു. ചുകന്ന ലൈറ്റ്‌ ഘടിപ്പിച്ച കാര്‍ കിട്ടാന്‍ ഒരു മുന്‍ചീഫ്‌ ജസ്റ്റിസിനെ സെക്രട്ടേറിയറ്റ്‌ നടയിലേക്ക്‌ സഞ്ചരിക്കാന്‍ നിര്‍ബന്ധിതനാക്കുന്ന ഒരു സംവിധാനം ജുഡീഷ്യറിക്ക്‌ തന്നെ അപമാനമല്ലേ?
പ്രത്യേകിച്ച്‌ ചില സ്ഥാപിത താത്‌പര്യങ്ങള്‍ ഈ നിയമങ്ങള്‍ക്ക്‌ പിന്നില്‍ ഒളിച്ചിരിക്കുമ്പോള്‍. കേന്ദ്രനിയമ മന്ത്രിമാര്‍ മിക്കവാറും സുപ്രീംകോടതി അഭിഭാഷകരായിരുന്നവരാണ്‌. ജഡ്‌ജ ിമാരെ സന്തോഷിപ്പിക്കുന്നതില്‍ ജനതാത്‌പര്യത്തെക്കാളേറെ മന്ത്രിസ്ഥാപനമൊഴിഞ്ഞാല്‍ തിങ്കളാഴ്‌ചയും വെള്ളിയാഴ്‌ചയുമെങ്കിലുമുള്ള സുപ്രീംകോടതിയിലെ സാന്നിധ്യമുറപ്പുവരുത്തലാണ്‌ അവരുടെ മനസ്സില്‍. തങ്ങള്‍ അടുത്തറിയുന്നവര്‍ക്ക്‌ വാരിക്കോരി കൊടുക്കാന്‍ ചട്ടങ്ങള്‍ നിര്‍മിച്ചതില്‍ പ്രധാനപങ്ക്‌ അവര്‍ക്കാണ്‌. വിരമിച്ച ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസുമാര്‍ക്ക്‌ സ്റ്റെനോഗ്രാഫര്‍ അലവന്‍സു മാത്രം പ്രതിമാസം പതിനായിരം രൂപയാണ്‌ മരണം വരെ. നീതികരിക്കാവുന്നതാണോ ഈ നിയമങ്ങളും ചട്ടങ്ങളും? നൂതന സംവരണ രീതി വഴി വിശേഷാല്‍ അവകാശങ്ങളുള്ള വ്യത്യസ്‌തരാം പൗരന്മാരുടെ എണ്ണം വര്‍ധിപ്പിക്കലാണോ നിയമ മന്ത്രിമാരുടെ പ്രവര്‍ത്തനശൈലി? ഈ വിശിഷ്യ വിഭാഗത്തില്‍ പെടുന്നവര്‍ക്കാകട്ടെ ജനങ്ങളോട്‌ യാതൊരു കടപ്പാടും ഇല്ല. കണക്ക്‌ പറയേണ്ടതുമില്ല.
ഇതിനും പുറമേ പതിവായി, ഉദാരമായി നല്‍കി വരുന്ന ആര്‍ബിട്രേഷന്‍ എന്ന സ്വര്‍ണഖനിയും ഇവര്‍ക്കു ലഭ്യമാണ്‌. സിറ്റിങ്‌ ഫീസും സമയവും സ്വയം തീരുമാനിക്കാനുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യവും ഇവര്‍ക്കുണ്ട്‌. ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകളിലെ താമസത്തിനു പുറമെ മുപ്പത്തിമൂന്ന്‌ ലക്ഷം രൂപയാണ്‌ ഒരു മുന്‍ഹൈക്കോടതി ജഡ്‌ജ ി ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന്‌ ഈ ഇനത്തില്‍ കൈപ്പറ്റിയത്‌ എന്നാക്ഷേപമുണ്ട്‌. ആര്‍ബിട്രേഷന്‍ ആക്ടില്‍ ചട്ടങ്ങളുടെ അഭാവമാണ്‌ ചോദ്യാര്‍ഹവും അനുചിതവുമായ അമിത ആനുകൂല്യങ്ങള്‍ (പണമായി) കൈപ്പറ്റുന്നതിന്‌ സഹായകമാവുന്നത്‌. സാങ്കേതിക പരിജ്ഞാനം വേണ്ട കേസ്സുകളില്‍ പോലും വിദഗ്‌ധന്മാരെ ഒഴിവാക്കി വിരമിച്ച ജഡ്‌ജ ിമാര്‍ക്കാണ്‌ മുന്‍ഗണന ലഭിക്കുന്നത്‌.
കംപ്‌ട്രോളര്‍ – ഓഡിറ്റര്‍ ജനറല്‍, തിരഞ്ഞെടുപ്പു കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ എന്നീ പദവികള്‍ വഹിച്ചവര്‍ക്ക്‌ മറ്റു സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജോലികള്‍ സ്വീകരിക്കുന്നതില്‍ നിന്ന്‌ നിയമം മൂലം വിലക്കുണ്ട്‌.
അതിലും എത്രയോ ഉന്നതവും പവിത്രവുമായ പദവി വഹിക്കുന്ന നീതിപതികള്‍ക്കാകട്ടെ സംവരണവും! വിരമിച്ച്‌ വീണ്ടും അഭിഭാഷകരായവര്‍ പോലും സ്വയം വിശേഷിപ്പിക്കുന്നത്‌ ജസ്റ്റിസ്‌ എന്നാണ്‌. പത്രവാര്‍ത്തകളില്‍ പോലും കാണുന്നു ഈ കേസ്സില്‍ ഹാജരായത്‌ ജസ്റ്റിസ്‌ ഇന്നയാളാണ്‌ എന്ന്‌. ഇതും ഒരുതരം സ്വയം തരംതാഴലല്ലേ?

വിരമിക്കുന്ന ജഡ്‌ജ ിമാരുടെ വിജ്ഞാനവും അനുഭവസമ്പത്തും ജനനന്മയ്‌ക്കായി തീര്‍ച്ചയായും ഉപയോഗിക്കണം. എന്നുവെച്ച്‌ വെറും ഉദ്യോഗ സമ്പാദകരായി തരംതാഴാന്‍ അവരെ നിര്‍ബന്ധിക്കുന്ന നിയമങ്ങളുണ്ടാകരുത്‌. മനുഷ്യാവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച്‌ ചിലര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ക്ക്‌ കേരളം സാക്ഷ്യം വഹിച്ചതാണ്‌. കടാശ്വാസ കമ്മീഷന്‍ പഴയപാര്‍ട്ടിപ്രവര്‍ത്തകനാണെന്ന്‌ പോലും വിസ്‌മരിച്ച ഒരു രാഷ്ട്രീയ നേതാവ്‌, അതിനെക്കുറിച്ച്‌ നടത്തിയ വെളിവില്ലാത്ത വെളിപാടുകള്‍ കേരളം കേട്ടതാണ്‌. ഇത്തരം അവഹേളനം എന്തിനാ നമ്മുടെ ബഹുമാന്യരായ മുന്‍ജഡ്‌ജ ിമാര്‍ സഹിക്കുന്നത്‌? സ്വയം ക്ഷണിച്ചുവരുത്തുന്നത്‌? എന്നോ പുതുക്കേണ്ടിയിരുന്ന ജഡ്‌ജ ിമാരുടെ ശമ്പള-സേവന വ്യവസ്ഥകള്‍ ഇപ്പോഴെങ്കിലും നവീകരിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. താന്‍ വഹിച്ചിരുന്ന പദവിയുടെ അന്തസ്സിന്‌ ഭംഗംവരാത്ത രീതിയിലെങ്കിലും ജീവിക്കാനുള്ള സൗകര്യങ്ങള്‍ തീര്‍ച്ചയായും വിരമിച്ച അവര്‍ക്ക്‌ നലേ്‌കണ്ടതാണ്‌.
പക്ഷേ, അതിന്‌ സംവരണ നിയമം വേണോ? നൂറുകോടിയിലധികം വരുന്ന ജനസംഖ്യയിലെ അഞ്ഞൂറോളം പൗരന്‍മാര്‍ക്ക്‌ മാത്രം പ്രത്യേക ഉദ്യോഗസംവരണം എങ്ങനെ ഭരണഘടനാ അനുസൃതമാവും? രാജ്യം വിലമതിക്കുന്ന തുല്യതാ തത്ത്വങ്ങളെ നിന്ദിക്കുന്ന നിയമങ്ങള്‍ നിലനിര്‍ത്താന്‍ പാടുള്ളതല്ല. വിജ്ഞാനവും പരിചയസമ്പത്തും വേണ്ടുവോളമുള്ള അഭിഭാഷകരെപോലും ഇത്തരം സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങള്‍ക്ക്‌ പരിഗണിക്കാന്‍ നിയമങ്ങള്‍ അനുവദിക്കില്ല. അതിന്റെ ആവശ്യവുമില്ല. അഭിഭാഷകവൃത്തി തിരഞ്ഞെടുത്തവര്‍ കണ്ടകാകീര്‍ണമായ വഴികളും കല്ലുംമുള്ളും നിറഞ്ഞ അതിന്റെ കോണിപ്പടികളും കഷ്‌ടപ്പെട്ട്‌ കയറിതന്നെവേണം മുകളിലെത്താന്‍. പിന്‍വാതില്‍ പ്രയോഗങ്ങള്‍ പണവും പദവികളും കൊണ്ടുവന്നുതരുമായിരിക്കും. ബഹുമാന്യത ഒരിക്കലും നല്‌കുകയില്ല. അഞ്ചുകൊല്ലം കൂടുമ്പോള്‍ മാത്രം മികവ്‌ പുറത്തുവരുന്ന നീലക്കുറിഞ്ഞി വിഭാഗത്തില്‍പ്പെട്ട അഭിഭാഷകരെ ജനത്തിനു പരിചിതമാണല്ലോ? പൂക്കുകമാത്രമല്ല ഫലവും തരും അവര്‍. അപ്പോള്‍ വിരമിച്ച ജഡ്‌ജ ിമാര്‍ക്ക്‌ മാത്രമായി ഒരു നിയമ നിര്‍മാണം നാം അംഗീകരിച്ചുവരുന്ന എല്ലാ തത്ത്വങ്ങള്‍ക്കും വിരുദ്ധമാവുകയില്ലേ?
ധാര്‍മികതയുടെ കാഴ്‌ചപ്പാടിലും ഈ നിയമങ്ങള്‍ അംഗീകരിക്കാവുന്നതല്ല. വിരമിക്കുന്ന സമയമടുക്കുമ്പോഴേക്കും രാഷ്ട്രീയ പ്രബലരുടെയോ സ്ഥാപിത താത്‌പര്യമുള്ളവരുടെയോ സ്വാധീന വലയത്തില്‍ ജഡ്‌ജ ിമാര്‍ വീഴാന്‍ ഈ നിയമങ്ങള്‍ കാരണമാകും. ലോകമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ ഈ സമ്പ്രദായം ശരിയല്ലെന്ന്‌ പലയിടത്തും പ്രസ്‌താവിച്ചിട്ടുണ്ട്‌.
വിരമിക്കുന്ന ഹൈക്കോടതി ജഡ്‌ജ ിമാരുടെ സേവനം വ്യവഹാരികളില്‍ ഒന്നുമാത്രമായി കേവലം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തുന്നത്‌ ശരിയാണോ? ദീര്‍ഘകാലം നിയമരംഗത്ത്‌ പ്രവര്‍ത്തിച്ച്‌ സംപുഷ്‌ടമായ അനുഭവസമ്പത്ത്‌ സമ്പാദിച്ചവരുടെ സേവനം സാധാരണ ജനങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ്‌. ശരിയാണ്‌. അവരെ അത്‌ നല്‌കാന്‍ നിര്‍ബന്ധിക്കാന്‍ ജനങ്ങള്‍ക്കാവില്ല. പക്ഷേ, അവര്‍ക്ക്‌ ലഭിച്ച അറിവും പരിചയവും ആവശ്യമുള്ള വ്യവഹാരികള്‍ക്ക്‌ നിയമോപദേശം നല്‌കാനും അഭിഭാഷകരെന്ന നിലയില്‍ അവരെ സഹായിക്കാനും എന്തുകൊണ്ട്‌ ഉപയോഗിച്ചുകൂടാ? അഭിഭാഷക വൃത്തിയില്‍ മികച്ചവരാണെന്നതുകൊണ്ടാണല്ലോ ജഡ്‌ജ ിമാര്‍ തന്നെ ജഡ്‌ജ ിമാരാകാന്‍ അവരെ തിരഞ്ഞെടുക്കുന്നത്‌. വിരമിക്കുന്നവര്‍ക്ക്‌,പിന്നെയും സര്‍ക്കാര്‍ ശമ്പളം കിട്ടുന്ന സ്ഥാനങ്ങള്‍ക്ക്‌ പകരം സാമാന്യ ജനങ്ങള്‍ക്കുപകാരപ്രദമാകുന്ന അഭിഭാഷകവൃത്തി വീണ്ടും സ്വീകരിക്കാമല്ലോ?
ഏത്‌ നിലയ്‌ക്കും വിരമിച്ച ശേഷം മൂന്നുവര്‍ഷത്തേക്കെങ്കിലും മറ്റൊരുപദവിയും (സര്‍ക്കാര്‍ ശമ്പളം പറ്റുന്നവ) വഹിക്കാന്‍ പാടില്ലെന്ന നിയമകമ്മീഷന്റെ ശുപാര്‍ശകള്‍ ഉടന്‍ തന്നെ നടപ്പില്‍വരുത്തേണ്ടതാണ്‌. സമ്പന്ന വര്‍ഗസംവരണം ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണെന്നതിന്‌ ഒരുസംശയവുമില്ല. അതവസാനിപ്പിക്കേണ്ട സമയമായി. ജഡ്‌ജ ിമാര്‍ തന്നെ ഇക്കാര്യത്തില്‍ മാതൃക കാണിക്കണം, മുന്‍കൈയെടുക്കണം.
സ്ഥാനം വഹിക്കുമ്പോഴും വിരമിച്ച ശേഷവും ജനങ്ങളോടുള്ള പ്രതിബദ്ധത വിസ്‌മരിക്കാത്ത മഹതിയും മാതൃതുല്യയുമായ ഒരു മുന്‍ ജഡ്‌ജ ിയുണ്ട്‌- ശ്രീമതി ശ്രീദേവി. നിര്‍ഭാഗ്യവതികളായ ഒരുപാട്‌ യുവതികള്‍ക്ക്‌ അവര്‍ ശരിക്കും ‘ദേവി’ തന്നെയാണ്‌. തൊണ്ണൂറിലെത്തിയിട്ടും കര്‍മനിരതനായി ജനങ്ങളുടെ മദ്ധ്യത്തില്‍ ജീവിക്കുന്ന, അവരുടെ ദുഃഖങ്ങള്‍ പങ്കിടുന്ന അവരെ ആശ്വസിപ്പിക്കുന്ന വീരരാജപുരം രാമയ്യര്‍ കൃഷ്‌ണയ്യരെപ്പറ്റി പ്രത്യേകം പരാമര്‍ശിക്കേണ്ടതേയില്ലല്ലോ?
Courtesy: mathrubhumi 21-04-09

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: