ജനങ്ങളുടെ സ്നേഹവായ്പില്‍ മനംനിറഞ്ഞ് തരൂര്‍

വി.എസ്.ശ്യാംലാല്‍
തിരുവനന്തപുരം: കേരളത്തിന്റെ അതിര്‍ത്തിയായ ഒരു കുഗ്രാമത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒരു കുളം വൃത്തിയാക്കുകയായിരുന്നു ആ സംഘം. അവരില്‍ പല പ്രായക്കാര്‍. ഇരുട്ടും മുമ്പെ പണി തീര്‍ക്കാനുള്ള വ്യഗ്രതയില്‍ നില്‍ക്കുമ്പോഴാണ്വോട്ടുതേടി സ്ഥാനാര്‍ത്ഥി കടന്നുവരുന്നതായുള്ള അനൌണ്‍സ്മെന്റ് മുഴങ്ങിയത്. പണി നിറുത്തി അവര്‍ കരയ്ക്ക് കയറി അപ്പോഴേയ്ക്കും പ്രചരണസംഘം അരികിലെത്തിയിരുന്നു. അലങ്കരിച്ച വാഹനത്തിലെ ഉയര്‍ന്ന പീഠത്തില്‍ നില്‍ക്കുന്നയാളെ ശരിക്ക് കാണാന്‍ പ്രായംചെന്ന ഒരു തൊഴിലാളി മുന്നിലേയ്ക്കു കയറി. ഒറ്റമുണ്ടാണ് വേഷം. തലയിലൊരു തോര്‍ത്ത് കെട്ടിയിട്ടുണ്ട്. വസ്ത്രങ്ങളടക്കം ആകെ ചെളിയില്‍ മുങ്ങിയ രൂപം.

സ്ഥാനാര്‍ത്ഥിയെ കണ്‍നിറയെ കണ്ടു നന്നെ ബോധിച്ചു. അദ്ദേഹത്തെ നോക്കി ഒന്ന് ചിരിച്ചു. ചെളിയാല്‍ അഭിഷേകം ചെയ്യപ്പെട്ട മുഖത്തു കണ്ട വെള്ളാരംകല്ലുപോലുള്ള പല്ലുകള്‍ക്ക് ഇരട്ടിത്തിളക്കം. സ്ഥാനാര്‍ത്ഥിയുടെ മനസ്സില്‍ ആ ചിരി പതിഞ്ഞു. അദ്ദേഹം താഴെ ഇറങ്ങി ആ തൊഴിലാളിക്കുനേരെ കൈനീട്ടി “അപ്പടി ചെളിയാ” – അയാള്‍ മടിച്ചു. സ്ഥാനാര്‍ത്ഥി ആ ചെളിപുരണ്ട കൈ ബലം പ്രയോഗിച്ച് കവര്‍ന്നു. ” – ഈ ചെളിയല്ലെ രാജ്യത്തെ പടുത്തുയര്‍ത്തുന്നത്. ഞാനും നിങ്ങളിലൊരാളാണ്. പിന്നെന്തിനാ മടിക്കുന്നേ?” അദ്ദേഹം പറഞ്ഞു. അപ്പോള്‍ പല്ലുകളിലെ തിളക്കം കണ്ണുകളിലേക്കും പടര്‍ന്നു. സ്ഥാനാര്‍ത്ഥിയുടെ കണ്ണുകളില്‍ രണ്ടുതുള്ളി വെള്ളം.
ഡോ ശശി തരൂരാണ് വാഹനത്തില്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആദ്യമായി പൊതു തെരഞ്ഞടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ രണ്ട് വലിയ പുസ്തകങ്ങള്‍ എഴുതിയാലും തീരില്ലെന്ന് സാഹിത്യകാരന്‍ കൂടിയായ അദ്ദേഹം പറയുന്നു. പ്രചാരണ വഴികളിലുണ്ടായ അനുഭവങ്ങളെല്ലാം തന്നെ ജനങ്ങളുടെ സ്നേഹവായ്പ് പ്രകടമാക്കുന്നവയായിരുന്നുവെന്ന് തരൂരിന്റെ സാക്ഷ്യപത്രം.

“വളരെ വിശ്വാസമുള്ളവരുടെ കയ്യില്‍ മാത്രമേ നമ്മള്‍ കുട്ടികളെ കൊടുക്കാറുള്ളു. എന്നാ, പോയ പല സ്ഥലങ്ങളിലും അമ്മമാര്‍ കുഞ്ഞുങ്ങളെ എന്റെ കൈകളില്‍ നല്‍കാന്‍ മത്സരിച്ചു. ചിലര്‍ക്ക് ഒന്ന് തൊട്ടാല്‍ മതി. നഗരത്തിലായിരുന്നാലും ഗ്രാമത്തിലായിരുന്നാലും ഇതായിരുന്നു സ്ഥിതി. പലയിടത്തും ഞാന്‍ ചെല്ലുമ്പോള്‍ വീട്ടുകാര്‍ നിലവിളക്കുകള്‍ കത്തിച്ച്വെച്ച് ബഹുമാനിച്ചു അതിനുമാത്രം എന്തു പ്രത്യേകതയാണ് എനിക്കുണ്ടായിരുന്നത് എന്ന് മനസ്സിലാവുന്നില്ല. അവരുടെ മനസ്സില്‍ എന്നോടുണ്ടായിരുന്ന അളവറ്റ സ്നേഹം പ്രകടിപ്പിച്ചതാവാം.” – അദ്ദേഹം വിലയിരുത്തി.

ജനങ്ങളുടെ സ്നേഹവായ്പിനൊപ്പം അവരുടെ വേദനയും മനസ്സിനെ മഥിച്ചുവെന്ന് ശശിതരൂര്‍ പറയുന്നു. “വിഴിഞ്ഞം പോലുള്ള സ്ഥലങ്ങളിലെ ചില ദളിത് കോളനികളില്‍ കടന്നുചെല്ലുവാനുള്ള നല്ലൊരു വഴിപോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ എന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അവര്‍ക്ക് ഒരു പരാതിമാത്രമേ ഉണ്ടായിരുന്നുള്ളു – കുടിക്കാന്‍ വെള്ളം കിട്ടുന്നില്ല. നാടും നഗരവും രാജ്യവും ലോകവും ഇത്രയേറെ വളര്‍ന്നിട്ടും ഇനിയും കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങള്‍ അവശേഷിക്കുന്നുവെന്ന സത്യം എന്നെ വളരെയേറെ വേദനിപ്പിച്ചു. ജയിച്ചുകവിഞ്ഞാല്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടത് കുടിവെള്ളപ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് എന്ന് അവിടെവെച്ചുതന്നെ തീരുമാനിക്കുകയും ചെയ്തു.” – അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ തന്നെ ഒരു സ്ഥാനാര്‍ത്ഥിയായാണോ കണ്ടെതെന്ന സംശയം ഡോ. ശശിതരൂരിനുണ്ട്. പലയിടത്തും അടുത്തുകൂടിയവരുടെ പ്രധാന ആവശ്യം ഓട്ടോഗ്രാഫായിരുന്നു. എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് നീങ്ങാനുള്ള ശ്രമത്തിനിടെ പലപ്പോഴും പര്യടനം മണിക്കൂറുകള്‍ വൈകി എന്ന് അദ്ദേഹം പറയുന്നു.
കടപ്പാട് – മാതൃഭൂമി 18-04-09

Advertisements
%d bloggers like this: