റബ്ബര്‍: വെട്ടേണ്ടത് താഴെ നിന്ന് മേല്പോട്ട്

കാടപ്പാട്‌: ഈ ലേഖനം മാതൃഭൂമി ദിനപത്രത്തില്‍ 9-9-07 ന് കാര്‍ഷികരംഗം എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചതാണ്.

ഏതാണ്ട് നൂറ്റിപ്പത്തിലേറെ കൊല്ലമായി നിലനിന്നു വരുന്ന റബ്ബര്‍ ടാപ്പിങ് സമ്പ്രദായമാണ് ഇപ്പോള്‍ തുടര്‍ന്നു വരുന്ന കുത്തനെ തുറന്ന പാനലില്‍ താഴേയ്ക്കു വെട്ടിയിറങ്ങുന്ന രീതി. വെട്ടുപട്ടയില്‍ ഊറിയിറങ്ങുന്ന പാലിന് താഴേയ്ക്കു ഒഴുകിയിറങ്ങാനുള്ള സൌകര്യം മാത്രം കണക്കിലെടുത്താണ് ഇത് രൂപപ്പെട്ടുവന്നത്. മരത്തിന്റെ ആന്തരിക ഘടനയോ ശരീരധര്‍മ്മമോ കണക്കിലെടുക്കാതെയാണ് ഇതു തുടര്‍ന്നു വന്നത്. മരം മുകളിലേയ്ക്കു വളരുന്നു. പ്രകാശസംശ്ലേഷണം വഴി ഇലകള്‍ ഉല്പാദിപ്പിക്കുന്ന അന്നജം പട്ടയ്ക്കുള്ളിലൂടെ താഴേയ്ക്കു വഹിക്കപ്പെടുന്നു. ഫ്ലം എന്ന കലയ്ക്കുള്ളിലൂടെ ഇങ്ങനെ നീങ്ങുന്ന അന്നജം അസംസ്കൃത വസ്തുവാക്കിയാണ് പാല്‍ക്കുഴലുകള്‍ക്കുള്ളില്‍ പാല്‍ നിര്‍മാണം നടക്കുന്നത്. ഈ പാലിന്റെ ഒഴുക്കുദിശയും താഴേയ്ക്കു തന്നെ. നിലവിലുള്ള രീതിയില്‍ ഒന്നേകാല്‍ മീറ്റര്‍ ഉയരത്തില്‍ പാതി ചുറ്റളവില്‍ ആദ്യത്തെ ടാപ്പിങ് തുടങ്ങി അവിടുന്നു ക്രമേണ താഴേയ്ക്കു വെട്ടി ഇറങ്ങുന്നു. പാലിന്റെ അസംസ്കൃത വസ്തുവായ അന്നജത്തിന്റെ ഉറവിടമായ ഇലച്ചില്‍ മുകളിലേയ്ക്കു മുകളിലേയ്ക്കുയരുന്നു, ടാപ്പിങ്ങിന്റെ ദിശ താഴേയ്ക്ക് താഴേയ്ക്ക് പ്രഭവസ്ഥാനത്തുനിന്ന് അകന്നകന്ന് ദൂരേയ്ക്ക് ഇറങ്ങുന്നു. ആദ്യത്തെ വെട്ടോടെ തന്നെ അസംസ്കൃതവസ്തുവിന്റെ വരവു നിലയ്ക്കുന്നു. പിന്നീടുള്ള ടാപ്പിങ്ങുകളില്‍ ഈ കുറവുമൂലം പാലുല്പാദനം കുറയുന്നു. പാലിലെ റബ്ബര്‍ അംശം കുറയുന്നു. ക്രമേണ പല മരങ്ങളിലും ഇതുതുടര്‍ന്ന് പാല്‍ നേര്‍ത്തുനേര്‍ത്ത് ഉല്പാദനം നിലയ്ക്കുന്നു, പട്ടമരച്ചു (മരിച്ചു) പോകുന്നു.

എന്നാല്‍ പുതുതായി വികസിപ്പിച്ച ടാപ്പിങ് സമ്പ്രദായത്തില്‍ ഈ കുറവു തീര്‍ത്തും പരിഹരിച്ച് ടാപ്പിങ് തീര്‍ത്തും ശാസ്ത്രീയമാക്കിയിരിക്കുന്നു. പട്ടയ്ക്കുള്ളില്‍ ചരിഞ്ഞു വിന്യസിച്ചിരിക്കുന്ന പാല്‍ക്കുഴലുകള്‍ക്കു സമാന്തരമായി തുറന്ന ചരിഞ്ഞ പാനലില്‍ ഏറ്റവും താഴെ നിന്നു തുടങ്ങി മുകളിലേയ്ക്കാണ് ടാപ്പു ചെയ്തു കയറുന്നത്. പാലിന്റെ അസംസ്കൃതവസ്തുവായ അന്നജത്തിന്റെ പ്രഭവസ്ഥാനമായ ഇലച്ചില്‍ മുകളിലേയ്ക്കു വളര്‍ന്നുയരുന്നു, ടാപ്പിങ്ങിന്റെ ദിശയും മുകളിലേയ്ക്കുയരുന്നു. അസംസ്കൃതവസ്തുവിന് ഒരിക്കലും തടസ്സം നേരിടുന്നില്ല. അതുകൊണ്ടുതന്നെ പാലിലെ റബ്ബര്‍ അംശം സ്ഥിരമായി ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. മരംമുകളിലേക്ക് വളര്‍ന്നുയരുന്നതിനനുസരിച്ച് ടാപ്പിങ് പാനലും മുകളിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുപോകാം. ഈ രീതിയില്‍ വെട്ടുമ്പോള്‍ ശരാശരി 45 ശതമാനം ഉല്പാദന വര്‍ധനയായി ലഭിച്ചുകൊണ്ടേയിരിക്കും. ഈ ഉയര്‍ന്ന തോതിലെ ഉല്പാദന വര്‍ധനയോടുകൂടിത്തന്നെ മരത്തിന്റെ ആദായകരമായ ഉല്പാദനകാലം നിലവിലുള്ള രീതിയെ അപേക്ഷിച്ച്നേരെ ഇരട്ടിയാകും. ഇപ്പോള്‍ 25 കൊല്ലം മാത്രം ആയുസ്സുള്ള മരത്തില്‍ നിന്ന് 50 കൊല്ലക്കാലം ഉല്പാദനമെടുക്കാം. ഒരു റീപ്ലാന്റിങ് ഒഴിവാക്കാം. കര്‍ഷകനു ഉല്പാദനവര്‍ധന മൂലം ലാഭം, ടാപ്പര്‍ക്ക് തൊഴിലവസര വര്‍ധന, വേതന വര്‍ധന, മണ്ണിനു ജൈവവളസമൃദ്ധി. ഈ അതിശയകരമായ ഗുണവിശേഷങ്ങള്‍ തികഞ്ഞ ടാപ്പിങ് രീതിയെ ചരിഞ്ഞ പാനലില്‍ മേല്പോട്ടുവെട്ടല്‍ എന്നു വിളിക്കുന്നു. ഒന്നുണ്ട്. വെട്ടുചാലിലൂടെ ഒഴുകിയിറങ്ങുന്നതു കൂടാതെ അല്പസ്വല്പം പാല്‍ വഴിമാറിയൊഴുകി നഷ്ടപ്പെട്ടേക്കാം. ഇതു ഫലപ്രദമായി തടയാനുള്ള ഒരു ലഘുഉപകരണം _ റബ്ബര്‍ നിര്‍മിതം _ വികസിപ്പിച്ചെടുത്തത് വെട്ടുചാലിനു താഴെയായി ഒട്ടിച്ചു കൊടുക്കുകയേ വേണ്ടു. ഒരു നൂറ്റാണ്ടിലേറെക്കാലമായി തെറ്റായ ടാപ്പിങ് രീതി അനുവര്‍ത്തിച്ചു പോന്നു. ഉല്പാദനക്ഷമത തീര്‍ത്തും കുറഞ്ഞു. മരങ്ങളുടെ പട്ട മരച്ചു. 105 എന്നയിനം വികസിച്ചതോടെ അതിന്റെ അധികരിച്ച ഊര്‍ജസ്വലതമൂലം പട്ടമരപ്പു അധികമായി. തന്മൂലം ടാപ്പിങ്ങിന്റെ ഇടവേള രണ്ടു ദിവസത്തിലൊരിക്കല്‍ എന്നതില്‍ നിന്ന് 3, 4, 7 ദിവസങ്ങളിലൊരിക്കല്‍ എന്നവിധത്തില്‍ വര്‍ധിപ്പിച്ചു. അതോടെ ഉയര്‍ന്നതോതില്‍ രാസഉത്തേജകവസ്തുവായ എത്രേല്‍ പ്രയോഗത്തോടെയുള്ള ടാപ്പിങ് തുടങ്ങി. പട്ടമരച്ച മരങ്ങളില്‍ നിയന്ത്രിത കമഴ്ത്തിവെട്ട് തുടങ്ങി. അതും ഉത്തേജകവസ്തു പ്രയോഗത്തോടെ. രാജ്യത്തെ മുഴുവന്‍ വന്‍കിടത്തോട്ടങ്ങളിലും ഏറെ ചെറുകിടത്തോട്ടങ്ങളിലും ഇടവേള കൂടിയ ടാപ്പിങ് സമ്പ്രദായം പ്രചരിപ്പിച്ചു കഴിഞ്ഞു എന്നതാണ് റബ്ബര്‍ ബോര്‍ഡ് അറിയിക്കുന്നത്. രാസവിഘടനം സംഭവിക്കാതെ പ്രകൃതിയില്‍ ദീര്‍ഘകാലം നിലനിന്ന് ഗുരുതരമായ മലിനീകരണം സൃഷ്ടിക്കുന്ന ഒന്നാണ് ഈ എത്രേല്‍ എന്ന രാസവസ്തു. ശരീരത്തിലെ കൊഴുപ്പില്‍ അലിഞ്ഞു ചേര്‍ന്ന് അല്പാല്പമായി വര്‍ധിച്ച് ഒടുവില്‍ മാരക രോഗങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണിത്. സസ്യങ്ങളിലൂടെ കന്നുകാലികളിലും അവയുടെ പാല്‍, മാംസം എന്നിവയിലൂടെ മനുഷ്യരിലും എത്തി മാരക രോഗങ്ങള്‍ക്കു വഴിവെയ്ക്കാന്‍ കഴിവുള്ളവയാണ് ഇവ. പത്തിലേറെ കൊല്ലങ്ങളായി ഉപയോഗത്തിലിരിക്കുന്ന ഇത് ഇതിനോടകം തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞിരിക്കും എന്നു തീര്‍ച്ചയാണ്. അമേരിക്കന്‍ കമ്പനിയായ Rhome Poulene ന്റെ ഉല്പന്നമാണ് ഈ രാസഉത്തേജകവസ്തു. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ കൃത്രിമരാസവസ്തു ഉപയോഗത്തോടെയുള്ള ടാപ്പിങ് സമ്പ്രദായങ്ങള്‍ ബോര്‍ഡ് രാജ്യത്ത് പ്രചരിപ്പിക്കു
ന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത.

ടാപ്പിങ് ഇടവേള വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയോടെ ടാപ്പിങ് ദിനങ്ങള്‍ കുറഞ്ഞു. ഇതുമൂലം മഴക്കാല ടാപ്പിങ് അനിവാര്യമായി മാറി. അങ്ങനെ റെയിന്‍ ഗാര്‍ഡിങ്ങിന്റെ സഹായത്തോടെ മഴക്കാല ടാപ്പിങ് തുടങ്ങി. മഴക്കാലത്ത് പട്ടയിലെ ടാപ്പിങ് മുറിവിലൂടെ അണുബാധയുണ്ടായി പട്ട അഴുകല്‍ രോഗം വ്യാപകമായി. അതിനായുള്ള കുമിള്‍നാശിനി പ്രയോഗം അനിവാര്യമായി.

1996ല്‍ തന്നെ റബ്ബര്‍ ബോര്‍ഡിന് സ്വന്തം ഗവേഷണ സ്ഥാപനത്തില്‍ തന്നെ വികസിപ്പിച്ച ലോകത്താകമാനം തന്നെ പുതുപുത്തനായ IUT എന്ന ടാപ്പിങ് സമ്പ്രദായം കര്‍ഷകരിലെത്തിക്കാമായിരുന്നു.

ബോര്‍ഡിന്റെ തന്നെ കണക്കുകള്‍ പ്രകാരം 1500 ലേറെ കോടി രൂപയുടെ നഷ്ടമാണ് റബര്‍‍ത്തോട്ട വ്യവസായത്തിന് ഈ കൃത്യവിലോപംമൂലം നഷ്ടമായതെന്നോര്‍ക്കണം. ഇതിനു പുറമെയാണ് അനാവശ്യമായി സൃഷ്ടിക്കപ്പെട്ട തെറ്റായ ടാപ്പിങ് സമ്പ്രദായം വഴി സൃഷ്ടിക്കപ്പെട്ട_പട്ട മരവിപ്പിന്റെ കാരണം തേടിയുള്ള ഗവേഷണത്തിനായി ചെലവഴിച്ച കോടികള്‍ ടാപ്പിങ് തൊഴിലാളികള്‍ക്കുണ്ടായ തൊഴിലവസര നഷ്ടം, വേതനനഷ്ടം, പരിസരമലിനീകരണം, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവ ഇതിനു പുറമെയും.

ഈ ഗുരുതരമായ കൃത്യവിലോപത്തിന്റെ ഗൌരവത്തില്‍ നിന്ന് ബഹുജനശ്രദ്ധ തിരിയ്ക്കാനാണ് രണ്ടു പുതിയ ക്ലോണുകള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ അന്തകക്ലോണുകള്‍ പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നത്. ഒരു തെറ്റുമറയ്ക്കാന്‍ ഗുരുതരമായ മറ്റൊന്ന്. തെറ്റു മനസ്സിലാക്കി അതു തിരുത്തലല്ലാതെ മറ്റുമാര്‍ഗമില്ലതന്നെ. ബോര്‍ഡ് അടിയന്തരമായി അനുവര്‍ത്തിക്കേണ്ട നടപടികള്‍ ഇവയാണ്.

ചരിഞ്ഞ പാനലില്‍ മേല്പോട്ടു വെട്ടല്‍ ഉടനടി ശുപാര്‍ശ ചെയ്ത് കര്‍ഷകരെക്കൊണ്ടു നടപ്പിലാക്കിക്കുക.

നിലവിലുള്ള താഴോട്ടു വെട്ടല്‍ അവയ്ക്കാവശ്യമായ എത്രേല്‍ പ്രയോഗം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നിരോധിക്കുക.

RRII 414, 430 എന്ന പുതിയ ഇനം ക്ലോണുകള്‍ ഉടനടി ശുപാര്‍ശയില്‍ നിന്നെടുത്തു കളയുക. നട്ടുകഴിഞ്ഞവയെ ഉടനടി പിഴുതു കളയിച്ച് പുനര്‍നടീലിനു നഷ്ടപരിഹാരം നല്‍കുക.

എല്‍. തങ്കമ്മ
മൈക്കോളജിസ്റ്റ് (റിട്ട), റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

എനിക്കുള്ള വിയോജിപ്പ്‌ ചുവടെ ചേര്‍ക്കുന്നു.

ജലവും ലവണങ്ങളും മരത്തിനുള്ളിലുള്ള സൈലത്തിലൂടെ മുകളിലെത്തി ഇലകളുണ്ടാകുവാനും മരത്തെ വളരുവാനും സഹായിക്കുന്നു. അവിടെനിന്ന്‌ ഇലപ്പച്ചയുടെ ഇന്ദ്രജാലം അന്നജം ലഭ്യമാക്കുകയും അത്‌ ഫ്ലോയത്തിലൂടെ താഴേയ്ക്ക്‌ എല്ലാ കോശങ്ങള്‍ക്കും ലഭ്യമാക്കിക്കൊണ്ട്‌ വേരിലെത്തി വേരുകളെ വളരുവാന്‍ സഹായിക്കുന്നു. തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്നത് കേമ്പിയം അഥവാ തണ്ണിപ്പട്ടയാണ്. അതിനര്‍ത്ഥം തടിയും പട്ടയും വളരുന്നത്‌ മുകളില്‍ നിന്ന്‌ താഴേയ്ക്ക്‌ ആണ് എന്നുതന്നെയാണ്. അതിനാല്‍ മുകളില്‍ നിന്ന്‌ താഴേയ്ക്ക്‌ വെട്ടിയിറങ്ങിയാല്‍ വളര്‍ച്ചയും അപ്രകാരം നടന്നുകൊള്ളും. പുറം പട്ടയിലുള്ള ലെന്റി സെല്ലുകളിലൂടെ നടക്കുന്ന പ്രകാശ സംശ്ലേഷണവും, ശ്വസനവും, ആഹാര സംഭരണവുമാണ് ലാറ്റെക്സ്‌ ലഭ്യമാകുവാന്‍ കാരണമാകുന്നത്‌. എഥിഫോണ്‍ പുരട്ടിയാല്‍ താഴെനിന്നുമാത്രമെ കറയെ ഒഴുക്കിയെടുക്കുവാന്‍ കഴിയുകയുള്ളു. മുകളിലുള്ള കട്ടിയുള്ള കറ താഴേയ്ക്ക്‌ വരികയില്ല. ഇലപ്പച്ചയിലെ മഗ്നീഷ്യമെന്ന ലോഹമൂലകമാണ് അന്നജം ലഭ്യമാക്കുന്നത്‌. അതിന്റെ കുറവാണ് പട്ടമരപ്പിന് കാരണം.

കൂടാതെ സെക്കന്‍‌ഡറി തിക്കനിംഗ്‌ ഓഫ്‌ ഡൈകോട്‌ സ്റ്റെം എന്ന പോസ്റ്റും ലഭ്യമാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: