വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു`?

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
പരിഭാഷ- സന്തോഷ് തോട്ടിങ്ങല്‍
ഇംഗ്ലീഷിലെ ലേഖനം: http://www.gnu.org/philosophy/schools.html

എല്ലാ കമ്പ്യുട്ടര്‍ ഉപയോക്താക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതിനു് പൊതുവായ ചില കാരണങ്ങളുണ്ടു്. അതു് ഉപയോക്താക്കള്‍ക്കു് സ്വന്തം കമ്പ്യൂട്ടര്‍ നിയന്ത്രിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു- കുത്തക സോഫ്റ്റ്‌വെയറുകളാണെങ്കിലോ, ഉപയോക്താക്കള്‍ക്കു് പകരം സോഫ്റ്റ്‌വെയര്‍ ഉടമകളെ കമ്പ്യൂട്ടര്‍ അനുസരിയ്ക്കുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കള്‍ക്ക് പരസ്പരസഹകരണത്തിനുള്ള സ്വാതന്ത്ര്യം നല്‍കുകയും അതുവഴി ജീവിതോന്നമനത്തിനു് സഹായിക്കുകയും ചെയ്യുന്നു. ഇപ്പറഞ്ഞതെല്ലാം വിദ്യാ‍ലയങ്ങള്‍ക്കും ബാധകമാണു്.

പക്ഷേ ഇതിനെല്ലാം പുറമെ വിദ്യാലയങ്ങളെ സംബന്ധിച്ചു് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടു്. അതാണു് ഈ ലേഖനത്തിന്റെ വിഷയം.

ഒന്നാമതായി വിദ്യാലയങ്ങള്‍ക്കു് പണം ലാഭിയ്ക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സഹായിയ്ക്കും. സമ്പന്നരാജ്യങ്ങളില്‍പോലും വിദ്യാലയങ്ങള്‍ പണത്തിനുവേണ്ടി ബുദ്ധിമുട്ടുകയാണു്. മറ്റേതു ഉപയോക്താവിനുമെന്ന പോലെ , പകര്‍ത്താനും, പുനര്‍വിതരണം നടത്താനും, അതുകൊണ്ടു തന്നെ വിദ്യാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഉപയോഗിയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അനുവദിയ്ക്കുന്നു. ദരിദ്രരാഷ്ട്രങ്ങളിലിതു് ഡിജിറ്റല്‍ വിഭജനം തടയാന്‍ ഉപകരിയ്ക്കുന്നു.

മേല്‍പ്പറഞ്ഞതു് പ്രധാനപ്പെട്ട സംഗതിയാണെങ്കിലും, ഒരു ഉപരിപ്ലവമായ വസ്തുതയാണു്. മാത്രമല്ല, കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്കു വേണമെങ്കില്‍ സോഫ്റ്റ്‌വെയറുകള്‍ വിദ്യാലയങ്ങള്‍ക്കു് ദാനം ചെയ്തു് ഈ പ്രശ്നത്തെ ഒഴിവാക്കാനും പറ്റും. (നോക്കിക്കോളൂ!, ഇത്തരത്തില്‍ ദാനം കിട്ടുന്ന വിദ്യാലയങ്ങള്‍ക്കു് ഭാവിയിലെ പുതുക്കിയ പതിപ്പുകള്‍ക്കു് വിലകൊടുക്കേണ്ടിവരും). അതുകൊണ്ടു് നമുക്കീ പ്രശ്നം കുറച്ചുകൂടി ആഴത്തില്‍ പരിശോധിയ്ക്കാം.

സമൂഹത്തിനാകെ ഉപകാരപ്പെടുന്ന ജീവിതരീതികളാണു് വിദ്യാലയങ്ങള്‍ കുട്ടികളെ പഠിപ്പിയ്ക്കേണ്ടതു്. പുനരുപയോഗത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന പോലെത്തന്നെയാണു് സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെ അവര്‍ പ്രോത്സാഹിപ്പിയ്ക്കേണ്ടതു്. വിദ്യാലയങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കുകയാണെങ്കില്‍ അവരും പഠിച്ചു മുതിരുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കും. കുത്തക കമ്പനികളുടെ മേധാവിത്വത്തില്‍ നിന്നും തടവില്‍ നിന്നും സമൂഹത്തെ അതു് മോചിപ്പിയ്ക്കും. പുകയില കമ്പനികള്‍ സൌജന്യമായി സിഗററ്റുകള്‍ വിതരണം ചെയ്യുന്ന[1] അതേ കാരണം കൊണ്ടു തന്നെ ഈ കമ്പനികളും സൌജന്യ പകര്‍പ്പുകള്‍ വിദ്യാലയങ്ങള്‍ക്കു വിതരണം ചെയ്യും. പക്ഷേ പഠിച്ചുമുതിര്‍ന്നു കഴിഞ്ഞാല്‍ യാതൊരു വിലക്കിഴിവുമുണ്ടാവില്ല.

സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നു് മനസ്സിലാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുന്നു. കൌമാരത്തിലെത്തുന്ന പല വിദ്യാര്‍ത്ഥികളും കമ്പ്യൂട്ടറിനെപറ്റിയും, സോഫ്റ്റ്വെയറിനെപ്പറ്റിയും എല്ലാ കാര്യങ്ങളും അറിയാന്‍ ആഗ്രഹിയ്ക്കുന്നു. നല്ല പ്രോഗ്രാമര്‍മാരാവുന്ന ആ കാലത്താണു് ഇതെല്ലാം പഠിയ്ക്കേണ്ടതു്. സോഫ്റ്റ്‌വെയര്‍ നന്നായി എഴുതാന്‍ പഠിയ്ക്കണമെങ്കില്‍ ആദ്യം ഓരോ വിദ്യാര്‍ഥിയും ധാരാളം കോഡ് വായിയ്ക്കുകയും എഴുതുകയും വേണം. ആളുകള്‍ ശരിയ്ക്കും ഉപയോഗിയ്ക്കുന്ന പ്രോഗ്രാമുകളുടെ കോഡ് വായിയ്ക്കുകയും മനസ്സിലാക്കുകയും വേണം. നിത്യേന ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകളുടെ കോഡ് വായിയ്ക്കാന്‍ അവര്‍ അത്യധികം ഉത്സുകരായിരിയ്ക്കും.

അറിവിനായുള്ള ദാഹത്തെ കുത്തകസോഫ്റ്റ്‌വെയറുകള്‍ നിഷേധിയ്ക്കുന്നു. അവര്‍ പറയുന്നു.”നിങ്ങള്‍ക്കറിയേണ്ടത് രഹസ്യമാണു്, അതു പഠിയ്ക്കുന്നത് നിരോധിച്ചിരിയ്ക്കുന്നു” സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എല്ലാവരെയും പഠിയ്ക്കുന്നതിനു് പ്രോത്സാഹിപ്പിയ്ക്കുന്നു. സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് പൊതുജനങ്ങള്‍ക്കു് അജ്ഞാതമാക്കുന്ന “സാങ്കേതികതയുടെ പൌരോഹിത്യം” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിഷേധിയ്ക്കുന്നു; ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളും സോഴ്സ് കോഡ് വായിയ്ക്കുന്നതിനെയും വേണ്ടത്ര പഠിയ്ക്കുന്നതിനെയും നാം പ്രോത്സാഹിപ്പിയ്ക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്ന വിദ്യാലയങ്ങള്‍ ഭാവിയിലേയ്ക്കു് പ്രതിഭാധനരായ പ്രോഗ്രാമ്മര്‍മാരെ സംഭാവന ചെയ്യുന്നു.

വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതിന്റെ അടുത്ത കാരണം കുറച്ചുകൂടി ആ‍ഴത്തിലുള്ളതാണു്. വിദ്യാലയങ്ങളുടെ ചുമതല വിദ്യാര്‍ത്ഥികളെ അടിസ്ഥാന വസ്തുതകളും കഴിവുകളും പഠിപ്പിയ്ക്കേണ്ടതാണെന്നു് നാം പ്രതീക്ഷിയ്ക്കുന്നു. അടിസ്ഥാനപരമായി വിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം നല്ല പൌരന്മാരെയും അയല്‍ക്കാരെയും വാര്‍ത്തെടുക്കുകയെന്നതാണു് – സഹായമാവശ്യമുള്ളവരോടു് സഹകരിയ്ക്കുന്നവരെ വാര്‍ത്തെടുക്കുകയെന്നതാണു്. കമ്പ്യൂട്ടറുകളുടെ
ലോകത്തു്  ഇതിനര്‍ത്ഥം  സോഫ്റ്റ്‌വെയറുകള്‍  പങ്കുവെയ്ക്കാന്‍ പഠിപ്പിയ്ക്കുകയെന്നതാണു്. പ്രാഥമിക വിദ്യാലയങ്ങള്‍ അവയിലെ വിദ്യാര്‍ത്ഥികളോടു് പറയണം,”നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരികയാണെങ്കില്‍ അതു മറ്റു കുട്ടികളുമായി പങ്കിടണം”. തീര്‍ച്ചയായും ഉപദേശിയ്ക്കുന്നപോലെത്തന്നെ അതു് അനുസരിയ്ക്കാന്‍ വിദ്യാലയങ്ങളും ബാധ്യസ്തരാണു; വിദ്യാ‍ലയത്തിലുള്ള എല്ലാ സോഫ്റ്റ്‌വെയറും വിദ്യാര്‍ത്ഥികള്‍ക്കും, പകര്‍ത്താനും, വീട്ടിലേയ്ക്കു് കൊണ്ടുപോകാനും പുനര്‍വിതരണം നടത്താനും അനുവദിയ്ക്കണം.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ പഠിപ്പിയ്ക്കുന്നതും ഒരു സാമൂഹ്യപാഠമാണു്. വന്‍‌കിടമുതലാളിമാരുടേതല്ലാത്ത, പൊതുസേവനത്തിന്റെ മാതൃക അതു് വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ എല്ലാ നിലകളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണം.

[1] . വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ സൌജന്യമായി സിഗററ്റ് വിതരണം ചെയ്തതിനു് ആര്‍.ജെ റെയ്നോള്‍ഡ്സ് എന്ന പുകയില കമ്പനി 2002 ല്‍ 15 മില്യണ്‍ ഡോളര്‍ പിഴയൊടുക്കേണ്ടിവന്നു.

http://www.bbc.co.uk/worldservice/sci_tech/features/health/tobaccotrial/usa.htm.

Advertisements

ഒരു പ്രതികരണം

  1. ഞാന്‍ നേരത്തെ സാറിന്റെ ബ്ലോഗ്‌ കാണുകയും കൂട്ടുകാരോട്‌ പറയുകയും ചെയ്‌തിട്ടുണ്ട്‌ അന്ന്‌ എഴുത്തും വായനയും അറിയില്ലായിരുന്നു. ഇപ്പോഴും നല്ല വെളിവില്ല.
    താങ്കളെ പോലെയുള്ളവര്‍ ഒരുമറുപടി അയക്കുകയെന്നത്‌ തന്നെ ഭാഗ്യം
    ഒത്തിരി സ്‌നേഹത്തോടെ മാജിക് ബോസ്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: